പക്ക ഗ്ലാമർ മണ്ഡലം
text_fieldsതിരുവനന്തപുരം: കേന്ദ്രമന്ത്രിയും എം.പിയും എം.എൽ.എയും തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്ന ഗ്ലാമർ മണ്ഡലമാണ് ആറ്റിങ്ങൽ. ചരിത്രം ചികഞ്ഞാൽ 1991നു ശേഷം ചുവപ്പിന്‍റെ കോട്ടയെന്ന് പറയാം. എന്നാൽ, കഴിഞ്ഞതവണ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് അത് തിരുത്തി. സി.പി.എമ്മും കോൺഗ്രസും സ്വാധീനം ഉറപ്പിച്ച മണ്ഡലത്തിൽ ഒറ്റവാക്കിൽ ബി.ജെ.പിയെ തള്ളിക്കളയാനുമാവില്ല.
കഴിഞ്ഞതവണ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ച മണ്ഡലം കൂടി ആയിരുന്നു ആറ്റിങ്ങൽ. അതിനാൽ പ്രതീക്ഷയിലും പ്രചാരണത്തിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. സിറ്റിങ് എം.പി അടൂർ പ്രകാശിന്‍റെ സ്ഥാനാർഥിത്വം വെള്ളിയാഴ്ചയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെങ്കിലും തെരഞ്ഞെടുപ്പിന്‍റെ ചിത്രം ഒരാഴ്ച മുമ്പേതന്നെ തെളിഞ്ഞിരുന്നു. കോൺഗ്രസിൽനിന്ന് മണ്ഡലം തിരിച്ചു പിടിക്കാൻ ഏറെ സമ്മതനായ ഒരാൾ എന്ന നിലയിലാണ് വർക്കല എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറിയുമായ വി. ജോയിയെതന്നെ സി.പി.എം ആദ്യമേ കളത്തിലിറക്കിയത്.
ഏറെ നാളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര സഹമന്ത്രി കൂടിയായ വി. മുരളീധരന്‍റെ രംഗപ്രവേശം കൂടി വന്നതോടെ കടുത്ത മത്സരമാണ് ആറ്റിങ്ങലിൽ. രാഷ്ട്രീയ വോട്ടുകൾക്കപ്പുറം ജാതി- മത- സാമുദായിക സമവാക്യങ്ങൾ നിർണായകമാകുന്ന മണ്ഡലം ഇക്കുറി എവിടേക്ക് ചായും എന്നതിൽ വ്യക്തത വരാൻ കുറച്ചു കൂടി കാത്തിരിക്കണം. 1991ൽ തലേക്കുന്നിൽ ബഷീറിനെ സുശീല ഗോപാലൻ തോൽപിച്ചതോടെയാണ് കോൺഗ്രസിനു മണ്ഡലം കൈവിട്ടത്. വർഷങ്ങൾക്കിപ്പുറം കഴിഞ്ഞതവണ അടൂർ പ്രകാശിനെ ഇറക്കി കോൺഗ്രസ് ആറ്റിങ്ങൽ തിരിച്ചുപിടിച്ചു.
ഭരണത്തിലും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ പോരാളി എന്ന പരിവേഷമാണ് അടൂർ പ്രകാശിന്‍റേത്. എം.പി എന്ന നിലയിൽ ആറ്റിങ്ങലുകാർക്ക് സുപരിചിതനുമാണ് അദ്ദേഹം. മന്ത്രി ആയിരുന്നപ്പോഴും എം.പി ആയും ആറ്റിങ്ങലിനുവേണ്ടി ചെയ്ത വികസന കാര്യങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്നാണ് അടൂർ പ്രകാശിന്‍റെയും കോൺഗ്രസിന്‍റെയും പ്രതീക്ഷ. മൂന്നു വർഷം മുമ്പ് നടന്ന എറണാകുളം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തതോടെയാണ് പാർട്ടി നേതൃതലത്തിൽ കാര്യമായ റോളില്ലായിരുന്ന വി. ജോയി പ്രവർത്തന മേഖലയിൽ കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് എത്തിയത്.
തിരുവനന്തപുരം മേയറുമായി ബന്ധപ്പെട്ട് ഉയർന്ന നിയമനകത്ത് വിവാദവും തുടർന്ന് ഉണ്ടായ കോലാഹലങ്ങളും തലസ്ഥാനത്ത് പാർട്ടിയിലും അണികളിലും സൃഷ്ടിച്ച അസ്വാരസ്യങ്ങൾ തണുപ്പിക്കാൻ പാർട്ടി നൽകിയ ജില്ല സെക്രട്ടറി പദവി ജോയി നന്നായി പ്രയോജനപ്പെടുത്തി. വിവാദങ്ങളും തർക്കങ്ങളും ഇല്ലാതാക്കി പ്രവർത്തകരെ ഒരുമിച്ച് അണിനിരത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
എം.എൽ.എ ആയിരുന്ന് എം.പി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഈ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്നാണ് ആറ്റിങ്ങലിൽ സി.പി.എം വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ നേടിയ 2,48,081 എന്ന വോട്ട് വിഹിതത്തിൽ കണ്ണുനട്ടാണ് വി. മുരളീധരൻ ആറ്റിങ്ങലിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. 2014ൽ കിട്ടിയതിലും ഒന്നര ലക്ഷ ത്തിലേറെ വോട്ടാണ് ബി.ജെ.പിക്കായി ശോഭ സ്വരുക്കൂട്ടിയത്. കഴിഞ്ഞതവണ ഇരു മുന്നണികളിൽനിന്നും ശോഭ നന്നായി വോട്ട് ചോർത്തി.
പാർട്ടി ചേരിതിരിവുകളിൽ മുരളീധരനും ശോഭയും പടലപ്പിണക്കത്തിലാണെങ്കിലും ആറ്റിങ്ങലിന്‍റെ ഉൾക്കളികൾ കൂടി മനസ്സിലാക്കിയാണ് വി. മുരളീധരൻ മണ്ഡലത്തിൽ സജീവമായത്. ശക്തരായ മൂന്ന് സ്ഥാനാർഥികളും ഒരേ സമുദായത്തിൽനിന്നാണ് എന്ന പ്രത്യേകതയുമുണ്ട്. മണ്ഡല പേരു മാറ്റത്തിനു മുമ്പ് അടക്കം നടന്ന തെരഞ്ഞെടുപ്പുകളിൽ 11 തവണ എൽ.ഡി.എഫിനായിരുന്നു ജയം. ആറു തവണ കോൺഗ്രസും ജയിച്ചു.
നിയമസഭ സീറ്റുകളിൽ ഏഴും എൽ.ഡി.എഫിനൊപ്പമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് ഒഴികെ ആറിടത്തും ലീഡ് കോൺഗ്രസിനായിരുന്നു. പ്രചാരണം ഒന്നിനൊന്ന് കൊടുമ്പിരിക്കൊണ്ടിരിക്കെ ഇക്കുറി ആരെവരിക്കും ആറ്റിങ്ങൽ എന്ന കാര്യം പ്രവചനാതീതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.