പട്ടയഭൂമിയിലെ മരംമുറി: റവന്യൂ സെക്രട്ടറിക്കെതിരെ പടനീക്കം
text_fieldsകൊച്ചി: മരംമുറി ഉത്തരവ് വിവാദമായതിന് തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെകട്ടറി ഡോ.എ.ജയതിലകിനെതിരെ പടനീക്കം. അനധികൃത പാറപൊട്ടിച്ച ക്വാറി മാഫിയ മുതൽ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ കസേര സ്വപ്നം കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർവരെ ഇക്കാര്യത്തിൽ രംഗത്തിറങ്ങിയെന്ന് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.
സർക്കാരിൻെറ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൻെറ പല തീരുമാനത്തിലും മന്ത്രി ഇ. ചന്ദ്രശേഖരൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അത് സി.പിഎം- സി.പി.ഐ തർക്കമായും മാറിയിരുന്നു. പിന്നിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്ന് ഇവർക്ക് തിരിച്ചറിഞ്ഞതോടെ ജയതിലക് പലരുടെയും കണ്ണിലെ കരടായി. മുൻ സർക്കാരിൻെറ അവസാനകാലത്ത് വഴിവിട്ട തീരുമാനങ്ങളുമായെത്തിയ പല ഫയലുകളും സെക്രട്ടറി തടഞ്ഞിരുന്നു. ട്രിവാൻഡ്രം ടെന്നീസ് ക്ലബിൻെറ പാട്ടം ഇളവ് നൽകാനുള്ള തീരുമാനത്തോട് വിയോജിച്ചതും വിവാദമായി.
ഹാരിസൺസ് ഭൂമി സംബന്ധിച്ച് സിവിൽകേസ് നൽകാനുള്ള നടപടി സാവധാനം മതിയെന്നായിരുന്ന ഉന്നതതല നിർദേശം. എന്നാൽ, അടിയന്തിരമായി സിവിൽകേസ് നൽകാൻ ജില്ലാ കലക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് നിർദേശം നൽകി. ക്വാറി മുതലാളിമാർക്ക് സഹായം നൽകിയ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയെ കൈയോടെ പിടിച്ചു. അന്വേഷണത്തിൽ അദ്ദേഹത്തിൻെറ ഭാര്യക്ക് ക്വാറികളിലൊന്നിൽ ഓഹരിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ആ ചുമതലയിൽനിന്ന മാറ്റി. മുൻ പ്രിൻസിപ്പൽ സെക്രട്ടറി വേണുവിൻെറ സ്വന്തം ആളായിരുന്നു ഈ അഡീഷണൽ സെക്രട്ടറി.
തൊട്ടു പിന്നാലെ അനിയന്ത്രിതമായി പാറപൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. ഇതും ക്വാറി മാഫിയക്ക് ശത്രുവായി. കുന്നത്തുനാട്ടിൽ നിയമവിരുധമായി നിലം നികത്തിയത് പിടിച്ചു. സാറ്റ് ലൈറ്റ് ചിത്രത്തിൽ നിലമാണെന്ന് തിരിച്ചറിഞ്ഞ് നികത്തൽ ഉത്തരവ് റദ്ദുചെയ്തു. നിലം ഡാറ്റാബാങിൽ ചേർത്തു.
ഇപ്പോൾ വിവാദമായ പട്ടയഭൂമിയിൽ മരം മുറിക്കാൻ ഉത്തരവിനായി വാദിച്ചത് മുൻ മന്ത്രി എം.എം.മണിയും ഇടുക്കിയിൽനിന്നുള്ള നേതാക്കളുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിവാദ ഉത്തരവ് പുറത്ത് വന്നത്. ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുന്നതിന് പട്ടയഭൂമിയിലെ മരം മുറിക്കുന്നതിന് ഉത്തരവിറക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുടെ വിയോജിപ്പിനെ മറികടക്കാൻ എ.കെ.ജി സെൻററിൽ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ച നടത്തി. പട്ടയം ഭൂമിയിലെ മരംമുറിക്കാൻ ഉത്തരവിട്ടില്ലെങ്കിൽ ഇടുക്കിയിലെ പഞ്ചായത്തുകളിൽ തോറ്റുപോകുമെന്നാണ് സി.പി.എം നേതാക്കൾ വാദിച്ചവെന്ന് സി.പി.ഐയുടെ ഉന്നതനേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.
അതിന് ശേഷമാണ് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ മരംമുറിക്ക് അനുകൂലനിലാപാട് സ്വീകരിച്ചത്. ഉത്തരവിൽ പലർക്കും ആശങ്കയുണ്ടായിരുന്നു. നിയമോപദേശത്തിലും ഉത്തരവ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. നിയമോപദേശം ലഭിച്ചയുടൻ വിവാദ ഉത്തരവ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പിൻവലിച്ചുവെങ്കിലും വയനാട് അടക്കം മരങ്ങങ്ങൾ നിലംപൊത്തിയിരുന്നു. അതേസമയം, ഈ വിവാദം മുതലാക്കി മുൻ റവന്യൂ പ്രിൻസിപ്പൽ വസെക്രട്ടി ഡോ.വി.വേണുവിനെ തിരിച്ചു കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. തോട്ടം മുതലാളിമാർക്കുവേണ്ടി റബ്ബർ മരങ്ങൾ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ് ഒഴിവാക്കി നൽകിയത് വേണുവാണ്. അത് നിയമ വിരുധമാണെന്ന് നയമോപദേശം ലഭിച്ചിട്ടും ഉത്തരവ് പിൻവലിച്ചിട്ടുമില്ല. മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ രാഷ്ട്രീയ തീരുമനമാണെന്ന് തുറന്നു പറഞ്ഞിട്ടും പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ചില പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നത് ആരെ സംരക്ഷിക്കാനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.