‘നോട്ട’യും നേട്ടമുണ്ടാക്കി
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ ‘നോട്ട’യും (നൺ ഓഫ് ദി എബൗ) എല്ലായിടത്തും വലിയ നേട്ടമുണ്ടാക്കി. ആകെയുള്ള 20 മണ്ഡലങ്ങളിൽ ആലത്തൂരിലാണ് നോട്ടക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 12,033 വോട്ടുകൾ. കോട്ടയവും മാവേലിക്കരയുമാണ് തൊട്ടുപിന്നിൽ. ഇവിടങ്ങളിൽ യഥാക്രമം 11,933, 9,883 എന്നിങ്ങനെയാണ് നോട്ട വോട്ടുകൾ. ഏറ്റവും കുറവ് വടകരയിലാണ്. ഇവിടെ കേവലം 2,909 വോട്ടാണുള്ളത്. ചാലക്കുടി ഒഴികെയുള്ള 19 ലോക്സഭ മണ്ഡലങ്ങളിലും നോട്ട നാലാംസ്ഥാനത്താണ്. ചാലക്കുടിയിൽ 1,05,560 വോട്ട് നേടി ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി അഡ്വ. ചാലിൽ പോളാണ് നാലാം സ്ഥാനത്ത്. ഇവിടെ നോട്ടക്ക് 8,063 വോട്ട് ലഭിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ട്വന്റി ട്വന്റി സ്ഥാനാർഥികൾ മാത്രമാണ് നോട്ടക്ക് മുന്നിലുള്ളത്. മറ്റു ചെറുപാർട്ടികളും സ്വതന്ത്രരും എല്ലാ മണ്ഡലത്തിലും നോട്ടക്ക് പിറകിലാണ്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള വോട്ടുയന്ത്രത്തിലെ സുപ്രധാന പരിഷ്കാരമാണ് നോട്ട. തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട സ്ഥാനാർഥികളിൽ ആരോടും താൽപര്യമില്ലാത്ത വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വോട്ടുയന്ത്രത്തിലെ ബട്ടണാണിത്. വോട്ടിങ് മെഷീനിൽ ‘ഇവരിൽ ആരും അല്ല’ എന്ന് രേഖപ്പെടുത്താനാണിത്.
സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണാണ് നോട്ട. തെരഞ്ഞെടുപ്പുകളിൽ നോട്ട സംവിധാനം ഏർപ്പെടുത്തണമെന്ന് നേരത്തെ ചർച്ചയുണ്ടായിരുന്നു. ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായകരമാവും എന്ന് നിരീക്ഷിച്ച സുപ്രീംകോടതി 2013ൽ തെരഞ്ഞെടുപ്പുകളിൽ ‘നോട്ട’ എന്ന സംവിധാനം കൂടി നടപ്പാക്കണമെന്ന് കമീഷനോട് നിർദേശിച്ചതോടെയാണിത് യാഥാർഥ്യമായത്. നോട്ടക്ക് ഭൂരിപക്ഷം ലഭിച്ചാൽ അത് സാധുവായ വോട്ടാകില്ല. നോട്ട വോട്ട് ഒഴിവാക്കിയാണ് ആകെ സാധു വോട്ട് കണക്കാക്കുക. ഇന്ത്യക്കൊപ്പം ഗ്രീസ്, അമേരിക്ക, യുക്രെയ്ൻ, സ്പെയിൻ തുടങ്ങി 13 രാജ്യങ്ങളിൽ ഈ സംവിധാനമിപ്പോൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.