ഡബ്ല്യു.ഐ.പി.ആർ ഏഴിന് മുകളിലായാൽ ലോക്ഡൗൺ; തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര രോഗവ്യാപന നിരക്ക് (ഡബ്ല്യു.ഐ.പി.ആർ) ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യൂ. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും. അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട് .
ഇന്നത്തെ സ്ഥിതിയും അതിന്‍റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്കരിക്കാന്‍ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കല്‍ കോളജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ ആ യോഗത്തില്‍ പങ്കെടുപ്പിക്കും. സെപ്തംബര്‍ ഒന്നിന് ഈ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 21,468 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.