വോട്ട് @121; അഭിമാനത്തോടെ കുഞ്ഞീരുമ്മ
text_fieldsവളാഞ്ചേരി (മലപ്പുറം): 121ാം വയസ്സിലും വോട്ട് രേഖപ്പെടുത്തി കുഞ്ഞീരുമ്മ രാജ്യത്തെ ജനാധിപത്യ പ്രക്രിയക്ക് അഭിമാനമായി. വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ആൽപറ്റപ്പടിയിലെ കലമ്പൻ വീട്ടിൽ കുഞ്ഞീരുമ്മ ബുധനാഴ്ച പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീട്ടിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. പൊന്നാനി ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന എടയൂർ വില്ലേജിൽ 106ാം നമ്പർ ബൂത്തിലെ വോട്ടറാണിവർ. കാഴ്ചക്കുറവുള്ളതിനാൽ മകനാണ് വോട്ട് ചെയ്തത്. ബി.എൽ.ഒമാരായ സുഹറ ഉമ്മയും ഇ.പി. ജയശ്രീയും സംബന്ധിച്ചു.
ആധാർ കാർഡനുസരിച്ച് 1903 ജൂൺ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടംനേടിയ സ്പെയിനിലെ 116 വയസ്സുകാരി മരിയ ബ്രാൻ യാസിനെയും മറികടന്നിരിക്കുന്നു ഇവർ. സംസാരിക്കാൻ അൽപം പ്രയാസമുണ്ട്. ഓർമശക്തിയും കുറഞ്ഞു. കേൾവിക്ക് പ്രശ്നമൊന്നുമില്ല. കൂടുതൽ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകക്ക് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സർട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി അഞ്ചാം തലമുറയിലെത്തി.
ഔപചാരിക വിദ്യാഭ്യാസമില്ലാത്ത ഇവർ ഓത്തുപള്ളിയിൽ പോയിട്ടുണ്ട്. പാടത്ത് ആടിനെ മേയ്ക്കുന്നതിനിടെ വെടിയൊച്ച കേട്ടതും കുന്തവുമായി വന്നവരെ കണ്ട് ഓടിയൊളിച്ചതുമടക്കം കുട്ടിക്കാലത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ നേരിയ ചിത്രങ്ങളുണ്ട് മനസ്സിലിപ്പോഴും. ഖിലാഫത് സമരകാലത്ത് ഉപ്പാപ്പയെ പിടിച്ചുകൊണ്ടുപോയതും നാലു മാസത്തിനുശേഷം വിട്ടയച്ചതും ഓർമകളിലുണ്ട്. ഇളയമകൻ മുഹമ്മദിനൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.