കനലണയാതെ ചെങ്കോട്ട
text_fieldsപാലക്കാട്: കൗമാരദിശയിൽ നിൽക്കുന്ന ആലത്തൂർ മണ്ഡലത്തിൽ രണ്ടാം അങ്കത്തിൽ അടിപതറി രമ്യ ഹരിദാസ്. അത്യുഷ്ണത്തെ വെല്ലുന്ന പോരാട്ടച്ചൂടിന്റെ പര്യവസാനത്തിൽ 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ രമ്യയെ അട്ടിമറിച്ചത്. 2019ൽ സംസ്ഥാനത്തെത്തന്നെ മൂന്നാമത്തെ ഉയർന്ന ഭൂരിപക്ഷമായ ഒന്നര ലക്ഷത്തിലധികം വോട്ടുനേടി വിജയിച്ചിടത്താണ് ഇത്തവണ പരാജയം ഏറ്റുവാങ്ങിയത്. കെ. രാധാകൃഷ്ണന് 3,98,818 വോട്ടും രമ്യ ഹരിദാസിന് 3,79,231 വോട്ടും ലഭിച്ചു. ഫോണിൽ മോദി നേരിട്ടുവിളിച്ചു പേരെടുത്ത ബി.ജെ.പി സ്ഥാനാർഥി ഡോ. ടി.എൻ. സരസുവിന് 1,86,441 വോട്ടും ലഭിച്ചു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ മാത്രമാണ് രമ്യക്ക് ലീഡ് നിൽക്കാനായത്. തുടർന്ന് രാധാകൃഷ്ണന്റെ മുന്നേറ്റം തന്നെയായിരുന്നു.
രൂപവത്കരണ കാലം തൊട്ട് ഇളകാത്ത ഇടതുകോട്ടയായിരുന്ന ആലത്തൂരിൽ വിജയക്കൊടി പാറിച്ച സി.പി.എമ്മിന് കനത്ത ആഘാതമായിരുന്നു 2019ലെ പരാജയം. ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ സി.പി.എം പരാജിതനാവാത്ത കരുത്തനായ രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ നിയമസഭ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ആലത്തൂരിൽ എല്ലാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈകളിലാണ്.
പാട്ട് പാടിയുള്ള രമ്യ ഹരിദാസിന്റെ വേറിട്ട പ്രചാരണ രീതി ഇത്തവണ സ്ത്രീ വോട്ടർമാർക്കിടയിൽ വേണ്ടത്ര തരംഗമുണ്ടാക്കിയില്ല എന്നതുതന്നെയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അമിത ആത്മവിശ്വാസവും ബൂത്തുതല പ്രവർത്തനങ്ങളിലെ പോരായ്മകളും യു.ഡി.എഫിന് തിരിച്ചടിയായി. വീടുകയറിയുള്ള പ്രചാരണത്തിലും യു.ഡി.എഫ് പിറകോട്ടുപോയി.
2019ൽ ബി.ഡി.ജെ.എസിന് നൽകിയ ആലത്തൂർ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി സ്വന്തം സ്ഥാനാർഥിയെയാണ് നിർത്തിയത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് നേടിയതിനേക്കാൾ 96,604 വോട്ടുകൾ ഇത്തവണ ബി.ജെ.പി നേടിയെടുത്തു.
ഇടതുപിടിച്ച് കുന്നംകുളം
കുന്നംകുളത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാൾ 15,000ത്തോളം വോട്ടിന്റെ കുറവാണ് രമ്യക്ക്. സി.പി.എം 4000ത്തോളം വോട്ട് അധികം നേടിയപ്പോൾ ബി.ജെ.പിക്ക് കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ 12,000ത്തോളം വോട്ടുകൾ അധികം ലഭിച്ചു.
കൈവിടാതെ വടക്കാഞ്ചേരി
കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ട് കുറവ് വന്നെങ്കിലും വടക്കാഞ്ചേരി കോൺഗ്രസിനെ കൈ വിട്ടില്ല. രാധാകൃഷ്ണനേക്കാൻ 614 വോട്ടുകളാണ് രമ്യ ഹരിദാസ് നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 13,000ത്തോളം വോട്ടുകൾ അധികം നേടി ബി.ജെ.പി ഇവിടെ കരുത്ത് തെളിയിച്ചു.
കൂടെ കൂട്ടി ചേലക്കര
സ്വന്തം തട്ടകമായ ചേലക്കര ഈ തെരഞ്ഞെടുപ്പിലും രാധാകൃഷ്ണനെ കൈവിട്ടില്ല. 5000ത്തിലധികം വോട്ടുകളാണ് ചേലക്കര രാധാകൃഷ്ണന് ലീഡ് നൽകിയത്. ഇവിടെയും കഴിഞ്ഞ തവണത്തേതിനേക്കാൾ 12,000ത്തോളം വോട്ടുകൾ ബി.ജെ.പി അധികം നേടി.
ഇടതുകോട്ടയായി ആലത്തൂർ
കഴിഞ്ഞ തവണ ആലത്തൂരിൽ 73,120 വോട്ടുകൾ രമ്യ നേടിയപ്പോൾ ഇത്തവണ അത് 46,894 ആയി കുറഞ്ഞു. കഴിഞ്ഞതവണ നേടിയതിനേക്കാൾ 5000ത്തിലധികം വോട്ടുകൾ ഇവിടെ രാധാകൃഷ്ണന് നേടാനായി. ഇവിടെ ബി.ജെ.പി 2019നേക്കാൾ 16,000ത്തോളം വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ അധികം നേടി.
യു.ഡി.എഫിനൊപ്പം ചിറ്റൂർ
ചിറ്റൂരിൽ യു.ഡി.എഫ് നേരിയ നേട്ടം കൈവരിച്ചെങ്കിലും 2019നേക്കാൾ 23,000ത്തോളം വോട്ടുകളുടെ കുറവാണ് യു.ഡി.എഫിന് ഉണ്ടായത്. രമ്യ ഹരിദാസ് 56,844 വോട്ടുകൾ നേടിയപ്പോൾ കെ. രാധാകൃഷ്ണന് 55,372 വോട്ടുകളാണ് ലഭിച്ചത്. 2019ൽ 9885 വോട്ടുകൾ നേടിയ എൻ.ഡി.എ ഇത്തവണ ഡോ. ടി.എൻ. സരസുവിലൂടെ 24,157 വോട്ടുകൾ കരസ്ഥമാക്കി.
മാർജിൻ കുറഞ്ഞ് തരൂർ
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 24,531 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിച്ച തരൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേക്കാൾ 5192 വോട്ടേ അധികം നേടാനായുള്ളൂ. ഇവിടെയും ബി.ജെ.പി 2019 നേക്കാൾ 16,597 വോട്ടുകൾ അധികം നേടി.
കൈവിട്ട് നെന്മാറ
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന് ഏറ്റവും കൂടുതൽ വോട്ടുകൾ സമ്മാനിച്ച മണ്ഡലമാണ് നെന്മാറ. 82,539 വോട്ടുകൾ അന്ന് യു.ഡി.എഫിന് ലഭിച്ചപ്പോൾ ഇത്തവണ അത് 56,768 ആയി കുറഞ്ഞു. എങ്കിലും എൽ.ഡി.എഫിനേക്കാൻ ആയിരത്തിലധികം വോട്ട് യു.ഡി.എഫിന് നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.