തീരദേശത്ത് തിരയിളക്കി പ്രിയങ്ക
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വലിയതുറ ജങ്ഷനിൽ പ്രിയങ്ക ഗാന്ധി എത്തുമ്പോൾ ഒരു മണിക്കൂർ വൈകി. നാല് മണി കഴിഞ്ഞെങ്കിലും വെയിലിന് കുറവില്ല. വന്നിറങ്ങിയപാടേ പ്രിയങ്ക തുറന്ന വാഹനത്തിലേക്ക് ഓടിക്കയറി. തൃശൂരിലെയും പത്തനംതിട്ടയിലെയും പ്രചാരണ പരിപാടികളിൽ പങ്കെടുത്തതിന്റെയും നീണ്ട യാത്രയുടെയും ക്ഷീണമൊന്നും മുഖത്തില്ല. സ്ഥാനാർഥി ശശി തരൂരും രമേശ് ചെന്നിത്തലയും ഒപ്പമെത്താൻ പാടുപെടുന്നത് കാണാം. ജൂനിയർ ഇന്ദിര ഗാന്ധി, രാജീവിന്റെ പ്രിയപുത്രി, രാഹുലിന്റെ പെങ്ങളൂട്ടി പ്രിയങ്ക ഇതാ വരുന്നു... അകമ്പടി വാഹനത്തിൽനിന്നുള്ള അനൗൺസ്മെന്റ് മുഴങ്ങിയപ്പോൾ അണികൾ ഇളകി. പുഷ്പവൃഷ്ടിയുമായി ഇരുവശത്തും സ്ത്രീകളുടെയും കുട്ടികളുടെയും നിര.
പ്രായമായ സ്ത്രീകളെ കണ്ട ഇടങ്ങളിൽ പ്രിയങ്ക പലകുറി വാഹനത്തിൽനിന്നിറങ്ങി. അവരുടെ കരംപിടിച്ച് കുശലംചോദിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രവുമായി മൂന്ന് കുട്ടികൾ വീട്ടിനുമുന്നിൽ കാത്തിരുന്നു. അവിടെയിറങ്ങി കുട്ടികളെ താലോലിച്ച് പിതാവിന്റെ ചിത്രം അവരിൽനിന്ന് ഏറ്റുവാങ്ങി. റോഡ് ഷോ ഒരു കിലോമീറ്റർ പിന്നിട്ട് ബീമാപള്ളിക്ക് മുന്നിൽ. അതോടെ അനൗൺസ്മെന്റിന്റെ വിഷയം മാറി. ജനാധിപത്യം സംരക്ഷിക്കാൻ, പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ തരൂരിനെ വിജയിപ്പിക്കൂ, കോൺഗ്രസിനെ സഹായിക്കൂ... എന്നായിരുന്നു അതുവരെ. ബീമാപള്ളിയിലെത്തിയപ്പോൾ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ, ആർ.എസ്.എസിന്റെ ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന്റെ കൈപ്പത്തിയിൽ വോട്ടുചെയ്യൂ... എന്നായി.
ബീമാപള്ളി ജങ്ഷനിലും റോഡിലും വലിയ ജനക്കൂട്ടമാണ് പ്രിയങ്കയെ കാണാനെത്തിയത്. സ്ത്രീകൾക്ക് ഹസ്തദാനം നൽകാൻ പ്രിയങ്ക പ്രത്യേകം ശ്രദ്ധിച്ചു. സമയം അതിക്രമിച്ചപ്പോൾ പൈലറ്റ് വാഹനത്തോട് വേഗം കൂട്ടാൻ പലകുറി നിർദേശിക്കേണ്ടിവന്നു. മൂന്ന് കിലോമീറ്റർ നീണ്ട റോഡ് ഷോ പൂന്തുറ ജങ്ഷനിലാണ് സമാപിച്ചത്. കൃസ്ത്യൻ പള്ളികൾക്കും വീടുകൾക്കുമുന്നിലും പ്രിയങ്കയെ കാത്ത് ഏറെപ്പേരുണ്ടായിരുന്നു.
പത്ത് മിനിറ്റ് മാത്രമായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പതിവുപോലെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തുടക്കം. ചുരുങ്ങിയ വാക്കുകളെങ്കിലും സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയും സൂചിപ്പിച്ച് പിണറായി വിജയന് ഒരു കൊട്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ, പാവപ്പെട്ട സ്ത്രീകൾക്ക് വർഷംതോറും ലക്ഷം രൂപ ഉൾപ്പെടെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എടുത്തുപറഞ്ഞത് അണികളിൽ ആവേശം വിതച്ചു. തിരുവനന്തപുരത്തിന്റെ തീരദേശത്ത് തിരയിളക്കം സൃഷ്ടിച്ചാണ് പ്രിയങ്ക മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.