പോരാട്ടച്ചൂടിൽ തിളച്ച് തലസ്ഥാന മണ്ഡലം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോരാട്ടച്ചൂടിൽ തിളച്ചുമറിയുകയാണ് തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണം. മൂന്ന് റൗണ്ട് പര്യടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മുമ്പ് തിരുവനന്തപുരത്ത് വിജയക്കൊടിപാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ സ്ഥാനാർഥി മണ്ഡലത്തിലേക്കിറങ്ങി. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നുവട്ടം എത്തി. ബുധനാഴ്ച ഔദ്യോഗിക പരിപാടികളില്ലായിരുന്നെങ്കിലും സ്വകാര്യ സന്ദർശനവുമായി തിരക്കിലായിരുന്നു പന്ന്യൻ.
നെയ്യാറ്റിൻകര മേഖല കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ ബുധനാഴ്ചയിന്റെ പര്യടനം. ബിഷപ് ഹൗസ്, എൻ.എസ്.എസ് കരയോഗം ഓഫിസ് എന്നിവിടങ്ങൾ സന്ദർശിച്ചു. നെയ്യാറ്റിൻകര കോടതിയിലുമെത്തി. കഴിഞ്ഞ ദിവസത്തെ മണ്ഡല കൺവെൻഷനോടെ വലിയ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്. ആദ്യഘട്ട പട്ടികയിൽ തന്നെ തിരുവനന്തപുരത്തെ സ്ഥാനാർഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. തീരദേശമേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം പുരോഗമിക്കുന്നത്.
വികസനമാണ് തലസ്ഥാനത്തെ ചൂടേറിയ വിഷയം. ദേശീയപാത വികസനവും ഐ.ടി നഗരത്തിന്റെ മുഖഛായ മാറലും തലസ്ഥാനത്തെ റോഡുകളുടെ വികസനവുമെല്ലാം ഇഴകീറുകയാണ് രാഷ്ട്രീയ ക്യാമ്പുകൾ. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ മൂന്ന് മുന്നണികളും അവകാശവാദമുന്നയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അധികം ഉപയോഗിച്ച് കാണുന്നില്ല. തീരദേശ മേഖലയിൽ വിഷയം ഉന്നയിച്ചാൽ കൈപൊള്ളുമെന്നതാണ് കാരണം.
തുറമുഖത്തിനെതിരെ സമരം ചെയ്തപ്പോൾ ഏതാണ്ട് ഒറ്റപ്പെട്ട നിലയിയിരുന്നു മത്സ്യത്തൊഴിലാളി സമൂഹം. സർക്കാറിനെതിരെയായിരുന്നു സമരമെന്നതിനാൽ എതിർസ്ഥാനത്ത് ഇടതുമുന്നണിയായിരുന്നു. ബി.ജെ.പിയാകട്ടെ സമരത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ച് തുറമുഖത്തിനുവേണ്ടി സമരം പ്രഖ്യാപിച്ചു. തത്വത്തിൽ കോൺഗ്രസ് മത്സ്യത്തൊഴിലാളികളുടെ സമരത്തിനൊപ്പമായിരുന്നു. എന്നാൽ, ശശി തരൂർ സമരത്തെ എതിർത്തു. ഫലത്തിൽ മൂന്ന് മുന്നണികളും വിഴിഞ്ഞം പുറത്ത് വികസന നേട്ടമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 17 പേരാണ് മത്സരിച്ചത്. പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികൾക്കൊപ്പം 11 സ്വതന്ത്ര സ്ഥാനാർഥികളും മത്സരിക്കാനിറങ്ങി. 99,989 വോട്ട് ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരന് 3,16,142 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനക്കാരായ സി.പി.ഐ സ്ഥാനാർഥി സി. ദിവാകരന് 2,58,556 വോട്ടും. 4580 വോട്ട് നോട്ടയ്ക്ക് ലഭിച്ചു.
തെരഞ്ഞെടുപ്പ്; ജീവനക്കാരുടെ വിവരങ്ങള്‍ ‘ഓര്‍ഡര്‍’ സൈറ്റില്‍ രേഖപ്പെടുത്തണം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ജോലികള്‍ക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ORDER സോഫ്റ്റ്വെയര് മുഖേന നടത്തുന്നു.വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖല, കേന്ദ്രസര്‍ക്കാര്‍ സ്ഥാപങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ order.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് അംഗീകാരം വാങ്ങണം.
