കണ്ണൂർ: ഒപ്പത്തിനൊപ്പം
text_fields2019ൽ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ. സുധാകരൻ ജയിച്ചുകയറിയ കണ്ണൂരിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. പഴുതടച്ച പ്രചാരണത്തിലൂടെ മണ്ഡലം നിറഞ്ഞുനിൽക്കുകയാണ് എം.വി. ജയരാജൻ. പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ ഏറക്കുറെ ഒപ്പത്തിനൊപ്പമാണ് ഇരു മുന്നണികളും. 2019 ആവർത്തിക്കുമോ, അതോ 2014ലേതുപോലെ എൽ.ഡി.എഫ് തിരിച്ചുവരുമോ എന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതി. കെ.പി.സി.സിയുടെ കണക്കിൽ ‘ടൈറ്റ് ഫൈറ്റും’ എൽ.ഡി.എഫ് കണക്കിൽ ‘പ്രതീക്ഷ’യുമായ മണ്ഡലമാണ് കണ്ണൂർ.
നാല് കാര്യങ്ങളാണ് എൽ.ഡി.എഫിന് പ്രതീക്ഷയേറ്റുന്നത്. എം.പിയെന്ന നിലയിൽ കെ. സുധാകരന്റെ അഞ്ചുവർഷത്തെ പ്രവർത്തനവും പാർലമെന്റിലെ പ്രകടനവുമാണ് ഒന്നാമത്തേത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിലും ധർമടത്തും നേടിയ 60 ശതമാനം വരുന്ന വോട്ട് വിഹിതമാണ് അടുത്തത്. യു.ഡി.എഫ് സ്വാധീനമുള്ള ഇരിക്കൂർ, പേരാവൂർ, കണ്ണൂർ മണ്ഡലങ്ങളെ മറികടക്കാൻ കഴിയുന്നതാണ് ഈ വോട്ട് വിഹിതം. ന്യൂനപക്ഷങ്ങളിൽ, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനിടയിൽ കോൺഗ്രസ് നേതാക്കളെക്കുറിച്ച വിശ്വാസമില്ലായ്മയും പൗരത്വവിഷയം പോലുള്ള കാര്യങ്ങളിലെ ഒളിച്ചുകളിയുമാണ് മറ്റൊന്ന്. സമസ്തയിലെ ഒരു വിഭാഗം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ വേറെ. ഇതെല്ലാം ഒത്തുവന്നാൽ, 2014ൽ 6566 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.കെ. ശ്രീമതിയെ പോലെ എം.വി. ജയരാജനും ജയിച്ചുകയറും-ഇങ്ങനെയാണ് എൽ.ഡി.എഫ് കണക്ക്.
2019ലെ ഭൂരിപക്ഷം ഇത്തവണയില്ലെന്ന് യു.ഡി.എഫും സമ്മതിക്കുന്നു. തുടക്കത്തിൽ അൽപം പിന്നിലായിരുന്ന പ്രചാരണം ഇപ്പോൾ മുന്നിലെത്തിയെന്നാണ് മുന്നണി വിലയിരുത്തൽ. മുസ്ലിംലീഗ് പ്രവർത്തകർകൂടി സജീവമായതോടെ യു.ഡി.എഫ് ക്യാമ്പ് ശക്തമായി. മണ്ഡലത്തിലെ മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്ന് യു.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നു. സർക്കാർ-എൽ.ഡി.എഫ് വിരുദ്ധ വോട്ടും ബി.ജെ.പിക്ക് ലഭിക്കാവുന്ന വോട്ടും അനുകൂലമാവും. എല്ലാറ്റിനുമുപരി, എതിർസ്ഥാനാർഥിയെ അപേക്ഷിച്ച് സ്വന്തമായി വോട്ട് ബാങ്കുള്ള നേതാവാണ് കെ. സുധാകരൻ എന്നതും യു.ഡി.എഫ് പ്രതീക്ഷ വർധിപ്പിക്കുന്നു.
പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമായാലും ന്യൂനപക്ഷ വോട്ടുകൾ കണ്ണൂരിലും നിർണായകമാണ്. കഴിഞ്ഞതവണ 8,142ഉം 2014ൽ 19169ഉം വോട്ട് നേടിയ എസ്.ഡി.പി.ഐ ഇത്തവണ യു.ഡി.എഫിനൊപ്പമാണ്. വെൽഫെയർ പാർട്ടിയും പിന്തുണക്കുന്നു. ക്രൈസ്തവ വോട്ടുകളിൽ നല്ലൊരു ശതമാനം യു.ഡി.എഫിന് അനുകൂലമാവാനാണ് സാധ്യത. എന്നാൽ സുന്നി സമസ്തയിലെ ഒരു വിഭാഗം ഒപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.
ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥ് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ വോട്ട് സമാഹരിക്കുക കൂടി ചെയ്താൽ എൽ.ഡി.എഫിന് ഗുണമാവും. മറിച്ചാണെങ്കിൽ കെ. സുധാകരൻ ഒരുവട്ടം കൂടി തെരഞ്ഞെടുക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.