ലോക്കോ പൈലറ്റ് സമരം; കടുത്ത നടപടിയുമായി റെയിൽവേ
text_fieldsപാലക്കാട്: ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം ഒരാഴ്ച പിന്നിട്ടതോടെ കടുത്ത നടപടികളുമായി റെയിൽവേ. പീരിയോഡിക്കൽ അവധിയെടുത്ത 32 ജീവനക്കാർക്ക് കുറ്റപത്രം നൽകുകയും ഒരാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. മംഗലാപുരത്ത് ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ഡിവിഷൻ പരിധിയിൽ 80 പേരും തിരുവനന്തപുരം ഡിവിഷനിൽ 40 പേരുമാണ് പീരിയോഡിക്കൽ ലീവ് എടുത്തത്. പിതാവിന്റെ ചികിത്സക്കുവേണ്ടി അവധിക്ക് അപേക്ഷിച്ച കോട്ടയം സ്വദേശിക്ക് അവധി നൽകാതിരിക്കുകയും പിതാവ് മരിച്ചപ്പോൾ മാത്രം അവധി അനുവദിച്ചതായും പരാതിയുണ്ട്.
ജൂൺ ഒന്നു മുതലാണ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. അതേസമയം, ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ആഴ്ചയിൽ 46 മണിക്കൂർ അവധി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 30 മണിക്കൂർ വരെ മാത്രമേ അവധി ലഭിക്കുന്നുള്ളൂ. 14 ദിവസത്തേക്ക് 104 മണിക്കൂർ എന്നതാണ് ഒരു റെയിൽവേ പൈലറ്റിന്റെ ജോലിസമയം. എന്നാൽ, ജീവനക്കാരുടെ കുറവ് കാരണം 120 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 40 മുതൽ 60 ഡിഗ്രി വരെ ചൂടിൽ എ.സി ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ശുചിമുറിയും കുടിവെള്ള സൗകര്യവുമില്ല. മഴ പെയ്താൽ കുട പിടിച്ച് ഇരിക്കേണ്ട സാഹചര്യമാണ് പല എൻജിനിലും. മഴയത്ത് വൈപ്പർ പോലും പല ട്രെയിനുകളിലും പ്രവർത്തിക്കുന്നില്ല. 10 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ എൻജിനിൽ ഇല്ലെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ കുറവ് കാരണം നിലവിലുള്ള ജീവനക്കാരെ അധിക സമയം ജോലി ചെയ്യിപ്പിച്ചാണ് റെയിൽവേ ട്രെയിൻ ഓടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.