സജീവമായി എൽ.ഡി.എഫും എൻ.ഡി.എയും; യു.ഡി.എഫും ഗോദയിലിറങ്ങി
text_fieldsപാലക്കാട്: റോഡ് ഷോയും പര്യടനവുമായി എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കളം നിറഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി പ്രചാരണം തുടങ്ങുന്നതേയുള്ളൂ. എം.പി എന്നനിലയിൽ ഉദ്ഘാടനങ്ങളുടെ പെരുമഴ പൂർത്തീകരിക്കുന്ന തിരക്കിലാണ് വി.കെ. ശ്രീകണ്ഠൻ.
എൽ.ഡി.എഫ് പാർലമെന്റ് കൺവെൻഷനുകൾ പാലക്കാട്ട് മാർച്ച് ഏഴിനും ആലത്തൂർ മണ്ഡലത്തിലെ മാർച്ച് പത്തിന് വടക്കഞ്ചേരിയിലും നടന്നു. എ. വിജയരാഘവൻ മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ എൽ.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായി. ഇനി 96 ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ മാർച്ച് 25നകവും 1329 ബൂത്ത് കൺവെൻഷനുകൾ മാർച്ച് 31നകവും പൂർത്തിയാവും. അതു കഴിഞ്ഞാൽ സ്ഥാനാർഥി സ്വീകരണവും ഒപ്പം പൊതുയോഗങ്ങളും നടക്കും. തിങ്കളാഴ്ച പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തതോടെ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിച്ച എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും രംഗത്ത് എത്തിയതോടെ പാലക്കാട് കടുത്ത മത്സരത്തിനാണ് സാക്ഷിയാവുന്നത്.
ആലത്തൂരും പ്രചാരണപ്രവർത്തനങ്ങൾക്ക് ചൂടേറി. എൻ.ഡി.എ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ എൽ.ഡി.എഫിലെ രാധാകൃഷ്ണനും, യു.ഡി.എഫിലെ രമ്യാഹരിദാസും തമ്മിലുള്ള നേർക്കുനേരെയുള്ള പോരാട്ടമാണ് നടക്കുന്നത്.
നിയമസഭ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിന് ജില്ലയിൽ വ്യക്തമായ മേൽക്കൈ ഉണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ഇടതുമുന്നണി ക്യാമ്പുകളിൽ നടക്കുന്നത്. അതെസമയം മണ്ഡലം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. ഇപ്പോഴത്തെ എം.പിമാരാണ് യു.ഡി.എഫിൽ വീണ്ടും ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.