നാലിടത്ത് കടുത്തു; തൃശൂരും തിരുവനന്തപുരവും ജയിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ച നാലു മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നതായി കെ.പി.സി.സി നേതൃയോഗത്തിൽ വിലയിരുത്തൽ. കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, മാവേലിക്കര മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നതായി കോൺഗ്രസ് വിലയിരുത്തുന്നത്. ഈ നാല് സീറ്റ് ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫിന് ജയിക്കാനാകുമെന്നും യോഗം വിലയിരുത്തി. ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെച്ച തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ കോൺഗ്രസിന് വിജയം ഉറപ്പാണ്. തൃശൂരിൽ കാന്തപുരം വിഭാഗത്തിന്റെയടക്കം മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി.
തിരുവനന്തപുരത്ത് മുസ്ലിംവോട്ടുകൾക്കൊപ്പം ലത്തീൻ ക്രിസ്ത്യൻ, നാടാർ വോട്ടുകളും ശശി തരൂരിന് ലഭിച്ചെന്നും കെ.പി.സി.സി വിലയിരുത്തി. തൃശൂരിൽ 20,000 ൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷമാണ് സ്ഥാനാർഥി കെ. മുരളീധരൻ പങ്കുവെച്ചത്. കണ്ണൂരിൽ സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടക്കത്തിൽ പ്രശ്നമായിരുന്നെന്നും എന്നാൽ, പ്രചാരണത്തിൽ മുന്നേറിയെന്നും വിജയം ഉറപ്പെന്നും സ്ഥാനാർഥി കെ. സുധാകരൻ യോഗത്തിൽ അറിയിച്ചു.
കനത്ത മത്സരം നടന്ന ആറ്റിങ്ങലിൽ എസ്.എൻ.ഡി.പി വോട്ടുകൾ അടൂർ പ്രകാശിന് അനുകൂലമായി മാറിയെന്നും കെ.പി.സി.സി വിലയിരുത്തുന്നു. സ്ഥാനാർഥികളായ കെ. മുരളീധരൻ, എം.കെ. രാഘവൻ എന്നിവർ ജില്ല നേതൃത്വത്തിനെതിരെ യോഗത്തിൽ വിമർശനമുയർത്തി. തൃശൂരിൽ പ്രചാരണത്തിൽ ചില നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കൂടുതൽ പണം ചെലവഴിക്കേണ്ടിവന്നെന്നുമായിരുന്നു കെ. മുരളീധരന്റെ പരാതി. കോഴിക്കോട്ട് പ്രമുഖ നേതാവിന്റെ അണികൾ മാറിനിന്നെന്നും തനിക്കെതിരെ വോട്ടു ചെയ്യാൻ പറഞ്ഞെന്നും എം.കെ. രാഘവനും പറഞ്ഞു.
എന്നാൽ, യോഗത്തിനു ശേഷമുള്ള വാർത്തസമ്മേളനത്തിൽ ഇരുവരും ഇക്കാര്യം നിഷേധിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും യോഗത്തിൽ താൻ ആരെയും വിമർശിച്ചിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. പോളിങ് കുറഞ്ഞത് ഇടതുമുന്നണിക്കാണ് ക്ഷീണമാവുക. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെന്നും കെ.പി.സി.സി നേതൃയോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.