കൊല്ലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsകൊല്ലം: അപകടനിലയിലേക്ക് അന്തരീക്ഷതാപം ഉയരവെ തെരഞ്ഞെടുപ്പുചൂടിന്റെ ആവേശത്തിലേക്ക് കടന്ന് നാട്. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ നാളുകൾ ബാക്കിനിൽക്കെ രണ്ട് പ്രധാന മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാകാനുള്ള ഒരുക്കം ദിവസങ്ങൾക്ക് മുേന്ന തുടങ്ങിയിരുന്നു. ചുമരെഴുത്തുകൾ ഒരു ഭാഗത്ത് നടക്കുമ്പോൾ, മറുഭാഗത്ത് വിജ്ഞാപനം വരുന്നതിന് മുമ്പുള്ള വിവിധ ഉദ്ഘാടനങ്ങളിൽ പങ്കെടുത്ത് സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ.
യു.ഡി.എഫിന്റെ സിറ്റിങ് എം.പിയായ എൻ.കെ. പ്രേമചന്ദ്രനോട് ഒപ്പം നിൽക്കാൻ എൽ.ഡി.എഫിന്റെ എം. മുകേഷ് എം.എൽ.എയും പാർട്ടിയും വൻ സന്നാഹമാണ് ഒരുക്കുന്നത്. മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം 27ന് തന്നെ മുകേഷ് ആരംഭിച്ചുകഴിഞ്ഞു. കിഴക്കൻമേഖലയിലാണ് ആദ്യ രണ്ട് ദിനങ്ങളിലും മുകേഷിന്റെ പര്യടനം. പുനലൂർ, ചടയമംഗലം, അഞ്ചൽ, കടയ്ക്കൽ മേഖലകളിലാണ് ഈ രണ്ട് ദിവസവും മുകേഷും എൽ.ഡി.എഫ് സംഘവും വോട്ടഭ്യർഥനയുമായി എത്തിയത്. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ എന്നിവർ പിന്തുണയുമായി ആദ്യദിനങ്ങളിൽതന്നെ സ്ഥാനാർഥിക്ക് കരുത്തുപകരാനെത്തി. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് ശേഷം കുണ്ടറ നിയമസഭ മണ്ഡലത്തിലൂടെയാണ് പര്യടനം മുന്നേറുക. ചാത്തന്നൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങൾ പിന്നിട്ട് മാർച്ച് നാലിന് കൊല്ലത്ത് ആയിരിക്കും ആദ്യഘട്ട പര്യടനത്തിന്റെ സമാപനം.
എൽ.ഡി.എഫ് ആദ്യഘട്ട പര്യടനത്തിൽ ഒരുപടി മുന്നിൽ എത്തിയെങ്കിലും ജനമനസ്സ് തങ്ങൾക്കൊപ്പമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.കെ. പ്രേമചന്ദ്രൻ മണ്ഡലപര്യടനം ആരംഭിച്ചിട്ടില്ല. എന്നാൽ, പാർട്ടി-മുന്നണി യോഗങ്ങളും പൊതുപരിപാടികളുമായി സജീവമാണ്. വൈകാതെ യു.ഡി.എഫ് സംഘവും മണ്ഡലപര്യടനം ആരംഭിക്കുന്നതോടെ നേർക്കുനേർ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞുതുടങ്ങും.
ഇരുമുന്നണികളും സ്ഥാനാർഥി പ്രഖ്യാപനവും കഴിഞ്ഞ് പര്യടനതിരക്കിലേക്ക് കടന്നിട്ടും കൊല്ലത്തെ ബി.ജെ.പി സ്ഥാനാർഥി ആരെന്നതിൽ ഇതുവരെ വ്യക്തതയില്ല. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ എന്നിവരുടെ പേര് ഉയരുന്നുണ്ട്. കുമ്മനം എത്തിയാൽ ത്രികോണ മത്സരമാകും. കെ. സുരേന്ദ്രന്റെ കേരള പദയാത്ര ജില്ലയിൽ എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പുമാത്രം ജില്ലയിൽ വാർത്തസമ്മേളനങ്ങളിലും പരിപാടികളിലും മുഖംകാണിച്ച് സജീവമായ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.ടി. രമയും സ്ഥാനാർഥിത്വത്തിൽ അഭ്യൂഹമായുണ്ട്. അതേസമയം, മണ്ഡലം ബി.ഡി.ജെ.എസിന് നൽകുമോ എന്നതും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.