മുഖ്യമന്ത്രിയെ തിരുത്തുമോ? പരാജയ കാരണമറിയാൻ നേതൃയോഗം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: കനത്ത പരാജയത്തിന്റെ പൊള്ളലിൽ പാർട്ടിയിലും സർക്കാറിലും തിരുത്തലുകൾ വേണമെന്ന ആവശ്യം ശക്തമായിരിക്കെ അഞ്ചുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സെക്രട്ടേറിയറ്റും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി യോഗവുമാണ് ചേരുക. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം.
പരാജയകാരണം ഭരണവിരുദ്ധ വികാരമെന്ന വിലയിരുത്തലുകൾ മുന്നണിക്കുള്ളിലും പാർട്ടിയിലും ഒരുവിഭാഗം ഉയർത്തുമ്പോഴും ഇതിനെ പാടേ തള്ളിക്കളയുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. നിയമസഭയിലെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലാണ് മുഖ്യമന്ത്രി, പരാജയകാരണം സർക്കാറിനെതിരെയുള്ള വികാരമല്ലെന്നും മോദിക്കെതിരെയുള്ള പൊതുവികാരം കോൺഗ്രസിന് ഗുണം ചെയ്തുവെന്നുമുള്ള വാദഗതിയുമായി സ്വയം പ്രതിരോധമുയർത്തിയത്. തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടിയാണെങ്കിലും 2019ൽ സംഭവിച്ചതിനേക്കാൾ കൂടുതൽ ഒന്നും ഇത്തവണ ഉണ്ടായിട്ടില്ലെന്നതാണ് മുഖ്യമന്ത്രിയുടെ വാദം.
തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം ആദ്യം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടിയും സർക്കാറും തിരുത്തണമെന്ന വിധത്തിലായിരുന്നു വിലയിരുത്തലുകൾ. അതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം. അതേസമയം, നിയമസഭയിലെ വിശദീകരണങ്ങൾക്ക് ശേഷവും തിരുത്തൽ വേണ്ടിടത്തെല്ലാം അതുണ്ടാകുമെന്നും വിശദചർച്ച നടക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. എന്നാൽ നേതൃയോഗങ്ങളിൽ നേതാക്കൾ മുഖ്യമന്ത്രിയെ ‘തിരുത്താൻ’ മുതിരുമോ എന്നതാണ് കണ്ടറിയേണ്ടത്.
2019ലെ പരാജയത്തിന് സമാനമാണ് ഇക്കുറിയെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ചോദ്യങ്ങൾ നിരവധിയാണ്. ശബരിമലയെ തുടർന്നുള്ള പ്രത്യേക സാഹചര്യവും വയനാട്ടിലെ രാഹുൽ ഗാന്ധി ഇഫക്ടുമെന്നെല്ലാമായിരുന്നു 2019ലെ പരാജയകാരണങ്ങളെന്ന് പാർട്ടി വിലയിരുത്തൽ. എന്നാൽ അത്തരമൊരു സാഹചര്യം ഇക്കുറി പറയാനില്ല. 2019ലെ പരാജയത്തെ മറികടക്കാൻ മുൻമന്ത്രിമാരെയും പാർട്ടി നേതാക്കളെയുമടക്കം രംഗത്തിറക്കിയിട്ടും പരാജയമേറ്റുവാങ്ങിയതിനും ഇനിയും വിശദീകരണമുണ്ടായിട്ടില്ല.
കെ.കെ. ശൈലജ, തോമസ് ഐസക്, സി. രവീന്ദ്രനാഥ്, എളമരം കരീം എന്നിങ്ങനെ നാല് മുൻ മന്ത്രിമാരാണ് തോറ്റത്. ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന് പുറമേ മൂന്ന് ജില്ല സെക്രട്ടറിമാരും തോറ്റവരിൽ ഉൾപ്പെടും. പൗരത്വ വിഷയത്തിലടക്കം സജീവമായി ഇടപെട്ടിട്ടും ന്യൂനപക്ഷ വോട്ടുകൾ ഒഴുകിമാറിയതും യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തിൽ കേരള ഘടകത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിൽനിന്ന് കേന്ദ്ര നേതൃത്വം വിട്ടുനിൽക്കുകയാണ്. അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തെ സാഹചര്യം വിശദമായി വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.