ഇറങ്ങി എൽ.ഡി.എഫ്, ഒരുങ്ങി യു.ഡി.എഫ്, പ്രഖ്യാപനം കാത്തിരുന്നു ബി.ജെ.പി
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഗോദയിലിറക്കി എൽ.ഡി.എഫ് പടയൊരുക്കം. കയ്യൂർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർചന നടത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മാസ്റ്ററുടെ അരങ്ങേറ്റം. ചീമേനി, പാടിച്ചാലിലെ മുനയൻകുന്ന്, കോറോം, പെരളം, കരിവെള്ളൂർ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ച് ആദരാഞ്ജലികർപ്പിച്ചു. ഇന്ന് കല്യാശ്ശേരി, 29ന് കാസർകോട്, ഒന്നിന് പയ്യന്നൂർ, രണ്ടിന് മഞ്ചേശ്വരം, മൂന്നിന് തൃക്കരിപ്പൂർ, നാലിന് ഉദുമ, അഞ്ചിന് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
കോൺഗ്രസ് ഒരുക്കം തുടങ്ങി
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുക്കം തുടങ്ങി. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി ഡി.സി.സി ഓഫിസിൽ ചേർന്ന നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി മെംബർമാരായ പി.എ. അഷ്റഫലി, ശാന്തമ്മ ഫിലിപ്പ്, കരിമ്പിൽ കൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ പി.ജി. ദേവ്, അഡ്വ. എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, പി.വി. സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, സി.വി. ജയിംസ്, കെ.വി. സുധാകരൻ, ടോമി പ്ലാച്ചേരി, കെ.പി. പ്രകാശൻ, ഹരീഷ് പി. നായർ, ധന്യാസുരേഷ്, കെ.വി. വിജയൻ, ജോയ് ജോസഫ്, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, രാജീവൻ നമ്പ്യാർ, രാജൻ പെരിയ, പി. കുഞ്ഞിക്കണ്ണൻ, സാജിദ് മൗവ്വൽ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, ജവാദ് പുത്തൂർ, പി. രാമചന്ദ്രൻ, എ. വാസുദേവൻ, കെ.കെ. ബാബു, കെ. വാരിജാക്ഷൻ, സി.വി. ഭാവനൻ എന്നിവർ സംസാരിച്ചു
പ്രഖ്യാപനം കാത്ത് ബി.ജെ.പി
രണ്ടുലക്ഷത്തോളം വോട്ട് പിടിക്കാൻ സ്വാധീനമുള്ള സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമാണ് ബി.ജെ.പിക്ക് കാസർകോട്. ത്രികോണ മത്സരത്തിന്റെ പ്രതീതിയുളവാക്കുന്ന കാസർകോട് സ്ഥാനാർഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ദേശീയ നേതൃത്വത്തിൽ നിന്നും പ്രതിനിധികൾ നേരിട്ട് സർവേ നടത്തി നിരവധി പേരുകൾ കണ്ടെത്തിയിട്ടുണ്ട്.
അതിൽ പി.കെ. കൃഷ്ണദാസ്, അഡ്വ. കെ. ശ്രീകാന്ത്, കെ. സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവർ ഉള്ളതായി പറയുന്നു. മംഗളൂരു സ്വദേശിയുടെ പേരും പരിഗണനയിലുണ്ട്.
എം.വി. ബാലകൃഷ്ണൻ മാസ്റ്റർ
സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ (74) ജില്ലയിലെ നിരവധി നേതാക്കളെ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിപ്പിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ച ശേഷമാണ് ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് നേരിട്ടിറങ്ങുന്നത്. കൊവ്വൽ എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനാവുകയായിരുന്നു. മുഴക്കോം ബ്രാഞ്ച് സെക്രട്ടറി മുതൽ പാർട്ടി ജില്ല സെക്രട്ടറി വരെയുള്ള അനുഭവം.
ആദ്യകാല അധ്യാപക സംഘടനയായ കെ.പി.ടി.യു ജില്ല സെക്രട്ടറി, എൻ.ആർ.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ പ്രഥമ സംസ്ഥാന സെക്രട്ടറി, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ല പഞ്ചായത്തിന് മികച്ച പ്രസിഡന്റ് എന്ന അംഗീകാരവും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരം നാലുതവണയും നേടി. 2017ല്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു.
