ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച്..
text_fieldsവിജയം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് മൂന്നു മുന്നണികളും നന്നായി പണിയെടുക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. മലയോരം മുതൽ കടലോരം വരെ നീളുന്ന ഭൂപ്രദേശത്തിൽ നടന്നത് അരയും തലയും മുറുക്കിയുള്ള പ്രചാരണം. തുടക്കം മുതൽ പ്രചാരണത്തിൽ നേടിയ മേൽക്കൈ വോട്ടിലും പ്രതിഫലിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. കേന്ദ്രത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ ഇടതുതന്നെ വേണമെന്ന സന്ദേശവും സ്ഥാനാർഥി വി. ജോയി ഈ നാട്ടുകാരനാണ് എന്നതും ഉയർത്തിക്കാട്ടിയാണ് മുഖ്യമായും ഇടതു പ്രചാരണം. പ്രചാരണാവേശങ്ങൾക്കപ്പുറം അടിയൊഴുക്കുകളിലാണ് യു.ഡി.എഫ് പ്രതീക്ഷ. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം, ഭരണവിരുദ്ധ വികാരം എന്നിവ വോട്ടായി മാറിയാൽ കഴിഞ്ഞ തവണത്തെ വിജയം അടൂർ പ്രകാശിന് ആവർത്തിക്കാനാവും. ഈഴവ വോട്ടുകൾ ഫലനിർണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ഈ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കും വിഭജിച്ച് പോകും. ഇതിൽ യു.ഡി.എഫ്, എൽ.ഡി.എഫ് തുടർന്ന് ബി.ജെ.പി എന്ന നിലയിലെ വോട്ട് വിഭജനത്തിനാണ് സാധ്യത.
നില മെച്ചപ്പെടുത്തലിനപ്പുറം ജയിക്കാൻതന്നെയാണ് മത്സരമെന്ന സന്ദേശത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരന്‍റെ പ്രചാരണമെങ്കിലും ഇരുമുന്നണികൾക്കും ലഭിക്കാവുന്ന വോട്ടുവിഹിതം മറികടക്കൽ എളുപ്പമല്ല. ന്യൂനപക്ഷ നിലപാടിനെ യു.ഡി.എഫും എൽ.ഡി.എ
ഫും ഏറെ പ്രാധാന്യത്തോടെ കാണുന്നു. ഇടതിന് അടിത്തറയുള്ള മണ്ഡലമാണെങ്കിലും വർത്തമാനകാല സാഹചര്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കാറുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാൻ സി. പി.എം സംഘടനസംവിധാനം പൂർണതോതിൽ ഉപയോഗിക്കുന്നു. ക്ഷേമ പെൻഷനക്കം മുടങ്ങിയത് കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിച്ചതുകൊണ്ടാണ് എന്നതടക്കം കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങിയുമുള്ള പ്രചാരണത്തിൽ ബോധ്യപ്പെടുത്തുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾമൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു യു.ഡി.എഫ്. കർഷകരും തോട്ടം,കയർ, മത്സ്യ തൊഴിലാളികളുമടക്കം അടിസ്ഥാന ജനവിഭാഗങ്ങൾ നിലവിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇവരുടെ വോട്ടുകൾ ആർക്കാണെന്നതും പ്രധാനമാണ്.
സ്വദേശി സ്ഥാനാർഥി എന്നതിന് വലിയ മുൻതൂക്കം എൽ.ഡി.എഫ് സ്വീകരണ യോഗങ്ങളിലടക്കം നൽകുന്നു. എന്നാൽ, അഞ്ചു വർഷം എം.പി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച തേടുന്ന അടൂർപ്രകാശിന്റെ സ്വീകാര്യത ഇത്തവണയും വോട്ടാവുമെന്ന ആത്മവിശ്വാസം യു.ഡി.എഫിന് നന്നായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.