വയനാട് വേണ്ട, രാജ്യസഭയിലേക്കില്ല; നിലപാടിലുറച്ച് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: സജീവ രാഷ്ട്രീയത്തിൽനിന്ന് തൽക്കാലം മാറിനിൽക്കുകയാണെന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വയനാട്ടിൽ മത്സരിക്കാനും കെ.പി.സി.സി പ്രസിഡന്റാകാനുമില്ല. രാജ്യസഭയിലേക്ക് പോവുകയുമില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് വരുമ്പോൾ താനുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
20ൽ 18 സീറ്റും ജയിക്കുകയും 110ഓളം നിയമസഭ സീറ്റുകളിൽ യു.ഡി.എഫ് ഒന്നാംസ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റരുത്. ഇത്രയും നല്ല റിസൾട്ട് കിട്ടിയതിനാൽ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പുവരെ അദ്ദേഹം തുടരണം. ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തന്നാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധി രാജിവെച്ചാൽ വയനാട് സീറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് തനിക്കില്ലെന്നായിരുന്നു മുരളിയുടെ മറുപടി. ഇക്കാര്യം തൃശൂരിൽതന്നെ വ്യക്തമാക്കിയതാണ്. രാജ്യസഭയിലേക്കും ഒരു കാരണവശാലും പോകില്ല. താൻ രാജ്യസഭക്ക് എതിരാണ്. രാജ്യസഭയിലേക്ക് പോവുകയാണെങ്കിൽ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ട് എന്ന് ഉറപ്പിച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ കമീഷൻ വേണ്ട
തൃശൂരിലെ തോൽവിയിൽ പാർട്ടി അന്വേഷണ കമീഷനെ നിയോഗിക്കേണ്ടതില്ല. അത് കൂടുതൽ സംഘർഷമുണ്ടാക്കും. കമീഷൻ തെളിവെടുപ്പിൽ അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ടാകും. ഇത് പാർട്ടിയിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, അന്വേഷണം നടത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. നിരവധി അന്വേഷണ കമീഷൻ റിപ്പോർട്ട് കണ്ടയാളാണ് താൻ. അടിയുണ്ടായത് തോറ്റതിന്റെ വികാരപ്രകടനമാണ്. ശരിതെറ്റുകൾ പറഞ്ഞ് സംഘടന കൂടുതൽ തളരാൻ പാടില്ല. അടിപിടിയും പോസ്റ്റർ യുദ്ധവും നല്ലതല്ല. തെരഞ്ഞെടുപ്പിൽ കള്ളക്കളി കളിച്ചവരെ ജനങ്ങൾക്കറിയാം. അവർ വരും തെരഞ്ഞെടുപ്പിൽ അതിനൊത്ത് പ്രതികരിക്കും.
ആർക്കെതിരെയും പരാതിയില്ല
ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. അങ്ങനെയുണ്ടെങ്കിൽ അവർ നല്ല കഴിവുള്ളവരാണ്. കെ. മുരളീധരനെപോലൊരാളെ തോൽപിക്കാൻ കഴിഞ്ഞുവെന്നു പറഞ്ഞാൽ ആ ആൾക്ക് അംഗീകാരം കൊടുക്കണം. തോൽവിയിൽ ടി.എൻ. പ്രതാപനടക്കം ആർക്കെതിരെയും ആരോടും പരാതി പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. കത്തോലിക്ക സഭ വോട്ട് മറിച്ചിട്ടില്ല. എന്നാൽ, അവരുടെ വോട്ടിൽ വിള്ളലുണ്ടായി. അവരുടെ നിലപാട് ബി.ജെ.പിക്കനുകൂലമായിരുന്നു. കേന്ദ്രമന്ത്രി വരുന്നത് തൃശൂരിന് ഗുണമാണെന്നത് യങ് ജനറേഷനിൽ ചിന്തയുണ്ടായി. പാരമ്പര്യമായി കിട്ടുന്ന വോട്ടുകൾ കോൺഗ്രസിന് കിട്ടിയിട്ടുണ്ട്.
ബി.ജെ.പിയേക്കാൾ നല്ലത് വീട്ടിലിരിക്കുന്നത്
കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബി.ജെ.പിയിലേക്ക് പോകുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതാണെന്നായിരുന്നു മുരളിയുടെ പ്രതികരണം. ഇത്രയും സഹായിച്ച കോൺഗ്രസിനെ തള്ളിപ്പറയൽ കെ. മുരളീധരന്റെ ജീവിതത്തിലുണ്ടാവില്ല. വടകരയിൽനിന്ന് മാറിയതിൽ തെറ്റുകാരൻ താൻ തന്നെയാണ്. തൃശൂരിലേക്ക് പോകേണ്ട കാര്യമുണ്ടായിരുന്നില്ല. അതാണ് തെരഞ്ഞെടുപ്പിൽ പഠിച്ച പാഠം. ഇനി ആലോചിച്ചേ തീരുമാനങ്ങളെടുക്കൂവെന്നും മുരളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.