നാലാമൂഴത്തിലും മിന്നി ആന്റോ ആന്റണി
text_fieldsപത്തനംതിട്ട: കാത്തിരുന്ന വോട്ടെണ്ണൽ ദിനമായ ഇന്നലെ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയ പരിസരം പതിവിലേറെ നിശബ്ദമായിരുന്നു. എന്നാൽ, അകത്ത് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തങ്ങളുടെ വിജയ സാധ്യത വിലയിരുത്തന്നതിന്റെ പിരിമുറക്കത്തിലായിരുന്നു. വിദ്യാലയ പരിസരത്തെ റോഡിൽ ഗതാഗതം തടഞ്ഞ് പൊലീസ് ബാരിക്കേഡ് ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡുള്ളവർക്കായിരുന്നു അകത്തേക്ക് പ്രവേശനം. വോട്ടെണ്ണലിനായി പുലർച്ചെയോടെ കലക്ടർ ഉൾപ്പെടെ 600ഓളം ജീവനക്കാർ സജ്ജമായി രംഗത്തുണ്ടായിരുന്നു. പുലർച്ചെയോടെ ജീവനക്കാർ സ്കൂളിലെത്തി നടപടികൾ തുടങ്ങി. നേരം വെളുത്തതോടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എത്തി.
ഒമ്പത് മണിയോടെ ആകാംക്ഷകൾക്ക് വിരാമമിട്ട് ആദ്യ ഫല സൂചനകൾ എത്തി തുടങ്ങി. ആദ്യം തപാൽ ബാലറ്റ് എണ്ണിയപ്പോൾ 14 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കായിരുന്നു മുമ്പിൽ. എന്നാൽ, പിന്നീട് തപാൽ, ഇ.വി.എം വോട്ടുകളുടെ എണ്ണം തുടങ്ങിയപ്പോൾ ആന്റോ ആന്റണിയുടെ മുന്നേറ്റം തുടങ്ങി. ഇതിനിടെ ആന്റോ ആന്റണി പ്രദേശത്തെ പ്രവർത്തകന്റെ വീട്ടിലെത്തി പ്രവർത്തികരെ കണ്ട് ടി.വി വാർത്തകൾ ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും മീഡിയാ റൂമിലും ഫല സൂചനകൾ മിന്നിതുടങ്ങി. മൂന്നാം റൗണ്ട് പൂർത്തിയായ 11മണിയോടെ 15400 ആയി ആന്റോ ആന്റണിയുടെ ലീഡ് ഉയർന്നു. മൂന്നാംറൗണ്ടിൽ വോട്ട് നില ഇപ്രകാരമാരിരുന്നു: ആന്റോ ആന്റണി - 71767,
ഡോ. ടി.എം. തോമസ് ഐസക്ക് -56367, അനിൽ കെ ആന്റണി -42658. നാല് മണിയോടെ ആറൻമുള, തിരുവല്ല മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായതോടെ ആന്റോ ആന്റണി ഭൂരിപക്ഷം -56,240 ഉയർന്നു. ഈ സമയത്തെ വോട്ട് നില: ആന്റോ ആന്റണി -323400, തോമസ് ഐസക്ക് - 267160, അനിൽ കെ ആന്റണി -208567. മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലും ഏകദേശം തീരാറായി.
വിജയമുറപ്പിച്ച യുഡി.എഫ് പ്രവർത്തകർ ചെന്നീർക്കരയിൽ കൂടുതായി എത്തിതുടങ്ങി. ലീഡ് വർധിപ്പിച്ച് തുടങ്ങയതു മുതൽ എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ വിദ്യാലയ പരിസരത്ത് നിന്ന് ഒഴിഞ്ഞിരുന്നു. മൈലപ്രയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് ഡി.സി.സി ഓഫിസിലും സന്തോഷം പങ്കിട്ട ആന്റോ ഇതിനിടെ ചെന്നീർക്കരയിലേക്ക് എത്തി. തടിച്ചുകൂടിയ യു.ഡിഎഫ് പ്രവർത്തകർ ആന്റോയെ തോളിലേറ്റി ആഹ്ലാദ പ്രകടനം തുടങ്ങി പ്രധാന ജങ്ഷനിലേക്ക് നീങ്ങി. വാഹനങ്ങളിൽ കയറിയ പ്രവർത്തകരും സ്ഥാനാർഥിയും ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് നീങ്ങി. സെൻട്രൽ ജങ്ഷനിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ആന്റോയും യു.ഡി.എഫ് പ്രവർത്തകരും റോഡ് ഷോയുമായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങി. രാത്രി വൈകി അവസാനിച്ച റോഡ് ഷോ ഇന്നും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.