മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശം; തള്ളാനോ കൊള്ളാനോ കഴിയാതെ പാർട്ടി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തിരുത്തലിനുള്ള ആഹ്വാനങ്ങൾക്കിടെ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തള്ളാനോ കൊള്ളാനോ കഴിയാതെ പാർട്ടി. നികൃഷ്ടജീവിയും പരനാറിയും കുലംകുത്തിയുമടക്കം സി.പി.എമ്മിന് പരിക്കേൽപിച്ച മുഖ്യമന്ത്രിയുടെ വാവിട്ട വാക്കുകളുടെ കൂട്ടത്തിലേക്കാണ് മാർ കൂറിലോസിനെതിരെയുള്ള ‘വിവരദോഷി’ പരാമർശവും എത്തിനിൽക്കുന്നത്. ആകസ്മികമായ വികാര വിക്ഷോഭത്താലല്ല, മറിച്ച് മുൻകൂട്ടി കരുതിയുറപ്പിച്ചതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് പ്രസംഗത്തിൽ വ്യക്തമാണ്.
ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നേതാക്കളാരും തയാറായില്ല. സാധാരണ മുഖ്യമന്ത്രി ഏതെങ്കിലും വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയാൽ ന്യായീകരിച്ചും പിന്തുണച്ചും സ്വിച്ചിട്ട പോലെ സമാന രീതിയിൽ കടന്നാക്രമണം തുടങ്ങുന്നതാണ് ഇടത് സൈബർ സംഘങ്ങളുടെ രീതി. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായി 24 മണിക്കൂർ പിന്നിട്ടിട്ടും സൈബറിടങ്ങളിൽ കാര്യമായ പ്രതികരണങ്ങളില്ല.
ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ ചർച്ചകളുണ്ടായിട്ടില്ലെന്നും പിന്നീട് പാർട്ടി കമ്മിറ്റികളൊന്നും ചേർന്നിട്ടില്ലെന്നുമായിരുന്നു ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതികരണം അനുചിതമെന്ന നിലപാടാണ് സി.പി.ഐക്കെങ്കിലും പരസ്യമായി പറയാൻ തയാറല്ല. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരാനിടയുള്ള വിമർശനങ്ങളെ തടയാൻ മുൻകൂട്ടി നൽകിയ പരോക്ഷ താക്കീതാണെന്ന വിലയിരുത്തലുണ്ട്.
മാർ കൂറിലോസിനെതിരെയാണ് പരാമർശമെങ്കിലും ഉന്നംവെച്ചത് മറ്റ് ചിലരെയാണ്. ഭരണവിരുദ്ധവികാരമാണ് ജനവിധിയിൽ മറ നീക്കിയതെന്ന പൊതുവിലയിരുത്തലുള്ള സാഹചര്യത്തിൽ വിശേഷിച്ചും. സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയതെന്ന വിലയിരുത്തലുമായി സി.പി.ഐ നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.