തെക്കൻ കാറ്റ് എങ്ങോട്ട്?
text_fieldsഅടൂര്‍: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ തെക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് അടൂർ നിയമസഭ മണ്ഡലം. 1965ലാണ് അടൂര്‍ താലൂക്ക് ഉള്‍പ്പെടുന്ന അടൂര്‍ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട അടൂര്‍ നിയമസഭാമണ്ഡലം നിലവില്‍വന്നത്. 1965ല്‍ കേരള കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച കെ.കെ. ഗോപാലന്നായര് ആദ്യ എം.എല്‍.എ ആയി. 1967ല്‍ സി.പി.ഐയുടെ പി. രാമലിംഗം അയ്യര്‍, 1970ല്‍ സി.പി.ഐ സ്ഥാനാർഥി തെങ്ങമം ബാലകൃഷ്ണന്, 1977ലും 1982ലും കോണ്‍ഗ്രസ് സ്ഥാനാർഥി തെന്നല ബാലകൃഷ്ണപിള്ള, 1987ല്‍ സി.പി.എം സ്ഥാനാർഥി ആര്. ഉണ്ണികൃഷ്ണ പിള്ള, 1991, 1996, 2001, 2006, കോണ്‍ഗ്രസ് സ്ഥാനാർഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2011, 2016, 2021 എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ എം.എല്‍.എമാരായി.
ലയിച്ചില്ലാതായി അടൂർ
2009ല്‍ പത്തനംതിട്ട ലോക്സഭ മണ്ഡലം രൂപവത്കരിക്കുന്നതിന് മുമ്പ് കൊല്ലം ജില്ലകളിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോന്നിയും ചേര്‍ന്ന് അടൂര്‍ എന്ന ലോക്സഭ മണ്ഡലം നിലവിലുണ്ടായിരുന്നു. 2009ല്‍ ഇതിലെ നിയോജകമണ്ഡലങ്ങള്‍ പത്തനംതിട്ട, മാവേലിക്കര, കൊല്ലം ലോക്സഭ മണ്ഡലങ്ങളിലേക്ക് ചേര്‍ക്കപ്പെട്ടു.
അടിത്തറയിൽ വിള്ളൽ
പത്തനംതിട്ട ജില്ലയില്‍ യു.ഡി.എഫിന് ഏറെ അടിത്തറയുള്ള മണ്ഡലമായിരുന്നു അടൂര്‍. എന്നാല്‍, 2011മുതലാണ് സ്ഥിതിഗതികള്‍ മാറിത്തുടങ്ങിയത്. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി പന്തളം, കൊടുമണ്‍ പ്രദേശങ്ങള്‍ അടൂര്‍ മണ്ഡലത്തോട് ചേര്‍ക്കപ്പെട്ടു. ഇതോടെ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് വോട്ടുകൂടിയെന്ന് പറയാം. 2011ല്‍ സംവരണ മണ്ഡലമായതോടെ 20 വര്‍ഷം തുടര്‍ച്ചയായി അടൂരില്‍ ജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തട്ടകം മാറേണ്ടിവന്നു. ഇതോടെ 2011ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മണ്ഡലം കൈവിട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്‍മന്ത്രി പന്തളം സുധാകരനെ 630 വോട്ടിന് തോൽപിച്ച് സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയായി. പിന്നീട് ഇങ്ങോട്ടുള്ള രണ്ട് തെരഞ്ഞെടുപ്പിലും ഇദ്ദേഹം തന്നെയാണ് വിജയിച്ചത്.
ആന്റോ പിന്നിലായി
2009, 2014 തെരഞ്ഞെടുപ്പുകളില്‍ ആന്റോ ആന്റണിക്ക് അടൂരില്‍ ലീഡ് ലഭിച്ചെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശതമാനത്തില്‍ കുറവായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ അടൂരില്‍ ആന്റോ മൂന്നാം സ്ഥാനത്തേക്ക് പോയി.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് 53,216 വോട്ട് നേടി അടൂരില്‍ ഒന്നാമതെത്തി. 51,260 വോട്ട് നേടി എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 49,280 വോട്ടാണ് ആന്റോ ആന്റണി നേടിയത്. 15 വര്‍ഷംകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് ശതമാനം നന്നേ കുറഞ്ഞു. എന്നാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് വര്‍ധന യു.ഡി.എഫ് ക്യാമ്പിന് പ്രതീക്ഷ നല്കുന്നു.
എൽ.ഡി.എഫും എൻ.ഡി.എയും പ്രതീക്ഷയിൽ
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കുന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞതവണ രണ്ടാമത് എത്തിയ സ്ഥലത്ത് ഇത്തവണ ഒന്നാമതായി ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്നാണ് എന്‍.ഡി.എ പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
മണ്ഡലത്തിലെ വോട്ടർമാർ
- ആകെ വോട്ടർമാർ 2,09,760
- പരുഷ വോട്ടര്‍മാർ 94,176
- സ്ത്രീവോട്ടര്‍മാർ 1,11,581
- ട്രാന്‍സ്ജെന്‍ഡര്‍ 03
മുന്‍ തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ക്ക്
- അടൂരില്‍ ലഭിച്ച വോട്ട്
- (യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ എന്ന ക്രമത്തില്‍)
- നിയമസഭ (2016) 50574, 76034, 25940
- ലോക്സഭ (2019) 49280, 53216, 51260
- നിയമസഭ (2021) 63650, 66569, 23980
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.