ആന്റോ ആന്റണിയും എത്തി; ചൂട് പിടിച്ച് പത്തനംതിട്ട
text_fieldsപത്തനംതിട്ട: കോൺഗ്രസിന്റെ സ്ഥാനാർഥിയായി സിറ്റിങ് എം.പി ആന്റോ ആന്റണി കൂടി കളത്തിൽ എത്തിയതോടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട ആന്റോയുടെ പേര് ഔദ്യോഗികമായി പാർട്ടി പുറത്തുവിട്ടത്.
സിറ്റിങ് എം.പിമാർക്ക് സീറ്റെന്ന പാർട്ടിയുടെ പ്രഖ്യാപനത്തിനിടയിലും സ്ഥാനാർഥിയെ മാറ്റണമെന്ന് പത്തനംതിട്ടയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ലോക്സഭ മണ്ഡലം രൂപീകരിക്കപ്പെട്ട നാൾ മുതൽ പ്രതിനിധീകരിക്കുന്ന ആന്റോ ആന്റണി ഇത് നാലാംവട്ടമാണ് മത്സരത്തിന് ഇറങ്ങുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായി ഡോ. തോമസ് ഐസക്കും എൻഡി.എ സ്ഥാനാർഥിയായി അനിൽ ആന്റണിയും പ്രചാരണ രംഗത്തിറങ്ങി കഴിഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിൽ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ അസംതൃപ്തി ഉയർന്നിരുന്നു.
അതേസമയം തുടർച്ചയായി മത്സരിക്കുന്ന ആന്റോ പുതുതലമുറക്കായി മാറികൊടുക്കാത്തതിൽ പാർട്ടി പ്രവർത്തകർക്കടിയിൽ ചില അസ്വാരസ്യങ്ങൾ നിലവിലുണ്ട്. ഇനിയെങ്കിലും പത്തനംതിട്ട സ്വദേശിയെ സ്ഥാാർഥിയാക്കണമെന്ന് പ്രാദേശിക വികാരവുംഉയർന്നിരുന്നു. ഇതെല്ലാം പരിഹരിച്ചുവേണം ആന്റോക്ക് വീണ്ടും ജയിച്ചുകയറാൻ.
മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ഐസക്കിനെ എൽ.ഡി.എഫ് ദിവസങ്ങൾക്ക് മുന്നെ പ്രഖ്യാപിച്ചിരുന്നു. അതിതാൽ പ്രചരണ രംഗത്ത് ഒരുപടി മുന്നിലാണ് ഇടതുമുന്നണി.
സ്ഥാനാർഥിയുടെ പോസ്റ്ററുകൾ മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്നതിലും തോമസ് ഐസക് സജീവമാണ്.
പത്തനംതിട്ടയെ എ ക്ലാസ് മണ്ഡലമായാണ് എൻ.ഡി.എ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ അപ്രതിക്ഷിത സ്ഥാനാർഥിയാണ് കളം പിടിച്ചിരിക്കുന്നത്.
പി.സി. ജോർജിനെ വെട്ടിയാണ് അനിൽ രംഗത്തെത്തിയത്. ബി.ഡി.ജെ.എസ് ഉയർത്തിയ ശക്തമായ പ്രതിഷേധമാണ് ദേശീയ നേതൃത്വത്തെ ഇത്തരം ഒരു അട്ടിമറി നീക്കത്തിന് പ്രേരിപ്പിച്ചത്. എന്നാൽ ജോർജിന് പകരം
പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെ ഉണ്ടായിരുന്നു. പക്ഷെ സുരേന്ദ്രനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ ചില ആരോപണങ്ങൾ അണികൾ എറ്റെടുത്തത് അദേഹത്തിന് വിനയായി.
പിള്ളയാകട്ടെ ഇപ്പൊൾത്തന്നെ പാർട്ടി ബലത്തിൽ ലഭിച്ച ഒരു ഉന്നത പദവിയിലുമാണ്. അങ്ങനെ സമരസപ്പെടുന്ന രീതിയിലിലാണ് അനിലിന്റെ പേര് അവസാനം പരിഗണിച്ചത്.
ജോർജിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ കിട്ടുമായിരുന്ന ക്രൈസ്തവ വോട്ടുകൾ അനിലിലൂടെ ഉറപ്പിക്കാമെന്നും നേതൃത്വം കരുതുന്നു.
ആന്റോ ആന്റണിക്ക് ഡി.സി.സിയിൽ സ്വീകരണം
പത്തനംതിട്ട: പ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് ഡി.സി.സി ഓഫീസായ പത്തനംതിട്ട രാജീവ് ഭവനിൽ വെള്ളിയാഴ്ച പാർട്ടി നേതൃത്വം സ്വീകരണം നൽകി.
ജില്ല കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻ രാജ്, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ല ചെയർമാൻ വർഗീസ് മാമ്മൻ, നേതാക്കളായ എ. ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ജെറി മാത്യൂസ് സാം, റെനീസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ക്ഷേത്ര ദർശനവുമായി അനിൽ ആന്റണി
ചിറ്റാർ : ശിവരാത്രി ദിവസം വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ തിരക്കിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി. ഇടക്ക് പി.സി ജോർജും ഒപ്പമുണ്ടായിരുന്നു. ഇരുവരും തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ എത്തിയ അനിൽ ആന്റണിക്ക് ഭക്തജനങ്ങൾ സ്വീകരണം നൽകി. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പറ സമർപ്പണവും അദ്ദേഹം നടത്തി.
ക്ഷേത്രസന്നിധിയിൽ നടന്ന അന്നദാനം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി റോയ് മാത്യു, ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്ര തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.