മലപ്പുറത്ത് നിയന്ത്രണങ്ങള്‍ക്ക് ഇളവ്; ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ കണ്ടെയെന്‍മെന്‍റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജില്ല കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ജില്ലയില്‍ ഞായാറാഴ്ചകളിലുണ്ടായിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി.
രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, ടീ ഷോപ്പുകള്‍ അടക്കമുളള ഭക്ഷണശാലകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം.
പാര്‍സല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്്തംബര്‍ 20 വരെ വിവാഹ ചടങ്ങുകളില്‍ പരമാവധി 50 ആളുകള്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്കും പങ്കെടുക്കാം.
സെപ്തംബര്‍ 21 മുതല്‍ വിവാഹ-മരണാനന്തര ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാം. സാമൂഹിക അകലം, സാനിറ്റൈസര്‍ സൗകര്യം, തെര്‍മല്‍ സ്‌കാനിങ് എന്നിവ ചടങ്ങുകളില്‍ ഉറപ്പാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്‍ററുകൾ, സിനിമ ഹാള്‍, സ്വിമ്മിങ്ങ് പൂള്‍, എന്‍റർടെയ്ൻമെന്‍റ് പാര്‍ക്ക് തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. ജില്ലയില്‍ കണ്ടെയ്ൻമെന്‍റ് സോണുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ തുടരും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലകലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.