ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം; പത്തനംതിട്ടയിലും പിണറായിക്കെതിരെ ആഞ്ഞടിച്ചു
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പിണറായി വിരുദ്ധ വിഭാഗം ശക്തിപ്പെടുന്നു.
പിണറായി വിജയന്റെ നിലപാടുകളും പെരുമാറ്റശൈലിയുമാണ് കനത്ത പരാജയത്തിനു കാരണമായതെന്ന് സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായതിനു പിന്നാലെ ഞായറാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിലും ഇതേ വിഷയം ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്കു കാരണമായി.
രാവിലെ ആരംഭിച്ച ജില്ല കമ്മിറ്റി യോഗം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. പുറമെ കൊടുമണ്ണിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫിന്റെ നീക്കങ്ങൾ പാർട്ടിക്കും സർക്കാറിനും അപമാനമുണ്ടാക്കിയതായും വിമർശനമുയർന്നു. പിണറായി വിജയന്റെ താൽപര്യങ്ങളോടു യോജിച്ചു നിന്നിരുന്ന ജില്ല ഘടകത്തിലുണ്ടായ ചേരിതിരിവ് സംസ്ഥാന നേതൃത്വത്തിലും ഞെട്ടലുണ്ടാക്കി.
മന്ത്രി വി.എന്‍. വാസവന്റെയും കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കിന്റെയും സാന്നിധ്യത്തില്‍ നടന്ന ജില്ല സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
തന്നിഷ്ടം തിരിച്ചടിയായി
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അത് അംഗീകരിക്കാതിരിക്കുന്നത് അസംബന്ധമാണെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ജനങ്ങളില്‍നിന്ന് പാര്‍ട്ടിയും സര്‍ക്കാറും അകന്നു. അതു തിരിച്ചറിയാതെ എന്തുവന്നാലും ജനം വോട്ടു ചെയ്യുമെന്ന് ധരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
താഴെത്തട്ടിലെ ജനവികാരവും പ്രവർത്തകരുടെ താൽപര്യങ്ങളും മനസ്സിലാക്കുന്നതില്‍ ജില്ലയിലും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ടായി. തോമസ് ഐസക്കിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് ചിലര്‍ കാട്ടിയ നിസ്സംഗത മനോഭാവവും ജില്ല സെക്രട്ടേറിയറ്റില്‍ അടിയുടെ വക്കോളമെത്തിയ സംഭവങ്ങളുമൊക്കെ പ്രചാരണത്തെ സാരമായി ബാധിച്ചു. 2019ല്‍ ബി.ജെ.പി പിടിച്ച വോട്ടുകള്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
പാർട്ടിയിൽനിന്ന് അകന്ന് വലിയ വിഭാഗം
കാലങ്ങളായി സി.പി.എമ്മില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയില്‍നിന്ന് അകന്നതായും വിലയിരുത്തലുണ്ടായി. മന്ത്രിമാര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു ജനങ്ങളില്‍ അധികഭാരം അടിച്ചേൽപിക്കുകയാണ്.
പെന്ഷന് കുടിശ്ശിക വന്നതും തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ മെല്ലെപ്പോക്കും നവകേരള സദസ്സിന്റെ സംഘാടനപ്പിഴവും പണപ്പിരിവുമെല്ലാം ദോഷം ചെയ്ത ഘടകങ്ങളാണ്. മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ച പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതാക്കളുടെ മക്കള്‍ ഭരണത്തിന്റെ തണലില്‍ കച്ചവടം നടത്തി പണമുണ്ടാക്കുന്നെന്ന ആരോപണത്തെ നേരിടാന്‍ പാര്ട്ടിക്കാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.