ലോകായുക്തയുടെ ചിറകരിയുന്നതിനോട് യോജിപ്പില്ല -കാനം
text_fieldsതിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ലോകായുക്ത ഓർഡിനൻസിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇടത് മുന്നണിയിൽ ചർച്ച നടന്നില്ല. ഇതുപോലെ നിയമം വരുമ്പോൾ ആശയവിനിമയം നടത്താറുണ്ട്. ഈ ഓർഡിനൻസിൽ അതുണ്ടായിട്ടില്ല. ഉള്ളടക്കം സംബന്ധിച്ച് തങ്ങൾ ഒരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ല. ഓർഡിനൻസ് ഇറക്കാനുള്ള അധികാരം ചോദ്യംചെയ്യുന്നില്ല. ചർച്ച നടന്നാൽ നിയമത്തിന്റെ ചിറകരിയുന്നതിന് പകരം വഴി കണ്ടെത്താനാകുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കാനം പറഞ്ഞു.
22 വർഷമായി ഇല്ലാത്ത വിഷയം ഇപ്പോൾ എങ്ങനെ ഉണ്ടായി. സഭയിൽ ഭൂരിപക്ഷമുണ്ട്. ഭേദഗതി വരുത്താം. എന്നാൽ ഇടതിനെ പിന്താങ്ങുന്ന ജനങ്ങൾക്ക് കൂടി ബോധ്യപ്പെടണം. അതുകൊണ്ടാണ് പ്രതിപക്ഷം പറയുന്നത് ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നത്.
ധിറുതി പിടിച്ച നടപടി പ്രതിപക്ഷത്തിന്റെ കൈയിൽ അടിക്കാനൊരു വടികൊടുക്കലാണ്. ഓർഡിനൻസിറക്കാൻ ബോധ്യപ്പെടുന്ന അടിയന്തര സാഹചര്യം വേണം. പരാമർശിച്ച ഹൈകോടതി വിധി 2017ലും 2020ലും വന്നതാണ്. നിയമസഭയുടെ ഉൽപന്നമാണ് നിയമം. അവിടെ ചർച്ച ചെയ്ത് മാറ്റാം. പാർട്ടി മന്ത്രിമാരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. ആരോപണം വന്നാൽ രാജിവെച്ച് അന്വേഷണം നേരിട്ട പാർട്ടിയാണ് സി.പി.ഐ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.