തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രചാരണരംഗം കൂടുതൽ സജീവം
text_fieldsആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ സ്ഥാനാർഥികളും പ്രചാരണപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരും കൂടുതൽ സജ്ജരായി.
ഇത്രയും ദിവസം തെരഞ്ഞെടുപ്പ് തീയതികളിൽ വ്യക്തതയില്ലാത്തതിനാൽ പ്രചാരണപ്രവർത്തനങ്ങളിലും ആവശ്യമായ ആസൂത്രണം ഉണ്ടായിരുന്നില്ല. ഇതിൽനിന്ന് വ്യത്യസ്തമായി ഇനിയുള്ള ഓരോ ദിവസവും രാഷ്ട്രീയ പാർട്ടികളുടെ താഴെതട്ടിലുള്ള പ്രവർത്തകർ മുതൽ സ്ഥാനാർഥി വരെയുള്ളവരുടെ ചലനം ബന്ധപ്പെട്ട നേതാക്കൾ ആസൂത്രണം ചെയ്താകും നടപ്പാക്കുക.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ശനിയാഴ്ച വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് സ്ഥലത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. ഉച്ചക്കുശേഷം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പ്രധാന കവലകളിലെത്തുകയും വൈകീട്ട് ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു. ഞായറാഴ്ച വാമനപുരം നിയോജകമണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങൾ സന്ദർശിക്കും.
യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് കാട്ടാക്കട നിയോജകമണ്ഡലം കേന്ദ്രീകരിച്ചാണ് ശനിയാഴ്ച പ്രവർത്തിച്ചത്. നിയോജകമണ്ഡലത്തിലെ പ്രാദേശികതലം വരെയുള്ള പ്രവർത്തകരെ കാണുന്നതിനും കമ്മിറ്റികളിൽ പങ്കെടുക്കുന്നതിനും സമയം കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറ്റിങ്ങലും തുടർന്ന് വാമനപുരത്തും രാത്രിയിൽ കന്യാകുളങ്ങര മുതൽ വെമ്പായം വരെയുള്ള നൈറ്റ് മാർച്ചിലും പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ശനിയാഴ്ച വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുനിന്നാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വാമനപുരം മണ്ഡലത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽനിന്ന് വിട്ടുവന്നവർക്ക് സ്വീകരണം നൽകുകയും മണ്ഡലം കേന്ദ്രീകരിച്ച് വോട്ട് അഭ്യർഥിക്കുകയും ചെയ്തു. വിതുര, ആര്യനാട് എന്നിവിടങ്ങളിൽ പദയാത്രയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.