ലോക്കോ പൈലറ്റുമാരുടെ സമരം; ഗുഡ്സ് ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsകോഴിക്കോട്: ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നടത്തുന്ന സമരം കാരണം ഗുഡ്സ് ട്രെയിൻ സർവിസുകൾ വെട്ടിക്കുറച്ച് റെയിൽവേ.
ലോക്കോ പൈലറ്റുമാരില്ലാതെ പാസഞ്ചർ സർവിസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് റെയിൽവേ ഗുഡ്സ് സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം നേരത്തെ തന്നെ ഗുഡ്സ് സർവിസുകൾക്ക് ചെറിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സമരം തുടങ്ങിയതോടെ കൂടുതൽ ചരക്കുവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് ചരക്കു ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്.
ദക്ഷിണ റെയിൽവേയിൽ ലോക്കോ പൈലറ്റുമാർ ആരംഭിച്ച സമരം 11 ദിവസം പിന്നിട്ടു. 46 മണിക്കൂർ പ്രതിവാര വിശ്രമം, തുടര്ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാക്കി ചുരുക്കുക, 48 മണിക്കൂറിനകം ഹോം സ്റ്റേഷനിൽ തിരിച്ചെത്തിക്കുക, 10 മണിക്കൂറിൽ അധികം ജോലി പാടില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോക്കോ പൈലറ്റുമാർ സമരം നടത്തുന്നത്.
വാരാന്ത്യ അവധിയിൽ പോവുന്ന ജീവനക്കാർ 46 മണിക്കൂർ കഴിഞ്ഞേ ജോലിയിൽ പ്രവേശിക്കുകയുള്ളൂ എന്ന് എഴുതിനൽകിയാണ് സമരം ചെയ്യുന്നത്. നിലവിൽ 30 മണിക്കൂറാണ് ഇവർക്ക് വിശ്രമം അനുവദിക്കുന്നത്. ഇതിനുശേഷമുള്ള സമയം ജീവനക്കാർ ലീവ് മാർക്ക് ചെയ്യും. യാത്രാ സർവിസുകളെ ബാധിക്കാത്ത രീതിയിലാണ് ജീവനക്കാർ സമരം നടത്തുന്നത്. യാത്രാ സർവിസുകളെ ബാധിച്ചാൽ ജനവികാരം എതിരാവുമെന്നതിനാലാണിത്.
സമരം തുടങ്ങി രണ്ടാം ദിവസം തിരുവനന്തപുരത്ത് 46 മണിക്കൂർ വരാന്ത്യവിശ്രമം എഴുതിവെച്ച ലോക്കോപൈലറ്റിന് പകരം ആളെ വിളിച്ചുവരുത്താതെ സർവിസ് മുടക്കാനുള്ള ശ്രമം റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഇത് ജീവനക്കാർതന്നെ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ജനവികാരം എതിരാക്കി സമരത്തെ നേരിടാൻ റെയിൽവേ ശ്രമിക്കുമെന്നതിനാൽ പാസഞ്ചർ സർവിസ് മുടങ്ങാതെയാണ് തങ്ങൾ സമരവുമായി മുന്നോട്ടുനീങ്ങുന്നതെന്നും സർവിസ് തടസ്സപ്പെടുത്തൽ തങ്ങളുടെ ലക്ഷ്യമല്ലെന്നും സംഘടന നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.