പാർലമെന്റിൽ ശക്തമായ ഇടതുനിര ഉയരണം -എം. മുകേഷ്
text_fieldsസംസ്ഥാനത്ത് ഏറ്റവും ചൂട് കൂടുതലുള്ള ജില്ലകളിലൊന്നായ കൊല്ലത്ത് രാഷ്ടീയവും ചൂടുപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലേക്ക് നീങ്ങിത്തുടങ്ങി. നിയോജക മണ്ഡലതലത്തിൽ സ്ഥാനാർഥികൾ ഒരുതവണ പര്യടനം പൂർത്തിയാക്കി. ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർഥി എം. മുകേഷ് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
കൊല്ലത്ത് രാഷ്ട്രീയപോരാട്ടം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സെലിബ്രിറ്റിയായ താങ്കളെ മത്സരിപ്പിക്കുന്നതെന്ന ആരോപണത്തെപ്പറ്റി?
എന്നെ സംബന്ധിച്ച് ആളുകൾക്ക് മുൻവിധിയുണ്ട്. രാഷ്ട്രീയത്തിന്റെ നെഗറ്റിവ് വശം ഞാൻ ഏറെ കണ്ടു. ഏഴരക്കൊല്ലം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ മുതൽ അത് കാണുന്നു. എന്റെ ശബ്ദം ആരും തിരിച്ചറിയും. 41 കൊല്ലത്തെ സിനിമജീവിതം നൽകിയ അനുഭവമാണത്. ശബ്ദം മാത്രമല്ല, ശരീരഭാഗങ്ങൾ പോലും ആരും പെട്ടെന്ന് തിരിച്ചറിയും. ജനങ്ങളുമായുള്ള ആത്മബന്ധമാണത്. എതിരാളികൾക്ക് അതിൽ ഭയമുണ്ട്. ട്രോളുകൾ സൃഷ്ടിക്കുന്നവരും കലാകാരന്മാർ തന്നെയാണ്. ഈ ട്രോളുകൾ തന്നെയാണ് എന്റെ വിജയവും. നിയമസഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് മികച്ച ഭൂരിപക്ഷത്തിലാണ്. കുറെക്കഴിഞ്ഞപ്പോൾ ട്രോളുകൾ ഇവിടെങ്ങുമില്ല, ആളെ കിട്ടാനില്ല എന്നായി. ഞാൻ ആളുകൾ കണ്ടു രസിക്കട്ടെ എന്ന് തീരുമാനിച്ചു. എ.ഐ.സി.സി മെംബർതന്നെ എതിരാളിയായി മത്സരിച്ചു. രാഹുലും പ്രിയങ്കയും മാത്രമല്ല, എന്നെ കൊല്ലത്ത് തോൽപിക്കാനായി വരാത്ത നേതാക്കളില്ല. മണ്ഡലത്തിലെ കടലിൽ ചാടി വരെ അവർ ശ്രമിച്ചു.
എം.എൽ.എ എന്ന നിലയിൽ താങ്കളുടെ സാന്നിധ്യം കൊല്ലത്തില്ല, ഇവിടെ ഒരു വികസനവും നടക്കുന്നില്ല എന്നൊക്കെയാണ് ആരോപണം?
അങ്ങനെ പറയുന്നവരെ ആൾക്കാർ തല്ലിയോടിക്കും. ഈ ഏഴര കൊല്ലം 1748 കോടിരൂപയുടെ വികസനമാണ് കൊല്ലത്ത് ഞാൻ കൊണ്ടുവന്നത്. മുകേഷ് അല്ലേ, ഇന്നാ.... എന്നുപറഞ്ഞ് ആരെങ്കിലും എറിഞ്ഞുതരുമോ. എല്ലാം പിടിച്ചുവാങ്ങുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം?
ശക്തമായ ഒരു ഇടതുപക്ഷ നിര കേന്ദ്രത്തിലില്ലെങ്കിൽ കേരളത്തിന്റെ നില അപകടത്തിലാണെന്ന് പാർട്ടി തിരിച്ചറിഞ്ഞു. അതിവിടത്തെ ജനങ്ങൾക്കുമറിയാം. ഇപ്പോൾ ഇവിടന്നുപോയ എം.പിമാർ എന്താണ് ചെയ്തതും ചെയ്യുന്നതും. കേരളത്തിനുവേണ്ടി പറയാൻ വേറെ ആരുണ്ട്. നവകേരള സദസ്സിൽ 41 എം.എൽ.എമാർ അധ്യക്ഷനായി വന്നിരുന്നിട്ട് ജനങ്ങളോട് പറയാമായിരുന്നത് പറഞ്ഞോ. കാരണം കേരളത്തിലെ യു.ഡി.എഫുകാർക്ക് സംസ്ഥാനത്തോടല്ല താൽപര്യം.
എതിരാളിയെ എങ്ങനെ കാണുന്നു?
എന്റെ വളരെ അടുത്ത സുഹൃത്താണ് അദ്ദേഹം, ഒന്നും കുറച്ചു കാണുന്നില്ല.
എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുന്നു, അദ്ദേഹത്തെ പുകഴ്ത്തുന്നു?
