കളത്തിലിറങ്ങി ഇടതുമുന്നണി
text_fieldsകണ്ണൂർ: സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ എൽ.ഡി.എഫ് നേതൃത്വവും പ്രവർത്തകരും തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക്. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ കാൽടെക്സിലെ എ.കെ.ജി പ്രതിമയിൽ തൊട്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു ഏതാനും മണിക്കൂർ മുമ്പ് കേരള കോൺഗ്രസ് (എം) കണ്ണൂർ ലോക്സഭ മണ്ഡലം പ്രവർത്തക കൺവെൻഷനിൽ നൽകിയ സ്വീകരണത്തിലും എം.വി. ജയരാജൻ പങ്കെടുത്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം കണ്ണൂർ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന ഉറച്ച നിലപാടാണ് ആവർത്തിച്ചത്. എ.കെ.ജി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനക്ക് ശേഷം പയ്യാമ്പലത്തെ ജനനേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിലും രക്തസാക്ഷി കുടീരങ്ങളിലും പുഷ്പാർച്ചന നടത്തി.
വൈകീട്ട് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ച് റോഡ് ഷോയും നടന്നു. ഫോർട്ട് റോഡ് എസ്.ബി.ഐക്ക് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും അണിനിരന്നു. സ്ഥാനാർഥിയുടെ ഫോട്ടോയും തെരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനം ചെയ്ത പ്ലക്കാർഡുമേന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നത്. സ്ഥാനാർഥി എം.വി. ജയരാജനെ ആനയിച്ച് നടന്ന റോഡ് ഷോക്ക് എൽ.ഡി.എഫ് നേതാക്കളായ കെ.പി. സഹദേവൻ, സി.പി. മുരളി, ജയിംസ് മാത്യു, എൻ. ചന്ദ്രൻ, ഒ.കെ. വിനീഷ്, പി. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. റോഡ് ഷോ നഗരം ചുറ്റിയശേഷമാണ് സമാപിച്ചത്. ബുധനാഴ്ച പേരാവൂർ മണ്ഡലത്തിൽ എം.വി. ജയരാജൻ പ്രമുഖ വ്യക്തികളെ കാണും.
ജില്ലയിൽ സി.പി.എം തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയിട്ട് നാളേറെയായി. ഇതിനകംതന്നെ ബുത്ത് കമ്മിറ്റികൾ രുപവത്കരിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ബൂത്തുതല യോഗങ്ങൾ പൂർത്തിയാക്കി. ജില്ലയിൽ പലയിടത്തായി ചൊവ്വാഴ്ച വൈകീട്ട് വിളംബര റാലികളും നടന്നു. മറ്റ് ലോക്കലുകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി വിളംബരറാലികൾ നടക്കും. ഇതോടെ എൽ.ഡി.എഫ് നേതൃത്വവും പ്രവർത്തകരും പൂർണമായും തെരെഞ്ഞടുപ്പ് ആരവങ്ങളിലാകും.
യു.ഡി.എഫ് സ്ഥാനാർഥി നിലവിലത്തെ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരനാണെന്ന് ഏറക്കുറെ വ്യക്തമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ യു.ഡി.എഫ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.