എന്തൊരു ലീഡാ ഹൈബി ഈഡാ
text_fieldsകൊച്ചി: തുടർച്ചയായ രണ്ടാം വിജയത്തിലൂടെ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഒരിക്കൽക്കൂടി ചരിത്രം കുറിക്കുന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനൊപ്പം ഇത്തവണ സംസ്ഥാനത്ത് ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനവും ഹൈബി സ്വന്തമാക്കി. വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധിയും മലപ്പുറത്ത് വിജയിച്ച ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഭൂരിപക്ഷത്തിൽ ഹൈബിയുടെ മുന്നിലുള്ളത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മണ്ഡലത്തിൽ എൽ.ഡി.എഫ് നേടുന്ന ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ കെ.ജെ. ഷൈനിന്റെ അക്കൗണ്ടിലുള്ളത്.
1999ൽ ജോർജ് ഈഡൻ നേടിയ 1,11,305 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു 19 ലോക്സഭാ തെരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിച്ച എറണാകുളം മണ്ഡലത്തിലെ ഏറ്റവും ഉയർന്നത്. 2019ൽ മകൻ ഹൈബി ഇത് തിരുത്തിക്കുറിച്ചു. 1,69,153 വോട്ടിനാണ് ഹൈബി സി.പി.എമ്മിലെ പി. രാജീവിനെ പരാജയപ്പെടുത്തിയത്. ഇത്തവണ ഹൈബിക്ക് ഒന്നര ലക്ഷത്തിനപ്പുറം ഭൂരിപക്ഷം യു.ഡി.എഫ് നേതൃത്വംപോലും കണക്ക് കൂട്ടിയിരുന്നില്ല. ഇതെല്ലാം തെറ്റിച്ചാണ് 2,50,385 എന്ന കൂറ്റൻ ഭൂരിപക്ഷം ഹൈബി സ്വന്തമാക്കിയത്. കെ.ജെ. ഷൈനിന് ആകെ കിട്ടിയ വോട്ട് 2,31,932 ആണെന്ന് അറിയുമ്പോഴാണ് ഈ ഭൂരിപക്ഷത്തിന്റെ വലുപ്പം മനസ്സിലാകുക. 1984ലാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ഇതിനെക്കാൾ വോട്ട് കുറഞ്ഞത്. 75.83 ശതമാനം പോളിങ് രേഖപ്പെടുത്തിയ അന്ന് ഇടതുമുന്നണി സ്ഥാനാർഥി എ.എ. കൊച്ചുണ്ണിമാസ്റ്റർ നേടിയത് 2,07,050 വോട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.