വയനാട്ടിൽ പ്രിയങ്ക ബഹുദൂരം മുന്നിൽ
text_fieldsകൽപറ്റ: കൊട്ടിക്കലാശത്തോടെ പ്രചാരണത്തിന്റെ ആരവമടങ്ങിയ വയനാടൻ ഉപതെരഞ്ഞെടുപ്പ് ഗോദയിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിൽ. ഗാന്ധികുടുംബമെന്ന രാഷ്ട്രീയ പൈതൃകത്തിനുമപ്പുറം വൻജനകീയ പിന്തുണയുണ്ടെന്ന് ആദ്യ അങ്കത്തിൽ തന്നെ തെളിയിക്കണം. അതിന് കേവലമൊരു വിജയത്തിനപ്പുറം അതിഗംഭീരനേട്ടം തന്നെ അനിവാര്യം.
അതിനാൽ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതൃനിരയടക്കം കോൺഗ്രസ് പാർട്ടി ഒന്നടങ്കമാണ് വയനാട്ടിൽ സജീവമായത്. എണ്ണയിട്ട യന്ത്രം പോലെ മുസ്ലിം ലീഗും ഒപ്പം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മണ്ഡലത്തിലുടനീളം പ്രിയങ്കയുടെ വലിയ ചിത്രങ്ങളുള്ള പോസ്റ്റുകൾ പതിച്ചിരുന്നു. ആ ആവേശം അവസാനം വരെ യു.ഡി.എഫ് ക്യാമ്പിൽ ഒട്ടും ചോർന്നില്ല. കേരളം അടുത്തിടെ കണ്ടിട്ടില്ലാത്ത വൻ റോഡ്ഷോ നടത്തിയാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചത്.
തുടർന്ന്, രണ്ടാഴ്ചയോളം പ്രിയങ്ക മണ്ഡലത്തിൽ സജീവമായിരുന്നു. ഇന്ദിര ഗാന്ധിയോടുള്ള സാദൃശ്യം, മോദിയടക്കമുള്ളവർക്കുനേരെ കൂരമ്പെയ്യുന്ന ആവേശപ്രസംഗം, കുടുംബത്തിലൊരാളെന്ന തോന്നലുണ്ടാക്കൽ തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരങ്ങളാണ് പ്രിയങ്കയുടെ പരിപാടികൾക്കെല്ലാം ഒഴുകിയെത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായ സി.പി.ഐയുടെ സത്യൻ മൊകേരിയാണ് പ്രധാന എതിരാളി. എൻ.ഡി.എക്കായി ബി.ജെ.പിയുടെ നവ്യ ഹരിദാസ്. 2014ൽ യു.ഡി.എഫിന്റെ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലധികത്തിൽനിന്ന് 20,870ലേക്ക് കൂപ്പുകുത്തിക്കാൻ സത്യൻ മൊകേരിക്ക് കഴിഞ്ഞിരുന്നു.
2019ൽ രാഹുൽ ഗാന്ധിക്കെതിരെ എൽ.ഡി.എഫിനായി മത്സരിച്ചത് പരിചിതമുഖമല്ലാതിരുന്ന പി.പി. സുനീറായിരുന്നു. അന്ന് 4,31,770 എന്ന കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് രാഹുൽ വൻജയം നേടിയത്. എന്നാൽ, കഴിഞ്ഞ തവണ ദേശീയ നേതാവായ ആനി രാജ വന്നതോടെ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക അഞ്ചുലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് അവകാശവാദം. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന എൽ.ഡി.എഫ് പ്രചാരണം അവസാനമായപ്പോഴാണ് സജീവമായത്. അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു മുതൽ വൻപ്രചാരണമാണ് ബി.ജെ.പി നടത്തിയത്. 2019ൽ എൻ.ഡി.എക്കായി മത്സരിച്ച ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ തവണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 1,41,045 വോട്ട് നേടിയിരുന്നു. 7.25 ശതമാനമായിരുന്ന എൻ.ഡി.എയുടെ വോട്ടുവിഹിതം 13 ശതമാനമായി ഉയർന്നു.
കേന്ദ്രസഹായം കിട്ടാത്തത് സജീവ ചർച്ചയായില്ല
ഉരുൾദുരന്തബാധിതരുടെ വിവിധ പ്രശ്നങ്ങൾ പ്രചാരണത്തിൽ സജീവ ചർച്ചയായി. എന്നാൽ, പ്രധാനമന്ത്രി സന്ദർശനം നടത്തിപ്പോയിട്ടും കേന്ദ്രസഹായം ലഭിക്കാത്തത് പ്രധാനചർച്ചയായില്ല. സ്ഥിരം പുനരധിവാസമടക്കം വഴിമുട്ടിയതും സർക്കാർ ആനുകൂല്യങ്ങൾ കിട്ടാത്തതും യു.ഡി.എഫ് എടുത്തിട്ടത് എൽ.ഡി.എഫിനെ വിയർപ്പിച്ചു.
എന്നാൽ, ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ കിട്ടിയതിലും ആനുകൂല്യങ്ങൾ ലഭ്യമാകാത്തതിലും യു.ഡി.എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്താണ് ഉത്തരവാദികളെന്ന് സ്ഥാപിച്ചാണ് സി.പി.എം ഇതിനെ നേരിട്ടത്. പുനരധിവാസമടക്കമുള്ളവ സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നിരിക്കെ എൽ.ഡി.എഫ് പ്രതിരോധം ദുർബലമായിരുന്നു.
ധ്രുവീകരണത്തിനായി ചൂണ്ടലിട്ട് മുഖ്യമന്ത്രി
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മുസ്ലിം വിരുദ്ധ വികാരം ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. പ്രിയങ്ക ഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണകൊണ്ടാണ് മത്സരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ജമാഅത്തിന്റെ ചുമലിലൂടെ ഭൂരിപക്ഷവികാരത്തെ തൃപ്തിപ്പെടുത്തുകയെന്ന പതിവ് തന്ത്രമായിരുന്നു പയറ്റിയത്.
ഒടുവിൽ ലീഗിന്റെ കൊടികൾ
പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനുള്ള റോഡ്ഷോയിൽ യു.ഡി.എഫിന്റെ പ്രധാനശക്തിയായ മുസ്ലിം ലീഗിന്റെയടക്കം ഘടകകക്ഷികളുടെ കൊടികളുണ്ടായിരുന്നില്ല. പച്ച നിറമുള്ള ബലൂണുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, പിന്നീടുള്ള പ്രചാരണപരിപാടികളിലും കൊട്ടിക്കലാശത്തിലുമടക്കം ലീഗ് കൊടികൾ വ്യാപകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.