ചാലക്കുടി: യു.ഡി.എഫ് തന്നെ
text_fieldsഇടതുപക്ഷത്തേക്ക് ചായാൻ മടിയില്ലാത്ത വലതു മനസ്സുള്ള മണ്ഡലമായി അറിയപ്പെടുന്ന ചാലക്കുടിയിൽ തിളക്കം കുറഞ്ഞാലും വിജയം ഇക്കുറി യു.ഡി.എഫിനെ കൈവിടില്ലെന്നാണ് സൂചന. കാര്യമായ നെഗറ്റിവുകളില്ലാത്ത സിറ്റിങ് എം.പി, ട്വന്‍റി ട്വന്‍റിയുടെ സാന്നിധ്യം, ക്ലീൻ ഇമേജുള്ള ഇടതു സ്ഥാനാർഥി, ബി.ഡി.ജെ.എസിന്റെ വരവ്, ന്യൂനപക്ഷ വോട്ടുകൾ, യാക്കോബായ സഭയുടെ പരസ്യ രാഷ്ട്രീയനിലപാട് എന്നിവയെല്ലാം ഘടകങ്ങളാകുന്ന മണ്ഡലം വാശിയേറിയ പ്രചാരണത്തിനാണ് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,32,274 വോട്ടായിരുന്നു ബെന്നി ബെഹനാന്‍റെ ഭൂരിപക്ഷം. സ്ഥാനാർഥിയുടെ മികവാണ് എൽ.ഡി.എഫിന്‍റെ തുറുപ്പുശീട്ട്. മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനെ രംഗത്തിറക്കി കാടിളക്കിയുള്ള പ്രചാരണമാണ് നടന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ, ആലുവ, അങ്കമാലി, ചാലക്കുടി മണ്ഡലങ്ങളിൽ യു.ഡി.എഫിനായിരുന്നു വിജയം. കുന്നത്തുനാടും കയ്പമംഗലവും കൊടുങ്ങല്ലൂരും ഇടതിനൊപ്പവും നിന്നു. പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനക്കാരായിരുന്നു. കുന്നത്തുനാട്ടിൽ ഇക്കുറി വോട്ടുനിലയിൽ ഇവർ മുന്നിൽ വന്നാലും അത്ഭുതപ്പെടാനില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഡ്വ. ചാർളി പോൾ 75,000 വോട്ടിന് മുകളിൽ നേടുമെന്നാണ് വിലയിരുത്തൽ. പ്രചാരണത്തിൽ മുന്നണി സ്ഥാനാർഥികൾക്ക് ഒട്ടും പിന്നിലായിരുന്നില്ല അവരും.
ആലുവ, അങ്കമാലി മണ്ഡലങ്ങളിൽ യു.ഡി.എഫ് കാര്യമായ തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. പെരുമ്പാവൂരിൽ കടുത്ത പോരാട്ടമാണ്. ചാലക്കുടിയിൽ മുന്നണികൾ ഏറക്കുറെ ഒപ്പത്തിനൊപ്പം. കയ്പമംഗലത്ത് എൽ.ഡി.എഫ് മുൻതൂക്കം പ്രതീക്ഷിക്കുന്നു. കൊടുങ്ങല്ലൂരിൽ ഇരുമുന്നണികളും പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ.എൻ. രാധാകൃഷ്ണൻ 1,54,159 വോട്ടാണ് നേടിയത്. ഇക്കുറി ബി.ഡി.ജെ.എസ് മത്സരിക്കുന്ന ഇവിടെ കെ.എ. ഉണ്ണികൃഷ്ണന് നില മെച്ചപ്പെടുത്താനാകുമോയെന്ന സംശയം എൻ.ഡി.എ കേന്ദ്രങ്ങൾക്കു തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.