ഇനി ഒമ്പതു നാൾ; അങ്കം അവസാന ലാപ്പിലേക്ക്
text_fieldsതിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി ഒമ്പതു നാൾ. അവസാനലാപ്പിൽ ദേശീയ നേതാക്കളെയിറക്കി പോര് മുറുക്കുകയാണ് മുന്നണികൾ. കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധി നയിക്കുന്ന പ്രചാരണത്തിന് കൊഴുപ്പേകാൻ പ്രിയങ്ക ഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാസർകോടുനിന്നും മുതിർന്ന നേതാവ് പ്രകാശ് കാരാട്ട് തിരുവനന്തപുരത്തുനിന്നും തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ടു. രണ്ടുവട്ടം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിയുടെ പടനായകൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാട് വിശദമായി പറയുന്ന മുഖ്യമന്ത്രി വർഗീയതയോടും ബി.ജെ.പിയോടും ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് സമർഥിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ ഭീഷണി തുറന്നുകാട്ടുമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞുള്ള വിമർശനമില്ല. എന്നാൽ, നരേന്ദ്ര മോദി പിണറായി വിജയനെ കടന്നാക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
പ്രധാനമന്ത്രിയുടെ ആരോപണം നിഷേധിക്കുന്നതിനപ്പുറം തുല്യനാണയത്തിലുള്ള തിരിച്ചടി സി.പി.എമ്മിൽനിന്ന് ഉണ്ടായിട്ടില്ല. കോൺഗ്രസ് അത് ആയുധമാക്കുന്നതാണ് കോഴിക്കോട് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കണ്ടത്. 24 മണിക്കൂറും തന്നെ കുറ്റപ്പെടുത്തുന്ന പിണറായി വിജയൻ, ഭരണഘടനയും ജനാധിപത്യവും അപകടത്തിലാക്കിയ നരേന്ദ്ര മോദിക്കെതിരെയും മിണ്ടണം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അങ്കം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ തമ്മിൽ പൊട്ടലും ചീറ്റലുമുണ്ട്. വടകരയിൽ എതിർ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഇടതു സ്ഥാനാർഥി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ വൈകാരികമായി പറഞ്ഞത്.
കെ.കെ. ശൈലജയുടെ പാർട്ടിക്കാർ തെരഞ്ഞെടുപ്പ് ആക്രമണത്തിനും കള്ളവോട്ടിനും കോപ്പുകുട്ടുന്നുവെന്ന് പാനൂർ സ്ഫോടനം ഉയർത്തിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ആരോപണമുന്നയിച്ച് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ തെരഞ്ഞെടുപ്പ് കമീഷൻ താക്കീത് ചെയ്തു. സമാനമായ പരാതികൾ മറ്റുചില മണ്ഡലങ്ങളിൽനിന്ന് കമീഷന്റെ മുന്നിലെത്തിയിട്ടുണ്ട്. വേനൽച്ചൂട് മിക്ക ജില്ലകളിലും 40 ഡിഗ്രിയോട് അടുക്കുകയാണ്. രാഷ്ട്രീയ പോരിലെ താപനില അതുക്കും മേലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.