ലോക്ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കിയ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച് പരിശോധിച്ചാൽ ഇതിൽ അധികം അത്ഭുതപ്പെടാനില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും ആത്മവിശ്വാസത്തോടെ നമുക്ക് പറയാനാകും.
കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനം വൈകിയാണുണ്ടായത്. ഒരു ഘട്ടത്തിൽ ടി.പി.ആർ 40 വരെ എത്തിയിരുന്നു. രോഗികൾ വളരെ വർധിച്ചിട്ടും ആശുപത്രികളിൽ കൃത്യമായ ചികിത്സ നൽകാൻ കഴിഞ്ഞു -മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ കേരളത്തിൽ കൂടുതലായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതിലും എത്രയോ ഇരട്ടിയാണ് മറ്റ് സംസ്ഥാനങ്ങളിൽ മരണമെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അത്തരമൊരു അവസ്ഥയില്ല.
ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും വ്യാപനം വേഗത്തിലാക്കി. ഡെൽറ്റ വൈറസ് രോഗം വന്ന് ഭേദമായവരിലും വാക്സിൻ എടുത്തവരിലും ഉള്ള പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ രോഗം വന്നവർക്കും വാക്സിൻ എടുത്തവർക്കും രോഗബാധ വരാനിടയായി. ഇത്തരക്കാരിൽ മരണം കുറവാണെന്നത് ആശ്വാസകരമാണ്.
വാക്സിൻ ലഭ്യമാകുന്നതു വരെ രോഗം വ്യാപിക്കുന്നത് തടഞ്ഞ് മരണം പരമാവധി ഒഴിവാക്കുക എന്ന നയമാണ് നമ്മൾ സ്വീകരിച്ചത്. രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാനല്ല സംസ്ഥാനം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനാണ് -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 14,087 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 14,489 ആയി. 10.7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.