ചിത്രം തെളിയാതെ ചാലക്കുടി
text_fieldsതൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ അതിവേഗം മുന്നോട്ടു പോകുമ്പോൾ ഇനിയും പൂർണ ചിത്രം തെളിയാതെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ മണ്ഡലമായ ചാലക്കുടി. ഇടത് ജനാധിപത്യ മുന്നണിയും ട്വന്റി20യുമാണ് ഇതുവരെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിലവിലെ സിറ്റിങ് എം.പിമാർ മത്സരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബെന്നി ബെഹനാൻതന്നെ മത്സരിക്കുമെന്ന് മിക്കവാറും ഉറപ്പാണ്. മറിച്ചുള്ള ചർച്ചകളൊന്നും പാർട്ടിക്കകത്ത് ഉയർന്നിട്ടുമില്ല. എങ്കിലും, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകേണ്ടതുണ്ട്. എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിതന്നെ മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബി.ഡി.ജെ.എസും മണ്ഡലത്തിൽ മത്സരിച്ചേക്കാമെന്ന സൂചനകൾ നൽകിയതാണ് ആശയക്കുഴപ്പത്തിന് കാരണം.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയാണ് മണ്ഡലത്തിൽ മത്സരിച്ചത്.
സ്ഥാനാർഥി നിർണയം ആദ്യം പൂർത്തിയാക്കിയ എൽ.ഡി.എഫ് പ്രചാരണരംഗത്തും സജീവമാണ്. പ്രഫ. സി. രവീന്ദ്രനാഥാണ് ഇടത് സ്ഥാനാർഥി. മണ്ഡലപര്യടനങ്ങളുടെ തിരക്കിലാണ് അദ്ദേഹം. തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭ മണ്ഡലം. കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മുൻ മന്ത്രി രവീന്ദ്രനാഥ് സ്ഥാനാർഥിയായി എത്തിയത് ഇടത് പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
2019ൽ നടന്ന ഒടുവിലെ തെരഞ്ഞെടുപ്പിൽ ബെന്നി ബെഹനാൻ നേടിയ 1,32,274 വോട്ടുകളുടെ ഭൂരിപക്ഷമെന്ന വലിയ കടമ്പ മറികടക്കൽ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണ് ഇടതുപക്ഷം. കുന്നത്തുനാട്, പെരുമ്പാവൂർ നിയമസഭ മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ട്വന്റി20യും പ്രചാരണരംഗത്ത് സജീവമാണ്. സ്ഥാനാർഥിയായ അഡ്വ. ചാർളി പോൾ മണ്ഡലപര്യടനം ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.