1987 മാർച്ച് 23ന് ചീമേനിയിൽ അഞ്ച് സി.പി.എം പ്രവർത്തകരെ തീയിട്ടുകൊന്ന പാർട്ടി ഓഫിസിൽ ലോക്കൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നായരുടെയും ചിരുതൈ അമ്മയുടെയും മകൻ. ഭാര്യ: എം.കെ. പ്രേമവല്ലി (റിട്ട. ക്ലായിക്കോട് സഹകരണ ബാങ്ക് ജീവനക്കാരി). മക്കൾ: എം.കെ. പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ), എം.കെ. പ്രവീണ (യു.കെ). മരുമക്കൾ: പി. വിജയകുമാർ മംഗലശ്ശേരി, പ്രസാദ് (യു.കെ)
ഉണ്ണിത്താൻ തന്നെ സ്ഥാനാർഥി
യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.പി രാജ്മോഹൻ ഉണ്ണിത്താനാണെന്ന് ഉറപ്പായി. സിറ്റിങ് എം.പിമാർക്കുതന്നെ സീറ്റ് നൽകുമെന്ന ഉറപ്പിന്മേലാണ് യു.ഡി.എഫ് ഒരുക്കം. ഇടതുപക്ഷം നേരിടേണ്ടിവരുന്നത് കഴിഞ്ഞതവണ ഇടതുകോട്ട പിടിച്ചെടുത്ത സ്ഥാനാർഥിയെ തന്നെയാണ്. 40000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ അഞ്ചു വർഷമായി കാസർകോട് തന്നെ വീടെടുത്ത് താമസിക്കുകയാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ കോൺഗ്രസ് പ്രവർത്തകനായി വളർന്ന രാജ്മോഹൻ ഉണ്ണിത്താൻ ചലച്ചിത്ര നടനും കൂടിയാണ്.
സംസ്ഥാന ചലച്ചിത്ര കോർപറേഷൻ ചെയർമാനായിരുന്നു. തലശ്ശേരിയിൽ കോടയേരി ബാലകൃഷ്ണനോടും കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയോടും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഉണ്ണിത്താൻ കാസർകോട്ട് മത്സരിക്കാനെത്തിയപ്പോൾ അത്ഭുത വിജയം നേടുകയായിരുന്നു. 35 വർഷത്തിനു ശേഷമാണ് ഒരു കോൺഗ്രസ് സ്ഥാനാർഥി ഇവിടെ ജയിക്കുന്നത്. 20 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദി ടൈഗർ, വാസ്തവം, ബൽറാം വേഴ്സസ് താരാദാസ്, ജൂബിലി, എന്നിവയിൽ വേഷമിട്ടിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1953 ജൂൺ പത്തിന് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ്.എൻ കോളജിൽ ചേർന്നു ബിരുദം നേടി. ബി.എ ഇക്കണോമിക്സ് ആണ് വിദ്യാഭ്യാസ യോഗ്യത.
ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍
കാസര്‍കോട് ജില്ലയില്‍ 6,367 പുരുഷന്മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമായി 1772 കന്നിവോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്.
പാര്‍ലമെന്റ് മണ്ഡലത്തില്‍ ആകെ 14,19,355 വോട്ടര്‍മാരാണുള്ളത്. നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് 2,20,320 വോട്ടര്‍മാരും കാസര്‍കോട്ട് 2,00,432 വോട്ടര്‍മാരും ഉദുമയില്‍ 2,13,659 വോട്ടര്‍മാരും കാഞ്ഞങ്ങാട്ട് 2,15,778 വോട്ടര്‍മാരും തൃക്കരിപ്പൂരില്‍ 2,00,922 വോട്ടര്‍മാരും പയ്യന്നൂര്‍ മണ്ഡലത്തില്‍ 1,82,299 വോട്ടര്‍മാരും കല്യാശ്ശേരി മണ്ഡലത്തില്‍ 1,85,945 വോട്ടര്‍മാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.