അപരപ്രിയം
text_fieldsനാമനിർദേശ പത്രിക സമര്പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോൾ മിക്ക മണ്ഡലങ്ങളിലും അപരന്മാരുടെ വിളയാട്ടം. മുഖ്യ പാർട്ടികളിലെ ഏതാണ്ടെല്ലാ സ്ഥാനാർഥികൾക്കും അപരന്മാരുണ്ട്. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് ബാലകൃഷ്ണൻമാർ സ്ഥാനാർഥികൾ. ഇടത് മുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് പുറമെ ബാലകൃഷ്ണന് ചെമ്മഞ്ചേരി (സ്വതന്ത്രന്), എന്. ബാലകൃഷ്ണന് (സ്വതന്ത്രന്) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന കാസർകോട് മണ്ഡലത്തിൽ രണ്ട് ബാലകൃഷ്ണൻമാർ ഇടതുപക്ഷത്തിന് ഭീഷണിയാകുമോയെന്നാണ് മുന്നണി നേതാക്കൾ പരിശോധിക്കുക.
പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസക്കും മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിനും രണ്ട് അപരന്മാരുണ്ട്. കോട്ടക്കൽ പുളിയക്കോട് കലാംനഗർ കൊടക്കാടൻ ഹൗസിൽ കെ. ഹംസയും കോട്ടക്കൽ ഇന്ത്യനൂർ കടവണ്ടി ഹൗസിൽ ഹംസ കടവണ്ടിയുമാണ് കെ.എസ്. ഹംസയുടെ അപരന്മാർ. മലപ്പുറം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിന്റെ അപരനാമത്തിൽ കോഡൂർ ചട്ടിപറമ്പ് സ്വദേശി നസീഫലി മുല്ലപ്പള്ളി, മോങ്ങം സ്വദേശി പേയുങ്ങൽപറമ്പിൽ നസ്വീഫ് എന്നിവർ നാമനിർദേശ പത്രിക നൽകി. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്കും മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർഥി എം. അബ്ദുൽ സലാമിനും ഓരോ അപരന്മാരുണ്ട്. തിരൂരങ്ങാടി ചെമ്മാട് മലയമ്പള്ളി ഹൗസിൽ അബ്ദുസ്സമദ് ആണ് സമദാനിയുടെ അപരൻ. കൊണ്ടോട്ടി മൊറയൂർ സ്വദേശി കൊണ്ടാൻപറമ്പിൽ അബ്ദുൽ സലാം ആണ് മലപ്പുറത്ത് എം. അബ്ദുൽ സലാമിന്റെ അപരനായി പത്രിക നൽകിയത്.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന് ‘പാര’യായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. വ്യാഴാഴ്ചയാണ് അപരന്മാർ പത്രിക സമർപ്പിച്ചത്. ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ് എന്നിവരാണ് സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചത്. പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവനുമുണ്ട് ഒരു അപരൻ. സ്വതന്ത്ര സ്ഥാനാർഥിയായി ശ്രീകൃഷ്ണപുരം കളരിക്കൽ വീട്ടിൽ എ. വിജയരാഘവനാണ് വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്. 2019ലെ സ്ഥാനാർഥി എം.ബി. രാജേഷിന്റെ പേരിനോട് സാദൃശ്യമുള്ള പി.വി. രാജേഷ്, എം. രാജേഷ് എന്നീ പേരുകളിലുള്ള രണ്ട് പത്രികകളും പാലക്കാട് കലക്ടർക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
കണ്ണൂർ മണ്ഡലം യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായ കെ. സുധാകരനും എം.വി. ജയരാജനും അപരൻമാരുണ്ട്. രണ്ട് കെ. സുധാകരൻമാരും ഒരു എം.വി. ജയരാജനും രണ്ട് ജയരാജൻമാരും സ്വതന്ത്രരായി പത്രിക നൽകി. കഴിഞ്ഞതവണ കെ. സുധാകരന്റെ മൂന്ന് അപരൻമാരും ചേർന്ന് 4037 വോട്ട് നേടിയിരുന്നു. അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ രണ്ട് അപരൻമാർ 1377 വോട്ടും നേടിയിരുന്നു. തൃശൂരിൽ വി.എസ് സുനിൽകുമാറിനും ആറ്റിങ്ങലിൽ അടൂർ പ്രകാശിനും അപരന്മാർ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.