ഇടുക്കി കടക്കാൻ മണ്ണറിയണം
text_fieldsചെറുതോണി : കൊലുമ്പന്റെ നാട് എന്നും യു.ഡി.എഫ് കോട്ടയായിരുന്നു. രണ്ടു തവണ മാത്രമാണ് ഇടത് ഇടുക്കി പിടിച്ചത്. എക്കാലത്തും കോൺഗ്രസിനും കേരള കോൺഗ്രസിനുമൊപ്പം നിലനിന്ന ഇടുക്കി രൂപതയും കത്തോലിക്കാസഭയും ഇടതുപക്ഷവുമായി ചേർന്ന് നിന്നപ്പോഴാണ് യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീണത്. കസ്തൂരി രംഗൻ ഉയർത്തിയ വിവാദങ്ങളും പട്ടയ പ്രശ്നങ്ങളും ഇടുക്കി ബിഷപ്പും പി.ടി.തോമസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇവരെ ഇടതു പാളയിത്തിലെത്തിച്ചു. 21 വർഷത്തിനു ശേഷം റോഷി അഗസ്റ്റിനിലൂടെ എൽ.ഡി.എഫ് ഇടുക്കി തിരിച്ചുപിടിച്ചു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ ആദ്യം നടന്നതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യൻ, പിള്ള ഗ്രൂപ്പിലെ ജോൺ തോമസ് മൂലേപ്പറമ്പിലിനെ 9173 വോട്ടിനു പരാജയപ്പെടുത്തിയതു മുതൽ ഇടുക്കി നിയമസഭാ മണ്ഡല ചരിത്രം ആരംഭിക്കുന്നു. 1980 ൽ കോൺഗ്രസിലെ ജോസ് കുറ്റിയാനി സിറ്റിങ്ങ് എം.എൽ.എ.യായിരുന്ന വി.ടി.സെബാസ്റ്റ്യനെ 4529 വോട്ടുകൾക്കു തോൽപ്പിച്ചു. അങ്ങനെ മണ്ഡലത്തിൽ കോൺഗ്രസ് തുടക്കം കുറിച്ചു.
1982ൽ സ്വന്തം നാട്ടുകാരനും കോൺഗ്രസ് എസുകാരനുമായ പി.പി.സുലൈമാൻ റാവുത്തറെ 4368 വോട്ടുകൾക്കു പരാജയപ്പെടുത്തി ജോസ് കുറ്റിയാനി തന്നെ വിജയിച്ചു. 1987 ലെ തെരഞ്ഞെടുപ്പിൽ തങ്കമണി സംഭവത്തെ തുടർന്ന് കെ.കരുണാകരന് മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു. തങ്കമണി ഉൾപ്പെടുന്ന ഇടുക്കിയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് രാഷ്ടീയ നിരീക്ഷകർ വരെ വിധിയെഴുതി. എന്നാൽ 1570 വോട്ടുകൾക്കു കോൺഗ്രസിലെ റോസമ്മ ചാക്കോ വിജയിച്ചു. മുന്നണി സീറ്റു നൽകാത്തതിനാൽ സ്വതന്ത്രനായി മത്സരിച്ച സുലൈമാൻ റാവുത്തർ രണ്ടാം സ്ഥാനത്തെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി മേരിസിറിയക്ക് മൂന്നാം സ്ഥാനത്തു പോയി. 1991 ൽ കേരളാ കോൺഗ്രസ് എം. ലെ മാത്യു സ്റ്റീഫൻ ജോസഫ് ഗ്രൂപ്പിലെ ജോണി പൂമറ്റത്തിനെ 3679 വോട്ടിന് പരാജയപ്പെടുത്തി. 1996 ലെ തെരഞ്ഞെടുപ്പിലാണ് ഇടുക്കി മണ്ഡലം ആദ്യമായി എൽ.ഡി.എഫ് സ്വന്തമാക്കിയത്. ജനതാദൾ സ്ഥാനാർഥിയായി ഇടതു മുന്നണിയിൽ മത്സരിച്ച സുലൈമാൻ റാവുത്തർ കേരളാ കോൺഗ്രസ് എമ്മിലെ ജോയി വെട്ടിക്കുഴിയെ 6413 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2001 മുതൽ റോഷി അഗസ്റ്റിന്റെ കാലം ആരംഭിച്ചു .
തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനം രാജിവെച്ചു രംഗത്തിറങ്ങിയ ജനതാദളിലെ എം.എസ്.ജോസഫിനെ 13714 വോട്ടുകൾക്കു തോൽപ്പിച്ച റോഷിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2006ലും 2011ലും സി.പി.എമ്മിലെ സി.വി.വർഗീസിനെ തോൽപ്പിച്ചു 2011 ൽ ഭുരിപക്ഷം 1580. കഴിഞ്ഞ തവണ ഇടതുമുന്നണിക്കൊപ്പം നിന്ന് കെ. ഫ്രാൻസിസ് ജോർജിനെയാണു പരാജയപ്പെടുത്തിയത് ഭൂരിപക്ഷം 9339. കത്തോലിക്കാ സഭക്കും മറ്റ് ക്രിസ്ത്യൻ സഭകൾക്കും മേൽക്കോയ്മയുള്ള മണ്ഡലമാണ് ഇടുക്കി. എസ്.എൻ.ഡി.പിക്കും നിർണായക സ്വാധീനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.