ലോക്സഭ: കളത്തിലിറങ്ങി സി.പി.എം
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നേരത്തേ കളത്തിലിറങ്ങി സി.പി.എം. സ്വന്തം മണ്ഡലമായ ധർമടത്ത് തുടർച്ചയായി നാലുദിവസം നടന്ന 28 കുടുംബയോഗങ്ങളിൽ മിക്കതിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ജനങ്ങളുമായി സംവദിച്ചു. ഒരുമണിക്കൂർ ഇടവിട്ടാണ് വേദികളിൽനിന്ന് വേദികളിലേക്ക് മുഖ്യമന്ത്രി കയറിയിറങ്ങിയത്. മുഖ്യമന്ത്രിയായശേഷം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒഴികെ നടന്ന ഏറ്റവും തിരക്കിട്ട പരിപാടിയും ഇതുതന്നെയായി.
സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ജനഹിതം നേരിട്ടറിയാനും ലക്ഷ്യമിട്ട് എൽ.ഡി.എഫ് നടത്തുന്ന പരിപാടിയാണ് കുടുംബ യോഗങ്ങൾ. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തരം യോഗങ്ങൾ നടത്തുന്നുണ്ട്. ഒക്ടോബർ ഏഴുമുതൽ പത്തുവരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിരുന്നു തുടക്കം. തൊട്ടുപിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും കുടുംബസംഗമങ്ങൾ തുടങ്ങി. സർക്കാറിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാഷണങ്ങൾ. ജനങ്ങൾക്കിടയിൽ തന്നെയാണ് മുഖ്യമന്ത്രിയെന്ന പ്രതീതി സൃഷ്ടിക്കുന്ന വിധമായിരുന്നു യോഗങ്ങൾ നടത്തിയത്. കുടുംബാംഗങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കുടുംബ കൂട്ടായ്മകൾക്ക് രൂപം നൽകിയായിരുന്നു പ്രവർത്തനം.
കുടുംബസംഗമങ്ങൾ പൂർത്തിയാകുന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലംതല ജനസദസ്സുകൾ നടക്കും. സർക്കാർ പരിപാടിയാണെങ്കിലും ഇതും മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയെന്നാണ് വിലയിരുത്തൽ. നവംബറിൽ 140 മണ്ഡലങ്ങളിലും ജനസദസ്സുകൾ നടത്തും. ബൂത്തുതലം മുതൽ പരിപാടിയുടെ പ്രചാരണം നടത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പുവരെ വിശ്രമമില്ലാത്ത നാളുകളാണ് പാർട്ടി കേഡറുകൾക്ക് നൽകിയ ഷെഡ്യൂൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ പകുതി സീറ്റുകളെങ്കിലും പിടിക്കുന്ന 2019നുമുമ്പുള്ള സ്ഥിതിയാണ് പാർട്ടിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.