കൈവിട്ട കോട്ട തിരിച്ചു പിടിക്കാൻ വി. ജോയി
text_fieldsആറ്റിങ്ങൽ: ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുകയും എന്നാൽ, 2019ലെ പൊതുതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗത്തിൽ മറിയുകയും ചെയ്ത മണ്ഡലം തിരിച്ചുപിടിക്കാൻ അഡ്വ. വി. ജോയി രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.8 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലം യു.ഡി.എഫ് അട്ടിമറിച്ചത്. ഇത് തിരിച്ചുപിടിക്കാൻ സി.പി.എം രംഗത്തിറക്കിയിരിക്കുന്നത് നിലവിലെ ജില്ല സെക്രട്ടറി വി. ജോയിയെയാണ്.
ഇതേ പാർലമെൻറ് മണ്ഡലത്തിലെ നിയമസഭ സാമാജികനും മറ്റ് രണ്ട് അസംബ്ലി മണ്ഡലങ്ങളിൽ ഏറെ വ്യക്തിബന്ധവും സ്വാധീനവുമുള്ള വ്യക്തി എന്ന നിലയിലുമാണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്. മറ്റ് പല പേരുകളുയർന്നെങ്കിലും ആരോപണങ്ങൾക്ക് ഇടംനൽകാതെയുള്ള പ്രവർത്തന പാരമ്പര്യവും മണ്ഡലത്തിലെ ബന്ധങ്ങളും ജോയിക്ക് മുൻതൂക്കം നൽകി. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡൻറ്, കിഴുവിലം ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തെ ആറ്റിങ്ങൽ, ചിറയിൻകീഴ് നിയോജക മണ്ഡലങ്ങളിലെ പൊതുജനങ്ങൾക്ക് ഏറെ പരിചയമുണ്ട്. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനുമാണ്. കഴിഞ്ഞ എട്ടുവർഷമായി വർക്കല നിയോജക മണ്ഡലം എം.എൽ.എയാണ്.
വർക്കല എം.എൽ.എ ആയിരിക്കുമ്പോൾ തന്നെ സമീപമണ്ഡലങ്ങളിലും സജീവമായിരുന്നു. വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളുടെ ജില്ല നേതൃനിരയിൽ പ്രവർത്തിച്ചിരുന്നതിനാൽ ജില്ലയിലുടനീളം പാർട്ടി പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട്. പാർട്ടി ജില്ല സെക്രട്ടറിയായതോടെ ആ ബന്ധം കൂടുതൽ ഉറപ്പിക്കാൻ കഴിഞ്ഞു. അതിനിടയിയാണ് പാർലമെൻറ് മണ്ഡലം സ്ഥാനാർഥി എന്ന പുതിയ നിയോഗം ഉണ്ടായത്.
വി. ജോയിയുടെ സ്ഥാനാർഥി പ്രഖ്യാപനം സി.പി.എം പാർട്ടി കേന്ദ്രങ്ങളും വലിയ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ ആരെന്ന് നേരത്തേ വ്യക്തമാക്കപ്പെടുകയും എന്നാൽ, ഇടതുപക്ഷ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനിടയിലാണ് ജോയിയുടെ സ്ഥാനാർഥിത്വം കടന്നുവരുന്നത്. പ്രവർത്തകരുടെ ആവേശം പ്രചാരണരംഗത്ത് പ്രകടമായിട്ടുണ്ട്. ചുവരെഴുത്തുകളിൽ വി. ജോയി നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.