ലോക്ഡൗൺ, ഇന്ധന വിലവർധന: സമസ്തമേഖലയും പ്രതിസന്ധിയിൽ
text_fieldsകോട്ടയം: ലോക്ഡൗണും കുതിച്ചുയരുന്ന ഇന്ധനവിലയും ജനജീവിതത്തിെൻറ സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. അടിക്കടിയുള്ള എണ്ണവില വർധന വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ഒട്ടും ചെറുതല്ല. അവശ്യസാധനങ്ങൾക്കടക്കം വില കുതിക്കുകയാണ്.
എന്തിനും ഏതിനും അന്തർ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാകും ദുരിതം ഏറെയും പേറുക. വിലക്കയറ്റം സാധാരണക്കാരെൻറ കുടുംബ ബജറ്റും തകർത്തു. വരുമാനമില്ലാത്ത അവസ്ഥയിൽ പലരും ജീവിക്കാൻ നെട്ടോട്ടത്തിലാണ്. പാചകവാതകത്തിന് പിന്നാലെ പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും വിലവർധിക്കുകയാണ്. 20-30 ശതമാനം വരെയാണ് വർധന. സംസ്ഥാന അതിർത്തികളിൽ കർശന നിയന്ത്രണം വന്നതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വരവും കുറഞ്ഞു. അയൽ സംസ്ഥാനങ്ങളിലെല്ലാം ലോക്ഡൗൺ നീട്ടിയതും തിരിച്ചടിയായി. അവശ്യസാധന ലഭ്യത വരുംദിവസങ്ങളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരികളും മുന്നറിയിപ്പ് നൽകുന്നു.
ലോക്ഡൗണിനെത്തുടർന്ന് മിക്കസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇൗ സാഹചര്യത്തിലും പലസാധനങ്ങൾക്കും വിലകുതിക്കുകയാണ്. അവശ്യസാധനങ്ങളുടെ സ്റ്റോക്കും പരിമിതമാണ്. കൃത്യമായി സംഭരിക്കുന്നതിൽ സർക്കാർ ഏജൻസികളും പരാജയമാണ്. സൈപ്ലകോയിലടക്കം അവശ്യസാധനങ്ങളുടെ ലഭ്യത പരിമിതമാണെന്നാണ് റിപ്പോർട്ട്. പലതും കിട്ടാനില്ല. തമിഴ്നാട്ടിൽനിന്നുള്ള പഴം-പച്ചക്കറി വരവ് പകുതിയായെന്ന് മൊത്തക്കച്ചവടക്കാർ വെളിപ്പെടുത്തി.
പ്രതിദിനം 100-150 ലോഡ് വരെ പച്ചക്കറികളും പലവ്യഞ്ജനങ്ങളും എത്തിയിരുന്ന മാർക്കറ്റുകളിൽ ഇപ്പോൾ 50ൽ താഴെയാണ് ചരക്കുലോറികളുടെ വരവ്. ഇന്ധന വിലവർധന ലോറിക്കൂലിയിലും വൻവർധന വരുത്തിക്കഴിഞ്ഞു. ചരക്കുനീക്ക ചെലവ് കൂടുന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ വ്യക്തമാക്കി. ചരക്കുകൂലി വർധന താങ്ങാവുന്നതിലും അപ്പുറമായെന്നും കച്ചവടക്കാർ പറയുന്നു. മുട്ടവ്യാപാരവും പ്രതിസന്ധിയിലാണ്.
വീടുനിർമാണങ്ങൾ നിലക്കുന്നു
നിർമാണസാമഗ്രികളടക്കം അവശ്യസാധനങ്ങൾക്കെല്ലം വില വർധിച്ചതോടെ വീടുകളുടെയും മറ്റും നിർമാണം ബഹുഭൂരിപക്ഷവും നിർത്തിവെച്ചു. കമ്പി, സിമൻറ്, എം സാൻഡ് അടക്കം എല്ലാത്തിനും ദിവസവും വില കുതിക്കുകയാണ്. 20മുതൽ 40 ശതമാനം വരെയാണ് വർധന. വരും ദിവസങ്ങളിൽ എല്ലാസാധനങ്ങൾക്കും ഇപ്പോഴുള്ളതിെൻറ 10-20 ശതമാനം വരെ വിലവർധിക്കുമെന്ന സൂചനകളും പുറത്തുവരുന്നു.
