വോട്ടിടിവിൽ ചങ്കിടിപ്പ്; വോട്ടിങ്ങിലെ വലിയ അന്തരം ആരെ തുണക്കുമെന്ന ചർച്ചകളിൽ തലപുകച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട പ്രചാരണകാലത്ത് അടി മുതൽ മുടി വരെ ഉഴുതുമറിച്ചിട്ടും നാടിളക്കിയിട്ടും പോളിങ് ശതമാനം ഇടിഞ്ഞത് മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 71.16 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. 2019ലെ 77.84നെ അപേക്ഷിച്ച് 6.68 ശതമാനത്തിന്റെ കുറവ്. തപാൽ വോട്ടും വീട്ടിലോട്ടും മറ്റും ചേരുമ്പോൾ ഒന്നരശതമാനം കൂടി വർധിച്ചേക്കുമെങ്കിലും വോട്ടിങ്ങിലെ വലിയ അന്തരം ആരെ തുണക്കുമെന്ന ഇഴകീറിയുള്ള ചർച്ചകളിൽ തലപുകയ്ക്കുകയാണ് മുന്നണികൾ. ഇ.പി. ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും സി.പി.എം-ബി.ജെ.പി ഡീൽ ആരോപണവുമെല്ലാം ഉയർന്ന പശ്ചാത്തലത്തിൽ വോട്ട് നിലയിലെ ഇടവ് രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നു.
സംസ്ഥാനത്താകെ 2,77,49,159 വോട്ടർമാരാണുള്ളത്. ഇതിൽ ഒരു ശതമാനമെന്നത് തന്നെ 2.77 ലക്ഷം വോട്ടാണ്. അഞ്ച് ശതമാനമെന്ന് കണക്കാക്കിയാൽ തന്നെ 13.85 ലക്ഷം വോട്ടിന്റെ കുറവ് വരും. ഇത്രയും വോട്ട് എങ്ങനെ ബൂത്തിലെത്താതെ പോയി എന്നതാണ് മുന്നണികളെ വട്ടംചുറ്റിക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്ങായിരുന്നു 2019ലേത്. പിന്നീട് വന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് നില കുറയുന്നതായിരുന്നു പ്രവണത. തദ്ദേശ തെരഞ്ഞെടുപ്പിൽ 76.04 ശതമാനവും നിയമസഭ തെരഞ്ഞെടുപ്പിൽ 74.04 ശതമാനവും. കഴിഞ്ഞ തവണ ഏഴ് മണ്ഡലങ്ങളിൽ (കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ) പോളിങ് 80 ശതമാനം പിന്നിട്ടിരുന്നെങ്കിൽ ഇക്കുറി ഒരിടത്തും 80 തൊട്ടില്ല.
ഏറ്റവും കൂടുതൽ പോളിങ് നടന്ന വടകരയിലാകട്ടെ ഇതുവരെയുള്ള കണക്ക് പ്രകാരം 78.08 ശതമാനമാണ് വോട്ടിങ്. രാഹുൽ ഗാന്ധി ജനവിധി തേടിയ വയനാട്ടിൽ 73.48 ശതമാനമാണ് പോളിങ്.
വോട്ടിങ് ശതമാനത്തിലെ കുറവ് ബാധിക്കില്ലെന്നാണ് ഇരുമുന്നണികളുടെയും അവകാശവാദം. മുമ്പ് മധ്യവർഗ വോട്ടുകൾ യു.ഡി.എഫിനാണ് കൂടുതലെന്ന കണക്കുകൂട്ടലിൽ വോട്ടിങ് ശതമാനം കുറഞ്ഞാൽ അത് യു.ഡി.എഫിന് ദോഷംചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇപ്പോൾ ഇരുമുന്നണികൾക്കും മധ്യവർഗ വോട്ട് ബാങ്കുണ്ട്. ചെറുപ്പക്കാരായ വോട്ടര്മാരിൽ നല്ലൊരു വിഭാഗം വിദേശത്താണെന്നത് പോളിങ് കുറവിന് കാരണമായി പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.