കലങ്ങി മറിഞ്ഞ് ആലപ്പുഴ
text_fieldsആലപ്പുഴ: എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റുംവിധം ആകെ കലങ്ങിമറിഞ്ഞ നിലയിലാണ് ആലപ്പുഴ മണ്ഡലം. പ്രചാരണം കൊടുംപിരിക്കൊള്ളുമ്പോൾ പുഴയിലെ കലക്കവെള്ളത്തിൽ ആര് മീൻപിടിക്കും എന്ന പ്രവചനം അസാധ്യമാവുകയാണ്. കോൺഗ്രസിന്‍റെ ദേശീയ നേതാവ് കെ.സി. വേണുഗോപാൽ സ്ഥാനാർഥിയായി എത്തിയത് ഈസിയായി വിജയിക്കാമെന്ന് കരുതിയാണ്. ഇപ്പോൾ അദ്ദേഹത്തിന് ബോധ്യമായി വെള്ളംകുടിക്കേണ്ടിവരുമെന്ന്.
സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ സീറ്റ് ഉറപ്പിച്ച കെ.സി ഇടക്ക് ആലപ്പുഴയിൽ വന്ന് എത്തിനോക്കിയിട്ട് ഡൽഹിക്ക് പോകുന്ന രീതിയായിരുന്നു ഇതുവരെ. അങ്ങനെ പോയാൽ പോക്കാണെന്ന് ബോധ്യമായതിനാൽ ഇപ്പോൾ മണ്ഡലമാകെ ഓടിനടന്ന് വലവീശുകയാണ്. കെ.സിയെ വിജയിക്കൂ എന്നൊരു സംസാരം മണ്ഡലമാകെ സൃഷ്ടിക്കാൻ കഴിഞ്ഞത് മാത്രമാണ് കെ.സിയുടെ ഇതുവരെയുള്ള നേട്ടം.
നിലവിൽ ആലപ്പുഴയിലെ എം.പിയായ എ.എം. ആരിഫിന് എം.പിയെന്ന നിലയിൽ പ്ലസും മൈനസും കൽപിക്കപ്പെടുന്നില്ല. ക്ഷേമ പെൻഷൻ, മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ലാത്തത്, ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക, മുഖ്യമന്ത്രിയുടെ പെരുമാറ്റദൂഷ്യം, കരിമണൽ അടക്കം അഴിമതി ആരോപണങ്ങൾ തുടങ്ങിയവ മുൻനിർത്തി ജനങ്ങൾക്കിടയിലുള്ള സർക്കാർവിരുദ്ധ വികാരം ആരിഫിന്‍റെ മൈനസാണ്. പുഴനടുവിലെ കയങ്ങൾപോലെ മണ്ഡലത്തിൽ പലയിടത്തും സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നതും ആരിഫിന്‍റെ ചുവടുവെപ്പിന് ഭീഷണി ഉയർത്തുന്നു. ഇവ മുൻനിർത്തി സ്വന്തം വലയിൽ നിന്ന് ചാടിപ്പോകുന്ന മീനുകളെ തടയാനോ തന്ത്രപരതയിലൂടെ കൂടുതൽ മീനുകളെ ആകർഷിക്കാനോ കഴിഞ്ഞാൽ ആരിഫിന് ചാകര ഒത്തുകിട്ടും.
രാഹുൽ ഗാന്ധിയുടെ വലംകൈ എന്ന നിലയിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് കെ.സി. വേണുഗോപാൽ. അതിനാൽ അദ്ദേഹത്തിന്‍റെ തോൽവിക്ക് ബി.ജെ.പി ശ്രമിക്കുമെന്നുറപ്പാണ്. ശോഭ സുരേന്ദ്രനെ ഇവിടെ സ്ഥാനാർഥിയാക്കി പരമാവധി ഹിന്ദുവോട്ടുകൾ നേടിയെടുക്കാനാണ് ബി.ജെ.പി ശ്രമം. ഹിന്ദുവോട്ടുകൾ എത്ര കൂടുതൽ നേടാനാവുന്നോ അത്രത്തോളം കെ.സിയുടെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എസ്.എൻ.ഡി.പിയുടെ പിന്തുണ ഉറപ്പാക്കാൻ വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശനെ എൻ.ഡി.എ പല പൊതുയോഗങ്ങളിലും ഇറക്കിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ.എം. ആരിഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാളായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഇത്തവണ അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹത്തെക്കൊണ്ട് മിണ്ടിപ്പിക്കാൻ അടവുനയ വാർത്തസമ്മേളനവുമായി കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ രംഗത്തെത്തി. ഒരു ചാനൽ ഉടമ വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ പണം വാഗ്ദാനം ചെയ്തുവെന്നാണ് ശോഭ ആരോപിച്ചത്. താൻ അത്തരക്കാരിയല്ലെന്നുപറഞ്ഞ് കണ്ണീരണിഞ്ഞ് വൈകാരിക പ്രകടനം നടത്തിയത് വെള്ളാപ്പള്ളിയെക്കൊണ്ട് തനിക്ക് അനുകൂലമായ പരസ്യ നിലപാടെടുപ്പിക്കാനാണെന്ന് കരുതപ്പെടുന്നുണ്ട്.
മുമ്പ് വി.എസ്. അച്യുതാനന്ദന്‍റെ വലംകൈയായിരുന്ന അഡ്വ. കെ.എം. ഷാജഹാൻ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. സി.പി.എമ്മിലെ അസംതൃപ്തർ അടക്കം വിമത ഇടതുപക്ഷക്കാരാണ് ഷാജഹാന്‍റെ പിന്നിൽ. പരമാവധി വോട്ടുനേടുക എന്നതിലുപരി കെ.സിയുടെ പരാജയം ഉറപ്പാക്കാൻ അടവുനയത്തിലേക്ക് ബി.ജെ.പി മാറുമോ എന്നതും ഇവിടെ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.