കാസർകോട്: ബലാബലം
text_fieldsലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് -യു.ഡി.എഫ് ബലാബലം മാറി മറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. തുടക്കത്തിൽ എൽ.ഡി.എഫ് ബഹുദൂരം മുന്നിലായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞപ്പോൾ രണ്ട് മുന്നണികളും ഒപ്പമെത്തി. അതിനിടയിൽ നോമ്പുകാലത്ത് പിന്നോട്ടുപോയ യു.ഡി.എഫ് ക്യാമ്പുകൾ വലിയ മാറ്റമില്ലാതെ തുടരുകയാണ്. പ്രചാരണരംഗവും അടിത്തട്ടിലെ ശാസ്ത്രീയ രീതികളും വെച്ചുനോക്കുമ്പോൾ ഇടതുപക്ഷം ഇപ്പോൾ ഒരടിയിലേറെ മുന്നിലാണ്. എന്നാൽ പൗരത്വ ഭേദഗതി, സംസ്ഥാന സർക്കാറിനെതിരെയുള്ള വികാരം എന്നീ നിശ്ശബ്ദ ഘടകങ്ങൾ യു.ഡി.എഫിനൊപ്പമാണ്.
യു.ഡി.എഫിന്റെ താര പ്രചാരകർ മത്സര രംഗത്തായതിനാൽ അവരുടെ യോഗങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. ഇടതുപക്ഷ യോഗങ്ങൾ വലിയ ജനക്കൂട്ടങ്ങളാൽ ശ്രദ്ധേയവുമാണ്. ഇടതുപക്ഷത്തിന് മറികടക്കേണ്ടത് കേവലം 40438 വോട്ട് മാത്രമാണ്. 2019ൽ സ്വന്തം വോട്ട് ബാങ്കുകളിലേറ്റ അപ്രതീക്ഷിത തിരിച്ചടി മറികടക്കാനുള്ള സൂക്ഷ്മതല യോഗങ്ങൾ ഇപ്പോൾ നടക്കുകയാണ്. ഓരോ വോട്ടും തപ്പിയെടുത്തും ഒപ്പിയെടുത്തും അടിയേറ്റ ഭാഗങ്ങളിൽ ചികിത്സിക്കുകയെന്ന തന്ത്രമാണ് അവസാന ലാപ്പിൽ ഇടതുപക്ഷം നടത്തുന്നത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളാണ് 2019ൽ ഇടതുപക്ഷത്തെ പറ്റിച്ചത്. അവ നിയമസഭയിൽ തിരിച്ചുപിടിച്ചിരുന്നു. അത് നിലനിർത്താനായാൽ എൽ.ഡി.എഫ് വിജയം സുനിശ്ചിതം.
അവസാനലാപ്പിലെ തന്ത്രം രൂപപ്പെടുത്തുന്നതിനുമുമ്പ് എടുത്ത കണക്കിൽ 20000 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫ് കാണുന്നു. എ.പി കാന്തപുരം വിഭാഗത്തിന്റെ വോട്ട് ഇതിൽപെടില്ല. അതേസമയം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഉണ്ണിത്താൻ എന്ന സ്ഥാനാർഥിയുടെ യാഗാശ്വം മാത്രമാണ് പ്രകടം. മൈക്രോലെവൽ പ്രവർത്തനങ്ങൾ സജീവമല്ല. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് അവർ കൂടുതൽ ഊർജിതമാകേണ്ടത്. അത് വേണ്ടത്ര നടന്നിട്ടില്ല. പൗരത്വ വിഷയത്തിൽ ന്യൂനപക്ഷം യു.ഡി.എഫ് അനുകൂലമാണ്. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടത് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടായി യു.ഡി.എഫ് പ്രചരിപ്പിക്കുന്നു. സംസ്ഥാന സർക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും അവർക്ക് അനുകൂലം. ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾ ഇടതിനൊപ്പവും രാഷ്ട്രീയ സാമൂഹിക ഘടകങ്ങൾ യു.ഡി.എഫിനൊപ്പവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.