സിമൻറ് വില ഇനിയും വർധിക്കുമെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, വിലവർധന ലോക്ഡൗണിെൻറ മറവിൽ ചർച്ചയാകുന്നില്ല. ഇന്ധന വിലവർധനയുടെ പേരിൽ പ്രതിഷേധവുമില്ല. അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ സർക്കാറും വിവിധ സംഘടനകളും നൽകുന്നതിനാൽ പൊതുവിപണിയിലെ വിലക്കയറ്റം ചർച്ചയാകുന്നില്ലെന്നും വിവിധ സംഘടനകൾ പറയുന്നു. വിലക്കയറ്റത്തോട് പ്രതികരിക്കാൻ രാഷ്ട്രീയനേതൃത്വവും തയാറാകുന്നില്ല.
സംഭരണത്തിലെ വീഴ്ചയും പ്രതിസന്ധി
സംഭരണത്തിലെ വീഴ്ചയും പ്രതിസന്ധിക്ക് കാരണമായി. നെല്ലുസംഭരണം ഇനിയും പൂർത്തിയായിട്ടില്ല. മഴയിൽ ടൺകണക്കിന് നെല്ല് നശിച്ചു. ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പല ഉൽപന്നങ്ങൾക്കും വരവും ചെലവും പൊരുത്തപ്പെടാനാവാത്ത സാഹചര്യം സംജാതമായതോടെ ബഹുഭൂരിപക്ഷം കർഷകരും കൃഷിക്ക് ഇടവേള നൽകിക്കഴിഞ്ഞു.
കനത്ത മഴയും കാലാവസ്ഥവ്യതിയാനവും വിലയിടിവും പേറുന്ന കർഷകർക്ക് സർക്കാർ ആശ്വാസ നടപടി പ്രഖ്യാപിക്കാത്തതും തിരിച്ചടിയാണ്. കപ്പയും പഴവർഗങ്ങളും ചേനയും ഇഞ്ചിയും ആർക്കും വേണ്ടാത്ത സാധനങ്ങളായി മാറി. റബർ മേഖലയും ദുരിതത്തിലാണ്. വില കൂടുേമ്പാൾ ഉൽപന്നം വിപണിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥ. വിപണി നിർജീവമായതോടെ കർഷകർക്ക് വായ്പ നൽകാൻപോലും ബാങ്കുകൾ തയാറാകുന്നില്ല. സ്വർണപ്പണയത്തിൽ മാത്രമാണ് ബാങ്കുകൾക്ക് താൽപര്യം.
പലരും സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ്. യാത്രച്ചെലവ് കൂടിയതിനൊപ്പം ചരക്കുനീക്ക ചെലവും വർധിച്ചതോടെ ടാക്സി വാഹനങ്ങളും ഓട്ടോറിക്ഷകളും നിരക്ക് വർധന ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോഴത്തെ നിരക്കിൽ ഒാടാൻ കഴിയിെല്ലന്ന് ഡ്രൈവർമാർ പറയുന്നു.
വരുംദിവസങ്ങളിൽ ബസുകൾ നിരത്തിലിറക്കാൻ അനുമതി നൽകിയാലും സർവിസിന് ബസുടമകൾ മടിക്കുകയാണ്. ഡീസൽ വിലവർധനയുടെ അടിസ്ഥാനത്തിൽ എങ്ങനെ സർവിസ് നടത്തുമെന്ന് ബസ് ഉടമകൾ ചോദിക്കുന്നു. നിരക്കുവർധനയാണ് അവരുടെയും ലക്ഷ്യം.
അസംസ്കൃത വസ്തുക്കളുടെയും സ്പെയർപാർട്സിെൻറയും വിലവർധനയും ചൂണ്ടിക്കാട്ടുന്നു. സ്പെയർപാർട്ടുകൾ 80 ശതമാനവും അന്തർസംസ്ഥാനങ്ങളിൽനിന്നാണ് എത്തിക്കുന്നത്. ഇവിടെയും ചരക്കുകൂലിതന്നെ വില്ലൻ.
കൊയ്യാനും മെതിക്കാനും കളവെട്ടാനും കാടുതെളിക്കാനും ഉൾപ്പെടെ മിക്ക മേഖലയിലും കർഷകർ ഇപ്പോൾ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ധനവില വർധന ഇതിെൻറ വാടക അടക്കം ചെലവുകളിലും ഗണ്യമായ വർധന സൃഷ്ടിച്ചേക്കാം. അന്തർ സംസ്ഥാന തൊഴിലാളികൾ കേരളം വിട്ടതും കാർഷികമേഖലക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.