ലോക കേരളസഭ: അനധികൃത പണപ്പിരിവിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്.
പാവപ്പെട്ട പ്രവാസികൾ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്യമാണ് പിണറായി വിജയന്റെ ഈ നടപടി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാരുടെ യഥാർത്ഥ വർഗരാഷ്ട്രീയമാണ് പിണറായി വിജയൻ തുറന്ന് കാണിച്ചിരിക്കുന്നത്.
പണമുള്ളവർക്ക് തന്റെ അരികിൽ സീറ്റും പണമില്ലാത്തവർക്ക് കടക്ക് പുറത്ത് സന്ദേശവുമാണ് മുഖ്യമന്ത്രി നൽകുന്നത്. കമ്മ്യൂണിസം എന്ന ആശയത്തിന്റെ ജീർണതയാണ് മറനീക്കി പുറത്തുവരുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കാനും ഭക്ഷണം കഴിക്കാനും വരെ പണം വാങ്ങിക്കുന്ന സംഭവം ലോകത്ത് തന്നെ ആദ്യത്തേതായിരിക്കും. സംസ്ഥാനം സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ യാത്ര ഉപേക്ഷിക്കുകയും ലോക കേരളസഭ നിർത്തിവെക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.