പൊതു-സ്വകാര്യ മേഖലകളിൽ ലോജിസ്റ്റിക് പാർക്കുകൾക്ക് അനുമതി
text_fieldsതിരുവനന്തപുരം: 10 ഏക്കറിലെ വലിയ ലോജിസ്റ്റിക് പാർക്കുകൾക്കും അഞ്ച് ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇൻറർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ആഭ്യന്തര റോഡ് ശൃംഖല പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്‍ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും.
നയം പ്രകാരം ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്സ് കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. ഈ കമ്മിറ്റിക്കായിരിക്കും മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ല് രൂപവത്കരിക്കാനും നയം നിർദേശിക്കുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പാക്കുക. ഇതിനു പുറമെ, പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോഓഡിനേഷൻ കമ്മിറ്റികളും നഗരതലത്തിൽ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപവത്കരിക്കും.
ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപവത്കരിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി ഏഴു കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് മൂന്നു കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടാകും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും സംസ്ഥാനത്ത് ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ അനുമതി നൽകുന്നുണ്ട്.
എന്താണ് ലോജിസ്റ്റിക്സ് മേഖല?
ഉൽപാദന സ്ഥലത്തുനിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്സ്. സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയില്‍, പോര്‍ട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉള്‍പ്പെടെ അന്താരാഷ്ട്ര തുറമുഖങ്ങളുടെയും സാന്നിധ്യവും ലോജിസ്റ്റിക്സ് മേഖലക്ക് അനുകൂല ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.