ഇടതുപക്ഷവും ഉണ്ണിത്താനും മല്ലയുദ്ധം
text_fields2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയെത്തി, ചാവേർ എന്ന് പരിഹസിക്കപ്പെട്ട സ്ഥാനാർഥിയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. കറയറ്റ ഇടത് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രനെ 40438 വോട്ടുകൾക്ക് തോൽപിച്ചപ്പോൾ ഉണ്ണിത്താന്റെ രാശി തെളിഞ്ഞു. കിട്ടിയ അവസരം കൃത്യമായി മുതലാക്കിയ ഉണ്ണിത്താൻ അഞ്ച് വർഷത്തിൽ പേരുദോഷം കേൾപ്പിക്കാതെ, വലിയ നേട്ടങ്ങൾ ഒന്നും അവതരിപ്പിക്കാനില്ലാതെ മണ്ഡലത്തിൽ നിറഞ്ഞൊഴുകി. ജനകീയ എം.പി എന്ന് വിശേഷണം ചേർത്തുവെച്ചു. വീണ്ടും അദ്ദേഹം മത്സരിക്കും എന്നും വിജയിക്കും എന്നുമുള്ള പ്രതീതി സൃഷ്ടിച്ച മണ്ഡലത്തിലേക്കാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എത്തുന്നത്. ഒരുമാസത്തെ മുൻകാല പ്രാബല്യത്തോടെ പ്രചാരണത്തിൽ മുന്നിലെത്തിയ ബാലകൃഷ്ണൻ ആളും അർഥവും കൊണ്ട് ഉണ്ണിത്താന്റെ മേൽക്കൈ ആദ്യഘട്ടത്തിൽ മാറ്റിയെഴുതി. യു.ഡി.എഫിനെയും പരസ്പരം പോരടിച്ച കോൺഗ്രസ് ഗ്രൂപ്പുകളെയും കൈപ്പിടിയിലൊതുക്കിയ ഉണ്ണിത്താൻ ഇടതുപക്ഷമെന്ന വലിയ സംഘടന സംവിധാനത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് കാസർകോട്ട്. യു.ഡി.എഫ് അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുന്നു.
2019ൽ ഉണ്ണിത്താനെ വിജയിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ന്യൂനപക്ഷ വോട്ടുകളാണ്. ഇത് മറികടക്കാൻ മുസ്ലിം കേന്ദ്രങ്ങളിൽ പൗരത്വനിയമ വിരുദ്ധ പൊതുയോഗങ്ങളും റാലികളും നൈറ്റ് മാർച്ചുകളും ഇടതുപക്ഷം കുത്തിനിറച്ചു. ഈ വിഷയങ്ങളിൽ പതറിപ്പോയ യു.ഡി.എഫിന് മുന്നിലേക്ക് റിയാസ് മൗലവി വധക്കേസിന്റെ വിധിവന്നത് പ്രതികളെ വെറുതെ വിട്ടുകൊണ്ടായിരുന്നു. ഇടതുപക്ഷത്തിനെതിരെ തുറുപ്പ് ശീട്ടായി മൗലവി വിധി മാറിയപ്പോൾ മണ്ഡലത്തിൽ മല്ലയുദ്ധത്തിന് തുടക്കമായി. സൈബർ പോരിടങ്ങളിൽ പെരുന്നാൾ കാർഡിലും ഉണ്ണിത്താന്റെ കുറി, ചരട്, ഇടത്തോട്ട് മുണ്ട് എന്നിവയെ പരിഹസിച്ച് പുറത്തിറക്കിയ വിഡിയോയിലെ ‘തളങ്കര’ പ്രയോഗത്തിലും ഇടതുപക്ഷം കാലിടറിയപ്പോൾ കാസർകോട് ഗോദയിൽ അവരുടെ സൈബർ യുദ്ധം പൊളിഞ്ഞു. അങ്ങനെ ഒന്നൊന്നര ബലാബലത്തിൽ ഇരുമുന്നണികളും കാസർകോട് തീ തിന്നുകയാണ്.
2014 വരെ മഞ്ചേശ്വരം, കാസർകോട് എന്നീ യു.ഡി.എഫ് മേൽക്കൈ മണ്ഡലങ്ങളെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി എന്നീ അഞ്ച് മണ്ഡലങ്ങൾകൊണ്ട് കീഴടക്കിവാഴുകയായിരുന്നു എൽ.ഡി.എഫ്. 2019ൽ ഉദുമ മറിഞ്ഞു. മഞ്ചേശ്വരം 35421, കാസർകോട് 41223, ഉദുമ-8937 എന്നീ നിയോജക മണ്ഡലം ഭൂരിപക്ഷങ്ങളെ ബാക്കി നാല് മണ്ഡലങ്ങളിലെ ഭൂരിപക്ഷംകൊണ്ട് മറികടക്കുകയെന്ന ഭാരിച്ച ജോലിയാണ് എൽ.ഡി.എഫിനുള്ളത്. അതാകട്ടെ കാഞ്ഞങ്ങാട് 2221, തൃക്കരിപ്പൂർ 1889, പയ്യന്നൂർ 26131, കല്യാശ്ശേരി 13698 എന്നിങ്ങനെ ഏറെയും ദുർബല ഭൂരിപക്ഷങ്ങളും. 2019ൽ ഉദുമ യു.ഡി.എഫിലേക്ക് മറിഞ്ഞതും കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച ലീഡ് ലഭിക്കാത്തതുമാണ് ഇടത് പരാജയത്തിന്റെ കാരണം. ഈ കുറവിനുള്ള കാരണം കാണാനാണ് എൽ.ഡി.എഫ് ശ്രമം. അതിൽ അവർ വിജയിച്ചാൽ വിജയം എം.വി. ബാലകൃഷ്ണന്. അതല്ല 2014ൽ പി. കരുണാകരന്റെ ഭൂരിപക്ഷം ആറായിരത്തിൽപരം വോട്ടിലേക്ക് ചുരുങ്ങിയത് ഇടതുപക്ഷത്തിന് മണ്ഡലത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ മേൽക്കൈ നഷ്ടപ്പെട്ടതായിരുന്നുവെങ്കിൽ 2019ലെ വിജയം ഉണ്ണിത്താന് രാഷ്ട്രീയമായി അവകാശപ്പെട്ടത്. അതിന്റെ തുടർച്ചയാകും 2024ൽ ഉണ്ടാകുക.
പൊതുയോഗങ്ങളിൽ ആളുകളെ അണിനിരത്താനും സക്രിയമായ കീഴ്ഘടകങ്ങളുമാണ് ഇടതിന്റെ ബലം. അതേസമയം, മികച്ച രീതിയിൽ ‘സമരാഗ്നി’ സംഘാടനവും പാർലമെന്റ് കൺെവൻഷനുകളും നടത്തിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് യോഗങ്ങൾ യു.ഡി.എഫിന്റേത് എൽ.ഡി.എഫിനോളം മെച്ചമല്ല. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ പ്രശ്നങ്ങളും യു.ഡി.എഫിനൊപ്പമുണ്ട്. എസ്.ഡി.പി.ഐ, വെൽെഫയർ പാർട്ടി എന്നിവയുടെ പിന്തുണ യു.ഡി.എഫിന് തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.