അത് കൊല്ലത്തെ വോട്ടർമാരോട് ചോദിക്കേണ്ട കാര്യമാണ്, അവർ പറയട്ടെ, അവർ വിലയിരുത്തട്ടെ. ഒരിക്കലും എന്റെ എതിർ സ്ഥാനാർഥിക്കെതിരെ ഒന്നും പറയില്ല. അതൊക്കെ, അവരുടെ പേഴ്സനൽ കാര്യം. അദ്ദേഹം ഇനിയും ഭക്ഷണം കഴിക്കട്ടെ എന്നാണ് അഭിപ്രായം.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
കേരളമെങ്കിലും പിടിച്ചുനിൽക്കണം. അത്രയും അപകടകരമായ പോക്കിലാണ് രാജ്യം, ഇന്ത്യയുടെ എല്ലാം നഷ്ടമായി. ഭരണഘടനയും മതേതരത്വവുമുൾപ്പെടെ എല്ലാം താറുമാറായിക്കഴിഞ്ഞു.
കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്?
കഴിഞ്ഞ പ്രാവശ്യത്തേത് ഒരു നാടകമായിരുന്നില്ലേ. ജനങ്ങൾ അതിന്റെ കുറ്റബോധത്തിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്നുമുതൽ കൊഴിഞ്ഞുപോക്ക് തുടങ്ങിയില്ലേ. ഇക്കുറിയും അവർക്ക് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധിക്കാനാകുന്നുണ്ടോ. കഴിഞ്ഞ പ്രാവശ്യത്തേതുവെച്ച് തങ്ങളെ അളക്കരുത്. കോൺഗ്രസിന്റെ എത്രപേരാണ് ഓരോ ദിവസവും ബി.ജെ.പിയിലേക്ക് ചാടുന്നത്. പത്മജയടക്കം വലിയ ലീഡർമാരുടെ മക്കൾ വരെ പോയില്ലേ. കാശും സ്ഥാനമാനങ്ങളും തന്നെ കാരണം.
ഇൻഡ്യ മുന്നണിയുടെ സാധ്യത?
വളരെ ഗംഭീരമാകേണ്ടതായിരുന്നു, ഇനിയും സമയമുണ്ട്. യോജിച്ചുനിന്നാലേ, പ്രതീക്ഷയുള്ളൂ. ഓരോ പാർട്ടിയിലും പടലപ്പിണക്കവും തമ്മിൽതല്ലും സ്വരച്ചേർച്ചയില്ലാതെയും വരുമ്പോൾ ആൾക്കാർക്ക് നിരാശ തോന്നും. യോജിച്ചുനിന്നാൽ മുന്നേറാം.
ഇൻഡ്യ മുന്നണിയിൽ പ്രധാനം കോൺഗ്രസാണല്ലോ, കേരളത്തിൽ അവർക്ക് സീറ്റ് കുറഞ്ഞാൽ അത് മുന്നണിക്ക് തിരിച്ചടിയാകില്ലേ?
ഇവിടെ നിന്ന് എൽ.ഡി.എഫ് പോകുന്നതാണ് ഇൻഡ്യ മുന്നണിക്ക് നല്ലത്. വോട്ടർ എന്ന നിലയിൽ കൂടിയാണിത് പറയുന്നത്. അെല്ലങ്കിൽ എപ്പോൾ അപ്പുറത്തേക്ക് ചാടില്ല എന്ന് ഉറപ്പുണ്ടോ? വിജയിച്ച് ഭരണത്തിലേക്ക് എത്താറാകുമ്പോൾ എം.എൽ.എമാർ റിസോർട്ടിലേക്കാണ് മാർച്ച് ചെയ്യുന്നത്. എന്നാൽ, ഒറ്റക്ക് ജയിച്ചുവരുന്ന ഇടതുപക്ഷക്കാർ ഇത്തരം പളപളപ്പുകളിൽ വീഴാറില്ല.
പുതിയ വോട്ടർമാരുടെ പ്രതികരണം?
കോളജുകളിലും മറ്റും വോട്ടർമാരെ തേടിയെത്തുമ്പോൾ വലിയ പോസിറ്റിവ് എനർജിയാണ് ലഭിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് അവർ ബോധവാന്മാരാണ്. ഇടതുപക്ഷ സ്ഥാനാർഥി എന്ന നിലയിൽ എന്നെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ ഉൾക്കൊള്ളുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ കൊല്ലം മണ്ഡലത്തിലെ സാധ്യത?
ഏറ്റവും വലിയ വിജയം കൊല്ലത്ത് എൽ.ഡി.എഫിന് കിട്ടും. മണ്ഡലത്തിലെ ഒരുവട്ടത്തെ പര്യടനത്തിൽ തന്നെ അത് ബോധ്യമായി. ചുട്ടുപഴുത്ത വെയിലിലും അമ്മമാരും സഹോദരിമാരും കാത്തുനിൽക്കുകയാണ്. അവരുടെ ആവേശം വോട്ടായി മാറുമെന്ന് ഉറപ്പിച്ച് പറയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.