ഗുരുവായൂർ ക്ഷേത്രത്തിലെ ലോക്ഡൗൺ ലംഘനം: കീഴ്ശാന്തിക്ക് ദേവസ്വം കുറ്റപത്രം നൽകി
text_fieldsഗുരുവായൂർ: ക്ഷേത്രത്തിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയോട് ദേവസ്വം ഭരണ സമിതി വിശദീകരണം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് കുറ്റപത്രം നൽകിയ നടപടി ഭരണ സമിതി ശരിവെച്ചു. ആനത്താവളത്തിൽ മദ്യസൽക്കാരം നടത്തിയെന്ന ആരോപണത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശശിധരൻ, അസിസ്റ്റൻറ് മാനേജർ ഹരിദാസ്, ഡ്രൈവർ സുഭാഷ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു.
ചീഫ് ഫിനാൻസ് അക്കൗണ്ട്സ് ഓഫിസർ മനോജ് കുമാറിനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ദേവസ്വം ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ച ഡ്രൈവർ സുഭാഷിനെ കഴിഞ്ഞ ഏപ്രിൽ 29ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു.
ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു.
കീഴ്ശാന്തിമാർക്ക് ദേവസ്വം സഹായം നൽകും
ലോക്ഡൗൺ മൂലം ഗുരുവായൂർ ക്ഷേത്രം അടഞ്ഞു കിടക്കുന്ന സാഹചര്യം പരിഗണിച്ച് പാരമ്പര്യ ജീവനക്കാർക്ക് ആശ്വാസധനം നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 13 കീഴ്ശാന്തി കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകും.
ഇതിന് പുറമെ 80 കീഴ്ശാന്തിമാർക്ക് പ്രതിമാസം 3000 രൂപ വീതവും നൽകും. ഈ തുക തിരിച്ചടക്കേണ്ടതില്ല. ക്ഷേത്രത്തിലെ കഴകക്കാരുടെയും ഇതര പാരമ്പര്യ ജീവനക്കാരുടെയും പട്ടിക തയാറാക്കി അവർക്ക് സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.