ഇന്നേക്ക് അഞ്ചാം ദിനം; ഇനി വോട്ടെണ്ണലിന്റെ പിരിമുറുക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനം പെരുമഴയിൽ വിറങ്ങലിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും വോട്ടെണ്ണലിന്റെ പിരിമുറുക്കത്തിലേക്ക്. ഇന്നേക്ക് അഞ്ചാം ദിനം വോട്ടുയന്ത്രം തുറക്കുമ്പോൾ എന്താകുമെന്ന ആകാംക്ഷയാണ് എല്ലാവർക്കും. വോട്ടെണ്ണൽ ദിനം അടുക്കുന്തോറും ജയമുറപ്പിച്ചവരടക്കം കണക്കുകൾ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചുമുള്ള വിലയിരുത്തലുകളിലാണ്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, ഇതര സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും വിശ്രമത്തിനുമൊക്കെയായി മണ്ഡലം വിട്ട സ്ഥാനാർഥികൾ പലരും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
വിജയാഘോഷ പ്രകടനത്തിനുള്ള ഗാനങ്ങളുടെ റെക്കോഡിങ് ഉൾപ്പെടെ ഒരുക്കം നടത്തുന്നവരുമുണ്ട്. പോളിങ്ങിന് മുമ്പുനടന്ന അവസാനവട്ട സർവേകളിൽ മിക്കതിലും യു.ഡി.എഫിന് അനുകൂല ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മിക്ക സർവേകളും പകുതിയിലേറെ സീറ്റുകൾ യു.ഡി.എഫ് പ്രവചിക്കുന്നു.
18 - 19 സീറ്റുകൾ വരെ പ്രവചിച്ചവരുമുണ്ട്. ട്വന്റി20 അവകാശവാദമാണ് യു.ഡി.എഫ് ആവർത്തിക്കുന്നത്. എന്നാൽ, പകുതിയിലേറെ സീറ്റുകൾ ഉറപ്പെന്ന ആത്മവിശ്വാസം ഇടതുനേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ ഒന്നാം തീയതി വൈകീട്ട് പുറത്തുവരും. മിക്കതിലും യു.ഡി.എഫിന് മേൽക്കൈ കാണുന്നു എന്നാണ് സൂചന.
രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ പോളിങ് നടന്നത്. പിന്നീടുള്ള ഓരോ ഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്ക് ആദ്യം പ്രതീക്ഷിച്ചപോലെ വ്യക്തമായ മേൽക്കൈ ഇല്ലെന്ന റിപ്പോർട്ടുകളാണ് വന്നത്. ആ നിലയിൽ കേരളത്തിലെ പോളിങ് അവസാനത്തെ ഘട്ടങ്ങളിലായിരുന്നെങ്കിൽ കോൺഗ്രസിന് കുറേക്കൂടി അനുകൂലമായി മാറുമായിരുന്നെന്ന് വിലയിരുത്തുന്നവരുമുണ്ട്.
പാലക്കാട്, ആലത്തൂർ, കണ്ണൂർ, ആറ്റിങ്ങൽ, മാവേലിക്കര എന്നീ ആറ് സീറ്റുകളിലാണ് എൽ.ഡി.എഫിന് പ്രതീക്ഷയുള്ളത്. ഈ സീറ്റുകളിൽ മത്സരം കടുപ്പമായിരുന്നെന്ന് യു.ഡി.എഫും സമ്മതിക്കുന്നു. വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, എറണാകുളം, ഇടുക്കി, ചാലക്കുടി, , കോട്ടയം, കാസർകോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സീറ്റുകളിൽ വിജയം ഉറപ്പെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. ത്രികോണ മത്സരം നടന്ന തൃശൂരിൽ ഇരുമുന്നണികൾക്കും ശുഭപ്രതീക്ഷയാണുള്ളത്.
കെ. മുരളീധരൻ മുന്നിലെത്തുമെന്ന് കോൺഗ്രസ് കരുതുമ്പോൾ സുനിൽകുമാറിന്റെ ജനകീയത വിജയിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. മറ്റൊരു ത്രികോണമത്സരത്തിന് വേദിയായ തിരുവനന്തപുരത്ത് ശശി തരൂർതന്നെയെന്ന് ഉറപ്പിച്ചുപറയുന്നു കോൺഗ്രസ്. തൃശൂരിലും തിരുവനന്തപുരത്തും വലിയ പ്രതീക്ഷ പറയുന്നുണ്ട് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.