കളം തെളിഞ്ഞു, ഇനിയാണ് കളി
text_fieldsകണ്ണൂർ: കണ്ണൂർ ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥിയായി കെ. സുധാകരനെ കൂടി പ്രഖ്യാപിച്ചതോടെ മണ്ഡല ചിത്രം വ്യക്തം. ശനിയാഴ്ച രാവിലെ മണ്ഡലത്തിൽ എത്തുന്ന ഇദ്ദേഹത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ച് ഡി.സി.സി ഓഫിസിലേക്ക് ആനയിക്കും. ഈമാസം 11ന് ഡി.സി.സി ഓഫിസിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ ഫെബ്രുവരി 27 മുതൽ പ്രചാരണത്തിലാണ്. മാർച്ച് രണ്ടിന് എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥും പ്രചാരണം തുടങ്ങി. പത്തുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് പ്രതീക്ഷിച്ച പോലെ കെ. സുധാകരൻ തന്നെ സ്ഥാനാർഥിയാവുന്നത്.
കെ. സുധാകരൻ മൽസരത്തിനില്ലെന്ന് പറഞ്ഞതോടെ പേരുകളും കണ്ണൂരിൽ ഉയർന്നു കേട്ടെങ്കിലും യാതൊരു സർപ്രൈസ് എൻട്രിക്കും കളമൊരുക്കാതെ സിറ്റിങ് സീറ്റിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തന്നെ എത്തി. എൽ.ഡി.എഫും എൻ.ഡി.എയും ഇതിനകം ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കി. സി. രഘുനാഥിനു പുറമെ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരനും സ്വതന്ത്രനായി മത്സരിക്കാൻ രംഗത്തുണ്ട്.
മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ് സുധാകരൻ. സി.പി.എമ്മിൻറെ കോട്ടയാണ് കണ്ണൂർ ജില്ലയെങ്കിലും യു.ഡി.എഫിന് അനുകൂലമായാണ് പാർലിമന്റെ് മണ്ഡലം. കെ. സുധാകരൻ തന്നെ മൂന്നു തവണ മത്സരിച്ചപ്പോൾ രണ്ടു തവണ ഡൽഹിയിലേക്കുള്ള എൻട്രി ലഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വലിയ ഭൂരിപക്ഷത്തിലാണ് സുധാകരൻ ജയിച്ചുകയറിയത്. എന്നാൽ ഇത്തവണ പാർട്ടി ജില്ല സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ തന്നെ കളത്തിലറങ്ങിതയിതിനാൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.