തുടര്‍ന്ന്, അതത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് 24ന് വൈകീട്ട് അഞ്ചിനുമുമ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികാരികൾ അവധി ദിവസങ്ങള്‍ പരിഗണിക്കാതെ പാലിക്കണമെന്നും വീഴ്ചവരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
ആറ്റിങ്ങലിൽ ഇതര പാർട്ടിക്കാരെ വലവീശി മുന്നണികൾ
ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകവേ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇതര രാഷ്ട്രീയ പാർട്ടികളിൽനിന്ന് പ്രവർത്തകരെ തങ്ങൾക്കൊപ്പം കൂട്ടാൻ മുന്നണികൾ പരിശ്രമം ശക്തമാക്കി. അസംതൃപ്തരുടെ പിന്തുണ തേടാനോ കൂടെ നിർത്താനോ ആണ് രാഷ്ട്രീയപാർട്ടികളുടെ ശ്രമം. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് പിണങ്ങി നിൽക്കുന്നവരോ സംഘടന നടപടികൾക്ക് വിധേയമായവരോ ആയ നിരവധിപേരുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പാർട്ടികൾ സജീവ ഇടപെടൽ നടത്തുന്നത്.
പ്രചാരണ പൊതുയോഗങ്ങളിൽ ഓരോ പാർട്ടിയും മറ്റു പാർട്ടികളിൽനിന്ന് വലവീശിപ്പിടിച്ചവരെ അംഗത്വം നൽകിയും സ്വീകരണം നൽകിയും അവതരിപ്പിക്കുന്നു. ഇതര പാർട്ടികളിൽനിന്ന് പ്രവർത്തകരെ ചാക്കിട്ടുപിടിക്കുന്നതിൽ മുന്നിൽ ബി.ജെ.പിയാണ്. എന്നാൽ, അക്കൂട്ടത്തിൽ നേതൃപാടവമുള്ളവർ വളരെ കുറവാണ്. സി.പി.എമ്മും കോൺഗ്രസും സമാനരീതിയിൽ ഇതര പാർട്ടികളിൽനിന്ന് പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കൊണ്ടുവരുന്നുണ്ട്. ബി.ജെ.പിക്കുവേണ്ടി കേന്ദ്രസഹമന്ത്രി തന്നെ ഇത്തരക്കാരെ നേരിട്ട് കാണാൻ ഭവനസന്ദർശനം നടത്തുകയാണ്. സി.പി.എമ്മിനുവേണ്ടി ജില്ല നേതാക്കളാണ് രംഗത്തുള്ളത്.
മുൻ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫിനെ കൂടെക്കൂട്ടാൻ സി.പി.എം, സി.പി.ഐ, ബി.ജെ.പി കക്ഷികൾ ശ്രമം നടത്തുന്നുണ്ട്. കോൺഗ്രസിൽ സംഘടനാനടപടിക്ക് വിധേയനായ ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളും സി.പി.ഐ മന്ത്രിയും അദ്ദേഹവുമായി ചർച്ച നടത്തിയത്. ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിൽ പോയ ലത്തീഫ് ഈ ആഴ്ച മടങ്ങിയെത്തും. അദ്ദേഹത്തോടൊപ്പം സഹകരിക്കുന്ന പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ മാറ്റത്തിന് മുന്നോടിയായാണ് ഇതെന്ന് പറയപ്പെടുന്നു. കോൺഗ്രസ് വിമത സ്ഥാനാർഥിയായി ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവെക്കുന്നു. പരമാവധി പ്രവർത്തകരെയും തദ്ദേശ ജനപ്രതിനിധികളെയും യോഗത്തിൽ പങ്കെടുപ്പിക്കാൻ ലത്തീഫിനൊപ്പം നിൽക്കുന്നവർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ നഗരസഭയിൽനിന്ന് സമീപകാലത്ത് രണ്ട് ബി.ജെ.പി കൗൺസിലർമാർ രാജി വെച്ചിരുന്നു. ഇവരെ കൂടെനിർത്തുന്ന കാര്യത്തിൽ സി.പി.എം വിജയിച്ചു. ബി.ജെ.പിയിൽനിന്ന് കൂടുതൽ പ്രവർത്തകരെ അടർത്തിയെടുക്കാൻ സി.പി.എം ശ്രമം തുടരുകയാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടെ പാർട്ടികളിൽനിന്ന് സജീവമല്ലാതിരുന്ന പ്രവർത്തകർ ഒരു മാസം മുമ്പ് ബി.ജെ.പിയിൽ ചേർന്നിരുന്നു. കഴിഞ്ഞയാഴ്ച വാമനപുരം മണ്ഡലത്തിലും ഇതര രാഷ്ട്രീയ പാർട്ടികളിൽനിന്ന് നിരവധിപേർ ബി.ജെ.പിയിൽ ചേർന്നു. പോങ്ങനാട്ടുള്ള മുൻ സി.പി.എം പഞ്ചായത്തംഗവും നിലവിൽ ക്ഷേത്ര കമ്മിറ്റി, റസിഡൻസ് അസോസിയേഷൻ ഭാരവാഹിയുമായ വ്യക്തിയെ നേരിട്ട് കാണാനും പിന്തുണ തേടാനും ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നു.
വെമ്പായത്ത് ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളുൾപ്പെടെയുള്ള പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ ചേർന്നു. ബുധനാഴ്ച അടൂർ പ്രകാശ് ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.