നാളെ ബൂത്തിൽ ചേലക്കരയുടെ ചെരിവെങ്ങോട്ട് ?
text_fieldsതൃശൂർ: ഒരു മാസം നീണ്ട ശക്തമായ പ്രചാരണങ്ങൾക്കൊടുവിൽ അരങ്ങേറിയ ഗംഭീര കൊട്ടിക്കലാശത്തിനുശേഷം ചേലക്കര ബുധനാഴ്ച ഉപതെരഞ്ഞെടുപ്പിന് ബൂത്തുകളിൽ ക്യൂ നിൽക്കും. ചേലക്കര മണ്ഡല ചരിത്രത്തിൽ ആദ്യമായാണ് ഉപതെരഞ്ഞെടുപ്പ്.
കാൽ നൂറ്റാണ്ട് തുടർച്ചയായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലം ഇക്കുറിയും അത് ആവർത്തിക്കുമോ ? ഒരു പിടിയും തരാത്ത അടിയൊഴുക്കുകളാണ് പ്രചാരണകാലത്ത് അരങ്ങേറിയത്. ഫലം പ്രവചനാതീതം തന്നെ.
എൽ.ഡി.എഫ് പതിവുപോലെ ചിട്ടയായ പ്രചാരണങ്ങളിൽ മുന്നേറി. സ്ഥാനാർഥി യു.ആർ. പ്രദീപ് മണ്ഡലത്തിലെ മുക്കുമൂലകളിൽ എത്തി. മുഖ്യമന്ത്രി ചേലക്കരയിൽ ക്യാമ്പ് ചെയ്താണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണം നടത്തിയത്. കേന്ദ്ര-സംസ്ഥാന നേതാക്കളും എത്തി. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കുറഞ്ഞ ഭൂരിപക്ഷം ഉയർത്തുകയും സി.പി.എം ലക്ഷ്യമാണ്.
സ്ഥാനാർഥിയുടെ സൗമ്യസാന്നിധ്യം എല്ലാ ആരോപണങ്ങളും മറികടക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചോദ്യംചെയ്ത് യു.ഡി.എഫും പി.വി. അൻവർ എം.എൽ.എയും അടക്കം രംഗത്തെത്തിയിട്ടുണ്ട്. തോൽവി ഭയന്നാണ് പിണറായിയുടെ ചിത്രംപോലും വെക്കാത്തതെന്നാണ് പി.വി. അൻവർ പരിഹസിച്ചത്.
ചരിത്രത്തിലില്ലാത്തവിധം യോജിച്ച പ്രവർത്തനമാണ് യു.ഡി.എഫ്, പ്രത്യേകിച്ച് കോൺഗ്രസ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയാകാൻ കുപ്പായം തയ്ച്ചിരുന്ന കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ പാർട്ടിവിട്ട് പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ സ്ഥാനാർഥിയായിട്ടുപോലും കോൺഗ്രസ് കാര്യമായ പ്രതിരോധത്തിന് പോയില്ല.
സുധീറിനെതിരെ നടപടിയെടുത്ത് സഹതാപതരംഗത്തിന് വഴിയൊരുക്കിയുമില്ല. സ്ഥാനാർഥി പ്രഖ്യാപന സമയത്തെ കോൺഗ്രസിലെ പതിവായ പ്രതിഷേധങ്ങൾക്കൊടുവിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചേലക്കരയിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും കോൺഗ്രസായിരുന്നു. ലോക്സഭ സ്ഥാനാർഥിയായിരുന്നതിനാൽ മണ്ഡലത്തിൽ രമ്യ ഹരിദാസ് സുപരിചിതയാണ്.
സ്ത്രീവോട്ടുകളുടെ സമാഹരിക്കലിനൊപ്പം ഭരണവിരുദ്ധ വികാരം പരമാവധി മുതലാക്കലുമാണ് യു.ഡി.എഫ് ലക്ഷ്യം. ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന പി.വി. അൻവറിന്റെ ആവശ്യത്തെ തമാശയായി തള്ളിയ കോൺഗ്രസിന് മണ്ഡലം തിരിച്ചുപിടിക്കൽ അത്യാവശ്യമാണ്.
തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പി കരങ്ങളിലെത്തിച്ചുവെന്ന ക്രെഡിറ്റുമായാണ് എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ അടക്കം പ്രചാരണത്തിനിറങ്ങി. വർഗീയതയും പരമത വിദ്വേഷവുംതന്നെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണായുധം. മണ്ഡലത്തിലെ അന്തിമഹാകാളൻ വേലയുടെ വെടിക്കെട്ട് സി.പി.എം തടഞ്ഞുവെന്ന ‘തൃശൂർ പൂരം’ മോഡൽ വർഗീയ ആരോപണം ഇളക്കിവിട്ടതിനൊപ്പം മുനമ്പം വിഷയവും കത്തിക്കാൻ ശ്രമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.