എറണാകുളം: വിജയം ഉറപ്പിച്ച് ഹൈബി
text_fieldsഇത്തവണ യു.ഡി.എഫ് സ്വന്തം അക്കൗണ്ടിലേക്ക് മുൻകൂട്ടി വരവുവെച്ച ലോക്സഭ മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. 1952ലെ തിരു-കൊച്ചി കാലം മുതൽ ഇതുവരെ നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പിലും മണ്ഡലം തങ്ങളോട് പുലർത്തിയ അനുഭാവമാണ് ഈ ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ, മണ്ഡലത്തിന്‍റെ മനസ്സ് ഇത്തവണ മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയുണ്ട് എൽ.ഡി.എഫിന്. അട്ടിമറികളും അപ്രതീക്ഷിത അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്നില്ല എന്നിരിക്കെ തുടർച്ചയായി രണ്ടാം തവണയും യു.ഡി.എഫ് സ്ഥാനാർഥിയായ സിറ്റിങ് എം.പി ഹൈബി ഈഡനുതന്നെയാണ് വിജയസാധ്യത. എന്നാൽ, 2019ൽ സി.പി.എമ്മിലെ പി. രാജീവിനെതിരെ 1,69,153 എന്ന റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കിയ ഹൈബിക്ക് ഇത്തവണ അത് കുറഞ്ഞേക്കും.
രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം എറണാകുളത്ത് ഇതുവരെ ലോക്സഭയിലേക്ക് നടന്ന 19 തെരഞ്ഞെടുപ്പുകളിൽ 14 തവണയും വിജയിച്ചത് യു.ഡി.എഫാണ്. 15 വർഷമായി മണ്ഡലം യു.ഡി.എഫിന്‍റെ കൈയിലുമാണ്. ഈ പാരമ്പര്യമാണ് യു.ഡി.എഫ് പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ, നിർണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ മണ്ഡലം മാറിച്ചിന്തിച്ചിട്ടുണ്ടെന്നതിന് തെളിവായി അഞ്ച് വിജയങ്ങളുടെ കണക്ക് എൽ.ഡി.എഫ് നിരത്തുന്നു. എറണാകുളത്ത് ഇത്തവണ പല പരിഗണനകൾക്കുമൊടുവിലാണ് ഇടത് അധ്യാപക സംഘടന നേതാവും പറവൂർ നഗരസഭ കൗൺസിലറുമായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയായി എൽ.ഡി.എഫ് നിശ്ചയിച്ചത്. മണ്ഡലത്തിലെ നിർണായക വോട്ട് ബാങ്കുകളിൽ ഒന്നായ ലത്തീൻ സഭയുമായുള്ള അടുത്ത ബന്ധം, വനിത പ്രാതിനിധ്യം തുടങ്ങിയവ പരിഗണിച്ചാണ് പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽനിന്ന് കണ്ടെത്തിയ സ്ഥാനാർഥിയെ സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. പുതുമുഖത്തിന്‍റെ പരിമിതികൾ മറികടന്ന് അടിത്തട്ടുകളിലടക്കം ചിട്ടയായ പ്രചാരണം നടത്താനും പ്രസംഗത്തിലും നിലപാടുകളിലും സ്ത്രീ വോട്ടർമാരെയടക്കം ആകർഷിക്കാനും അവർക്ക് കഴിഞ്ഞു. ഇത് എൽ.ഡി.എഫിന്‍റെ വോട്ട് വിഹിതം വർധിപ്പിച്ചേക്കും.
രണ്ട് തവണ എം. എൽ.എയും അഞ്ച് വർഷം എം.പിയുമായി വോട്ടർമാർക്കിടയിൽ സൃഷ്ടിച്ചെടുത്ത വ്യക്തിപ്രഭാവവും കാര്യമായ ആരോപണങ്ങൾക്ക് ഇടനൽകിയില്ല എന്നതുമാണ് ഹൈബിയുടെ കൈമുതൽ. മണ്ഡലത്തിൽ സുപരിചിതനായ സ്ഥാനാർഥിക്ക് നിലവിലെ സാഹചര്യത്തിൽ വിജയിക്കാൻ അത്ര വിയർക്കേണ്ടതില്ലെങ്കിലും പ്രചാരണത്തിൽ തരിമ്പും അശ്രദ്ധയോ അലസതയോ ഉണ്ടായതുമില്ല. എന്നാൽ, കെ.ജെ. ഷൈൻ അവസാനഘട്ടത്തിൽ വോട്ടർമാർക്കിടയിൽ നേടിയ സ്വാധീനവും ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയുടെ സാന്നിധ്യവും ഹൈബിയുടെ ഭൂരിപക്ഷത്തിൽ ഇടിവ് ഉണ്ടാക്കിയേക്കുമെന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പിൽ പോലുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് കീഴിലെ മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥികൾ മുക്കാൽ ലക്ഷത്തിലേറെ വോട്ട് നേടിയിരുന്നു. കിട്ടാവുന്നത്ര വോട്ട് സമാഹരിക്കുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങളോ സാധ്യതകളോ എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന് മുന്നിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.